താമരശ്ശേരി രൂപതയുടെ പതിമൂന്നാമത് പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെ രണ്ടാമത് സമ്മേളനം താമരശ്ശേരി ബിഷപ്സ് ഹൗസില്‍ നടന്നു. രൂപതയുടെ ഭാവി പ്രവര്‍ത്തനങ്ങളും അജപാലന ദൗത്യങ്ങളും വിലയിരുത്തിയ സമ്മേളനത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു.
ദൈവജനത്തിന്റെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങള്‍ക്കൊപ്പം വൈദികരുടെയും സമര്‍പ്പിതരുടെയും ജീവിത സാഹചര്യങ്ങളും ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ടെന്ന് ബിഷപ് പറഞ്ഞു. സ്‌നേഹത്തിലും ആത്മീയതയിലും അധിഷ്ഠിതമായ സഭാ കൂട്ടായ്മയാണ് വളര്‍ത്തേണ്ടതെന്നും, ഭൗതിക സാഹചര്യങ്ങളെ പരിഗണിക്കുമ്പോഴും ദൈവഹിതം മനസ്സിലാക്കി മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദൈവവിളികള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും, നല്ല ദൈവവിളികളിലൂടെയാണ് ആത്മീയമായ മികച്ച നേതൃത്വം സഭയ്ക്ക് ലഭിക്കുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. കുടുംബങ്ങളില്‍ വിശ്വാസം വളര്‍ത്തുന്നതിനും ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വൈദികര്‍ ഇടവകകളിലും ശുശ്രൂഷാ മേഖലകളിലും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഫാ. ജ്യോതിസ് ചെറുശ്ശേരിലിന്റെ പ്രാര്‍ത്ഥനയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് മോണ്‍. അബ്രഹാം വയലില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസ്’ ചാക്രിക ലേഖനത്തെക്കുറിച്ച് ഫാ. ജോര്‍ജ് മുണ്ടനാട്ട് വിശദീകരിച്ചു. നിര്‍മിതബുദ്ധിയുടെ കാലഘട്ടത്തില്‍ മനുഷ്യ മഹത്വത്തിനും മൂല്യങ്ങള്‍ക്കും നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മനുഷ്യനെ അവഗണിച്ചുകൊണ്ടുള്ള സാങ്കേതിക വളര്‍ച്ച മനുഷ്യകുലത്തിന് വെല്ലുവിളിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കത്തോലിക്കാ സഭയുടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്ന തരത്തിലാണ് ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയെന്നും ലഹരി വിരുദ്ധ അവബോധം സൃഷ്ടിക്കാനായി സര്‍ക്കാരിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആഹ്വാനം ചെയ്തു.
കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് രൂപതയുടെ വളര്‍ച്ചയ്ക്കും ദൈവജനത്തിന്റെ അജപാലനപരമായ സംരക്ഷണത്തിനും ആവശ്യമായ വിവിധ വിഷയങ്ങള്‍ കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്തു. കൂടുതല്‍ ശ്രദ്ധയും അടിയന്തര ഇടപെടലും ആവശ്യമായ മേഖലകളും യോഗം വിലയിരുത്തി.
ജൂലൈയില്‍ നടക്കുന്ന അഖണ്ഡജപമാല സമര്‍പ്പണം, താമരശ്ശേരി രൂപതയുടെ ഭരണങ്ങാനം തീര്‍ത്ഥാടനം, വിയാനി ഡേ ആഘോഷങ്ങള്‍ എന്നിവയുടെ മുന്നൊരുക്കങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായി.
രൂപതയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും അജപാലന ദൗത്യങ്ങള്‍ക്കും കൂടുതല്‍ കരുത്ത് പകരുന്ന നിര്‍ദേശങ്ങളോടെയാണ് പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സമ്മേളനം സമാപിച്ചത്.
