പൗരോഹിത്യ വിളി ഒന്നാണെങ്കിലും ഐക്യത്തിലാണ് ദൈവാനുഗ്രഹം: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍


സ്നേഹത്തിലേക്കുള്ള വിളിയിലൂടെയാണ് സഭ ഒരുമയുടെ കൂട്ടായ്മയിലേക്ക് വളരുന്നതെന്നും, ആ കൂട്ടായ്മയിലാണ് ദൈവം കൃപയും അനുഗ്രഹവും ചൊരിയുന്നതെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. പൗരോഹിത്യ വിളി ഒന്നാണെങ്കിലും ഐക്യത്തിലാണ് ദൈവാനുഗ്രഹം കുടികൊള്ളുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രൂപതാ വൈദികരുടെ പൊതുമാസധ്യാനത്തിനും വിശുദ്ധ മൂറോന്‍ വെഞ്ചരിപ്പിനും ശേഷം താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

രൂപതയിലെ വൈദികരുടെ സാന്നിധ്യത്തില്‍ മെത്രാന്‍ നിര്‍വ്വഹിക്കുന്ന വിശുദ്ധ മൂറോന്‍ വെഞ്ചരിപ്പ് സഭയുടെ വലിയൊരു പ്രഖ്യാപനവും ഉത്തരവാദിത്തവുമാണ്. പരിശുദ്ധ ത്രിത്വത്തിന്റെ സജീവമായ ഇടപെടലിലൂടെയാണ് അഭിഷേക തൈലം നമ്മെ വിശുദ്ധീകരിക്കുന്നത്. സ്‌നേഹവും കൂട്ടായ്മയുമാണ് സഭയുടെ യഥാര്‍ത്ഥ ശക്തിയെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

താമരശ്ശേരി രൂപത റൂബി ജൂബിലിയുടെ നിറവില്‍ നില്‍ക്കുമ്പോള്‍, കഴിഞ്ഞ നാല്പതു വര്‍ഷം നമ്മെ നയിച്ചത് ദൈവത്തോടുള്ള ചേര്‍ന്നുനില്‍പ്പാണെന്ന് ബിഷപ് അനുസ്മരിച്ചു. ദൈവജനത്തെ ഒരൊറ്റ കുടുംബമായി ചേര്‍ത്തുപിടിച്ചപ്പോഴാണ് രൂപതയ്ക്ക് വലിയ വളര്‍ച്ച നേടാനായതെന്നും അദ്ദേഹം പറഞ്ഞു.

ദിവ്യബലിയില്‍ രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ഫാ. ജെയിംസ് കിളിയനാനി എന്നിവര്‍ സഹകാര്‍മികരായി. തിരുകര്‍മ്മങ്ങളില്‍ രൂപതാ വൈദികര്‍, വിവിധ സന്യാസ സമൂഹങ്ങളുടെ സുപ്പീരിയര്‍മാര്‍, സമര്‍പ്പിതര്‍, അല്‍മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.