വിശുദ്ധ ഫ്രാന്‍സിസ് അസിസ്സിയുടെ മരണത്തിന്റെ എണ്ണൂറാം വര്‍ഷാചരണത്തിന്റെ ഭാഗമായി ലെയോ പതിനാലാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച ഫ്രാന്‍സിസ്കന്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ സെന്റ് അല്‍ഫോന്‍സ ഫൊറോന പള്ളി, ഫ്രാന്‍സിസ്കന്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി. ഏപ്രില്‍ 12 ഞായറാഴ്ച വൈകുന്നേരം 04.30 ന് താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ഡിക്രി വായിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. പ്രത്യേകം സജ്ജമാക്കിയ വിശുദ്ധ വാതില്‍ തുറക്കുകയും വിശുദ്ധ ഫ്രാന്‍സീസ് അസ്സിസ്സിയുടെ തിരുസ്വരൂപം പള്ളിയില്‍ പ്രതിഷ്ഠിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.
അസ്സിസ്സി പുണ്യവാന് സഭ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അഴമേറിയ ആദ്ധ്യാത്മികത ഉള്ള വിശുദ്ധനായിരുന്നുവെന്നും ഇന്നും അദ്ധേഹം വിശ്വാസികള്‍ക്ക് മാത്രമല്ല സര്‍വ്വ ലോകത്തിനും മാതൃകയും വഴികാട്ടിയും ആണെന്നും വിശുദ്ധന്റെ മാധ്യസ്ഥവും മാതൃകയും തേടുന്നവര്‍ക്ക് വലിയ ഉണര്‍വ്വാണ് ജീവിതത്തില്‍ ലഭിക്കുന്നതെന്നും മോണ്‍. അബ്രഹാം വയലില്‍ സൂചിപ്പിച്ചു.
മലപ്പുറം ജില്ലയിലെ ഏക ഫ്രാന്‍സിസ്കന്‍ തീര്‍ത്ഥാടനകേന്ദ്രമാണ് പെരിന്തല്‍മണ്ണ സെന്റ്. അല്‍ഫോന്‍സ ഫൊറോന പള്ളി. 2027 ജനുവരി 10 വരെ, എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുര്‍ബാനയും പ്രത്യേക ശൂശ്രൂഷകളും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജില്‍സ് കാരികുന്നേല്‍ പറഞ്ഞു.
1226 ഒക്ടോബര്‍ 3-ന് ആണ് വിശുദ്ധ ഫ്രാന്‍സിസ് അസ്സിസ്സി ഇറ്റലിയിലെ പോര്‍സ്യുങ്കുള പള്ളിയില്‍ വച്ച് മരണത്തെ സഹോദരി എന്ന് വിളിച്ച് സ്വാഗതം ചെയ്തത്. 1228 ജൂലൈ 16 ന് വിശുദ്ധ ഗ്രിഗറി ഒന്പതാമന് മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി ഉയര്‍ത്തി. ഫ്രാന്‍സിസ്കന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വന്ന് അനുരഞ്ജന കൂദാശ സ്വീകരിച്ച് വി. കുര്‍ബാന സ്വീകരിക്കുക, വിശുദ്ധ ഫ്രാന്‍സിസ് അസ്സിസ്സിയോട് മാധ്യസ്ഥം പ്രാര്‍ത്ഥിക്കുക, മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക, ദാനധര്‍മ്മം ചെയ്യുക എന്നിവ അനുഷ്ഠിക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം മാര്‍പാപ്പ അനുവദിച്ചിട്ടുണ്ട്.
