Special Story

ഗോവിന്ദന്‍ മാസ്റ്റര്‍ എയറിലാണ്!


അടിക്കടിയുള്ള വിവാദ പ്രസ്താവനകളിലൂടെ സൈബര്‍ ലോകത്ത് എയറിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഏറ്റവും ഒടുവിലായി ഇംഗ്ലണ്ടിലെ പള്ളികള്‍ വിശ്വാസികള്‍ ഇല്ലാത്തതിനാല്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്ന പ്രസ്താവന മാസ്റ്ററെ വീണ്ടും എയറിലാക്കി. തളിപ്പറമ്പിലെ ബ്ലോക്കു പഞ്ചായത്ത് ഓഫീസിന്റെ നവീകരിച്ച ഹാളുകളുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ഗോവിന്ദന്‍ മാസ്റ്ററുടെ വിവാദ പ്രസ്താവന.

ഇംഗ്ലണ്ടില്‍ ശമ്പള വര്‍ധനവിനായി വൈദികര്‍ സമരത്തിലാണെന്നും കന്യാസ്ത്രീകളുടെ സേവനം തൊഴില്‍ പോലെയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ തട്ടിവിട്ടു. ഇംഗ്ലണ്ട് സന്ദര്‍ശനം കഴിഞ്ഞെത്തിയതിന്റെ ആവേശം പ്രസംഗിച്ച് തീര്‍ത്തപ്പോള്‍ സൈബര്‍ ലോകത്ത് മാസ്റ്റര്‍ക്കെതിരെ കമന്റുകളുടെ കുത്തൊഴുക്കായി. ഇംഗ്ലണ്ടില്‍ കെ ഹോട്ടല്‍ നടത്താമെന്നും കെ റെയില്‍ ഇംഗ്ലണ്ട് വരെ നീട്ടിയാല്‍ അവിടെ പോയി അപ്പം വില്‍ക്കാമെന്നും രസികര്‍ കമന്റിട്ടു. ബംഗാളിലെയും ത്രിപുരയിലെയും പാര്‍ട്ടി ഓഫീസുകള്‍ക്ക് എന്ത് സംഭവിച്ചെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കണമെന്നും അവശ്യം ഉയരുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാക്കളുടെ ശവക്കല്ലറയിലെ പുല്ല് പറിക്കാന്‍ കേരളത്തില്‍ നിന്ന് ആളെ അയക്കേണ്ട ഗതികേടിലാണ് ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെന്നും ചിലര്‍ പരിഹസിച്ചു. ക്യൂബ സന്ദര്‍ശന വിവരങ്ങളും തുറന്നു പറയണമെന്ന് ആവശ്യപ്പെട്ടവരും നിരവധി.

എം. വി. ഗോവിന്ദന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ വിവിധ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധിച്ചു.

കോടിയേരി ബാലകൃഷ്ണന്‍ അനാരോഗ്യത്തെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞപ്പോള്‍ മിതവാദിയും പാര്‍ട്ടിയുടെ താത്വിക മുഖമായിരുന്ന എം. വി. ഗോവിന്ദന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുകയായിരുന്നു. സ്ഥാനമേറ്റെടുത്ത ശേഷം വിവിധ സന്ദര്‍ഭങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമാകുകയും അദ്ദേഹത്തിന്റെ താത്വിക മുഖം അഴിഞ്ഞു വീഴുകയും ചെയ്തു. കെ റെയില്‍ നിലവില്‍ വന്നാല്‍, പാലക്കാട് കൂറ്റനാട് നിന്ന് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ച ഭക്ഷണത്തിന് മുമ്പ് തിരിച്ചെത്താമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി. കുടുംബശ്രീ പ്രവര്‍ത്തകര്‍ വന്ദേ ഭാരത് ട്രെയ്‌നില്‍ അപ്പവുമായി പോയാല്‍ രണ്ടാം ദിവസം മാത്രമേ എത്താന്‍ സാധിക്കുകയുള്ളുവെന്നും അപ്പം കേടാകുമെന്നും പറഞ്ഞ് പിന്നീട് അദ്ദേഹം തന്റെ പ്രസ്താവനയെ ന്യായീകരിച്ചു. എക്‌സൈസ് മന്ത്രിയായിരിക്കെ യുവജന സംഘടനകളിലെ അംഗങ്ങളില്‍ ഭൂരിഭാഗവും കുടിയന്മാരാണെന്ന് പറഞ്ഞും പുലിവാല് പിടിച്ചു.

ഇന്ത്യന്‍ സമൂഹത്തില്‍ വൈരുധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്ന എം. വി. ഗോവിന്ദന്റെ പ്രസ്താവന ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സര്‍ക്കാര്‍ – എസ്എഫ്‌ഐ വിരുദ്ധ ക്യാംപയിന്‍ നടത്തിയതിന് മുമ്പും കേസെടുത്തിട്ടുണ്ടെന്നും ഇനിയും കേസ് എടുക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന പിന്നീട് അദ്ദേഹത്തിന് തന്നെ തിരുത്തേണ്ടിവന്നു. സിപിഎം നടത്തിയ ജനകീയ പ്രതിരോധ ജാഥയ്ക്കിടെ മൈക്ക് ശരിയായി പ്രവര്‍ത്തിക്കാത്തതിന് എം. വി. ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററോട് ”നിന്റെ മൈക്കിന് ഞാനാ ഉത്തരവാദി” എന്ന് ചോദിച്ച് ക്ഷുഭിതനായത് വലിയ വാര്‍ത്തയായിരുന്നു.

ഇത്തരത്തില്‍ തുടരെ തുടരെയുള്ള ചിന്തയില്ലാത്ത വര്‍ത്തമാനങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.


Leave a Reply

Your email address will not be published. Required fields are marked *