താമരശ്ശേരി രൂപതയില്‍ കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രിക്ക് തുടക്കമാകുന്നു; മെയ് 2-ന് ഉദ്ഘാടനം


മാനസികാരോഗ്യ രംഗത്ത് കാരുണ്യസ്പര്‍ശവുമായി താമരശ്ശേരി രൂപതയില്‍ ‘കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി’ പ്രവര്‍ത്തനമാരംഭിക്കുന്നു. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (CBCI) ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രിയുടെ രൂപതാതല യൂണിറ്റിന്റെ ഉദ്ഘാടനം 2026 മെയ് 2, ശനിയാഴ്ച രാവിലെ 9.30-ന് താമരശ്ശേരി രൂപതാ കേന്ദ്രത്തില്‍ നടക്കും. മാനസിക സംഘര്‍ഷങ്ങള്‍ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ഈ കാലഘട്ടത്തില്‍, സഹോദരങ്ങളെ ആത്മീയമായും ശാസ്ത്രീയമായും കേള്‍ക്കാനും അവരെ മാനസികാരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് ഈ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്.

മാനസികാരോഗ്യത്തെക്കുറിച്ച് സമൂഹത്തില്‍ ശരിയായ അവബോധം സൃഷ്ടിക്കുക, പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് പ്രാര്‍ത്ഥനയിലൂടെയും കൗണ്‍സിലിങ്ങിലൂടെയും ആശ്വാസം പകരുക, വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുക തുടങ്ങിയവയാണ് ഈ മിനിസ്ട്രിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കൂടാതെ മാനസിക പ്രയാസങ്ങളില്‍ നിന്ന് വിമുക്തി നേടിയവരെ സമൂഹത്തിന്റെയും സഭയുടെയും മുഖ്യധാരയിലേക്ക് തിരികെ എത്തിക്കാനും ഈ സംരംഭം മുന്‍കൈ എടുക്കും. കോഴിക്കോട് മേരിക്കുന്ന് ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാന്‍ ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൗകര്യമൊരുക്കും.

ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠത്തിലാണ് മിനിസ്ട്രിക്ക് നേതൃത്വം നല്‍കുന്നത്. ആരും ഒറ്റയ്ക്കല്ലെന്നും സഹനങ്ങളില്‍ ക്രിസ്തുവും സഭയും കൂടെയുണ്ടെന്നുമുള്ള ഉറച്ച ബോധ്യം വിശ്വാസികളില്‍ എത്തിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ അന്തസ്സത്തയെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഇതുസംബന്ധിച്ചിറക്കിയ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. മെയ് 2-ന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിലേക്ക് വൈദികരെയും സന്യസ്തരെയും അത്മായ സഹോദരങ്ങളെയും സ്വാഗതം ചെയ്യുന്നതായും രൂപതാ കേന്ദ്രം അറിയിച്ചു.