വര്‍ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമേകാനും പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് ആശ്വാസവും കരുതലും ലഭ്യമാക്കാനുമായി ‘കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി’ താമരശ്ശേരി രൂപതയില്‍ പ്രവര്‍ത്തനമാരംഭിച്ചു. രൂപതാ കേന്ദ്രത്തിലെ അല്‍ഫോന്‍സാ ഹാളില്‍ നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ആധുനിക കാലഘട്ടം നേരിടുന്ന ഗുരുതരമായ സാമൂഹിക വിപത്തായ ആത്മഹത്യയെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ ബിഷപ് പ്രത്യേകം പരാമര്‍ശിച്ചു. കഠിനമായ മാനസിക വിഷമങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് താങ്ങാവുകയും അവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള പ്രത്യാശ നല്‍കുകയുമാണ് ഈ ശുശ്രൂഷയുടെ പ്രാഥമിക ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ജാതി-മത ഭേദമന്യേ സഹായം ആവശ്യമുള്ള ഏവര്‍ക്കും സഭയുടെ ഈ മിനിസ്ട്രി പ്രയോജനപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരത കത്തോലിക്കാ മെത്രാന് സമിതിയുടെ കീഴിലുള്ള അസോസിയേഷന് ഓഫ് കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രിയുടെ ഭാഗമായാണ് ഈ പുതിയ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ തിരുത്തുക, ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, കൗണ്‍സിലിങ് ലഭ്യമാക്കുക എന്നിവയ്ക്കൊപ്പം വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതും മിനിസ്ട്രിയുടെ പ്രധാന ചുമതലകളായിരിക്കും.
കോഴിക്കോട് മേരിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ മേഖലയില്‍ സേവനം ചെയ്യാന്‍ താല്പര്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്കായി പ്രത്യേക പരിശീലന പരിപാടികളും ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കുന്നുണ്ട്.
ചടങ്ങില്‍ മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി രൂപതാ ഡയറക്ടര്‍ ഫാ. കുര്യന് പുരമഠം അധ്യക്ഷത വഹിച്ചു. രൂപത ചാന്‍സലര്‍ ഫാ. സുബിന് കാവളക്കാട്ട്, ഫാ. സായി പാറന്‍കുളങ്ങര, ഫാ. ജോജി എന്നിവര്‍ പ്രസംഗിച്ചു.
