ശസ്ത്രക്രിയ കഴിഞ്ഞു, ഫ്രാന്‍സിസ് പാപ്പ സുഖം പ്രാപിക്കുന്നു
മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ സുഖം പ്രാപിക്കുന്നു. വത്തിക്കാന്‍ സമയം ജൂണ്‍ 7 ബുധനാഴ്ച വൈകുന്നേരമാണ് ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്കായി പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹെര്‍ണിയയുമായി ബന്ധപ്പെട്ട് വേദനയനുഭവിക്കുന്ന പാപ്പായെ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് ഇത്തരമൊരു ഓപ്പറേഷന്‍ നടത്താന്‍ തീരുമാനിച്ചത്.
ഓപ്പറേഷന്‍ സങ്കീര്‍ണതകളില്ലാതെ പൂര്‍ത്തിയാക്കിയെന്നും അനസ്‌തേഷ്യയുടെ ആലസ്യംമാറി ഫ്രാന്‍സിസ് പാപ്പ പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചെത്തിയും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സെര്‍ജിയോ അല്‍ഫെയ്‌റി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പാപ്പയ്ക്ക് ഏഴു ദിവസത്തോളം വിശ്രമം വേണ്ടിവരും. ജൂണ്‍ 18 വരെയുള്ള പാപ്പായുടെ കൂടിക്കാഴ്ചകള്‍ താല്‍ക്കാലികമായി നിറുത്തിവച്ചതായി വത്തിക്കാന്‍ പ്രസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചു.
ഇത് മൂന്നാം തവണയാണ് പാപ്പാ ജെമെല്ലി ആശുപത്രിയില്‍ അഡ്മിറ്റാകുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ശ്വാസകോശസംബന്ധിയായ പ്രശ്‌നങ്ങള്‍ കാരണം പാപ്പാ ഇതേ ആശുപത്രിയില്‍ നാലു ദിനങ്ങള്‍ കഴിഞ്ഞിരുന്നു. 2021 ജൂലൈ മാസത്തിലും ഉദരസംബന്ധിയായ ഒരു ഓപ്പറേഷനുവേണ്ടി പാപ്പാ ജെമെല്ലി ആശുപത്രിയില്‍ എത്തിയിരുന്നു.