‘അറേബ്യയിലെ പരിശുദ്ധ മാതാവ് കാവലാകട്ടെ’; യുദ്ധഭീതിയില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായി ഗള്‍ഫിലെ വിശ്വാസസമൂഹം


പശ്ചിമേഷ്യയില്‍ സംഘര്‍ഷം പടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലെ 20 ലക്ഷത്തിലധികം വരുന്ന കത്തോലിക്കാ വിശ്വാസികളോട് സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ സഭാ നേതൃത്വം ആഹ്വാനം ചെയ്തു. സതേണ്‍ അറേബ്യ, നോര്‍ത്തേണ്‍ അറേബ്യ എന്നീ രണ്ട് അപ്പസ്‌തോലിക് വികാരിയേറ്റുകളുടെയും ബിഷപ്പുമാര്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് സമാധാന സന്ദേശം കൈമാറിയത്.

‘അറേബ്യയിലെ പരിശുദ്ധ മാതാവ് (Our Lady of Arabia) നമുക്കേവര്‍ക്കും കാവലാകട്ടെ’ എന്ന പ്രാര്‍ത്ഥനയോടെയാണ് ബിഷപ്പുമാര്‍ തങ്ങളുടെ സന്ദേശം ആരംഭിച്ചത്.

മേഖലയുടെ സുരക്ഷയ്ക്കും സമാധാനത്തിനുമായി പ്രാര്‍ത്ഥനയില്‍ ഒന്നിക്കേണ്ട സമയമാണിത്. എല്ലാ ദിവസവും സമാധാനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനും വിശുദ്ധ കുര്‍ബാനകളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉള്‍പ്പെടുത്താനും ഓര്‍മിപ്പിക്കുന്നു എന്ന് അബുദാബി ആസ്ഥാനമായുള്ള സതേണ്‍ വികാരിയേറ്റ് ബിഷപ് പോളോ മാര്‍ട്ടിനെല്ലി ഓര്‍മ്മിപ്പിച്ചു.

വിശ്വാസികള്‍ പ്രാദേശിക അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രായമായവര്‍, രോഗികള്‍, ദുര്‍ബലര്‍ എന്നിവരെ പ്രത്യേകം കരുതി കാരുണ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്നും ബഹ്‌റൈന്‍ ആസ്ഥാനമായുള്ള നോര്‍ത്തേണ്‍ വികാരിയേറ്റ് ബിഷപ് ആല്‍ഡോ ബെറാര്‍ഡി ആവശ്യപ്പെട്ടു.

ഗള്‍ഫിലെ കത്തോലിക്കാ സഭ
അറേബ്യന്‍ ഉപദ്വീപിലെ സഭാ പ്രവര്‍ത്തനങ്ങള്‍ രണ്ട് പ്രധാന വികാരിയേറ്റുകളിലായാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. അപ്പസ്‌തോലിക് വികാരിയേറ്റ് ഓഫ് നോര്‍ത്തേണ്‍ അറേബ്യ: ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. ആസ്ഥാനം: അവാലി, ബഹ്‌റൈന്‍.
അപ്പസ്‌തോലിക് വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (UAE), ഒമാന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. ആസ്ഥാനം: അബുദാബി.

കപ്പൂച്ചിന്‍ ഫ്രാന്‍സിസ്‌കന്‍ സഭയുടെ മേല്‍നോട്ടത്തില്‍ നൂറോളം വൈദികരും എണ്‍പതോളം കന്യാസ്ത്രീകളും നൂറുകണക്കിന് വോളന്റിയര്‍മാരും ചേര്‍ന്നാണ് ഈ രണ്ട് മേഖലകളിലുമുള്ള ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ആത്മീയ ശുശ്രൂഷകള്‍ നല്‍കുന്നത്.

അറേബ്യയിലെ പരിശുദ്ധ മാതാവ്
പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ ആദ്യത്തെ ബസിലിക്ക എന്ന പദവി ബഹ്‌റൈനിലെ ‘ഔര്‍ ലേഡി ഓഫ് അറേബ്യ’ ദേവാലയത്തിനാണ്. പോപ്പ് ലിയോ പതിനാലാമന്‍ ഈ പള്ളിയെ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തിയിരുന്നു. എല്ലാ വര്‍ഷവും ജനുവരി മാസത്തിലാണ് ഔര്‍ ലേഡി ഓഫ് അറേബ്യയുടെ തിരുനാള്‍ ആഘോഷിക്കുന്നത്.