താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. മാത്യു ഓണയാത്തന്‍കുഴി (92) അന്തരിച്ചു. വാര്‍ദ്ധക്യസഹചമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതസംസ്‌കാരം ബുധനാഴ്ച (31-07-2024) രാവിലെ 9.30-ന് കാഞ്ഞിരപ്പള്ളി പഴയിടത്തുള്ള ചെറിയാന്‍ ഓണയാത്തന്‍കുഴിയുടെ ഭവനത്തിലെ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് ശേഷം രാവിലെ 10-ന് പഴയിടം സെന്റ് മൈക്കിള്‍സ് ദൈവാലയത്തില്‍.
ഇന്ന് (29-07-2024) വൈകിട്ട് നാലര മുതല്‍ നാളെ (30-07-2024) രാവിലെ 11 -വരെ മേരിക്കുന്ന് പിഎംഒസിയില്‍ പൊതുദര്‍ശനം. നാളെ രാവിലെ 9-ന് പിഎംഒസിയില്‍ വിശുദ്ധ കുര്‍ബാന ക്രമീകരിച്ചിട്ടുണ്ട്.
വിടപറഞ്ഞത് ജനകീയ പുരോഹിതന്‍
ആദ്യകാല കുടിയേറ്റ ജനതയുടെ വേദനകള്‍ കണ്ടറിയുകയും നേരിട്ട് അനുഭവിക്കുകയും ചെയ്ത് അവരിലൊരാളായാണ് ഫാ. മാത്യു ഓണയാത്തന്‍കുഴി ജീവിച്ചത്. മലബാറിലെ പതിനഞ്ചോളം ഇടവകകളില്‍ അദ്ദേഹം വികാരിയായിരുന്നു. സേവനം ചെയ്ത ഇടവകകളിലെല്ലാം വിശ്വാസികളുടെ പ്രശ്നങ്ങള്‍ പഠിച്ച് ഉചിതമായ പരിഹാരമാര്‍ഗങ്ങള്‍ അദ്ദേഹം കെണ്ടത്തിയിരുന്നു. ഭിന്നിച്ചു നില്‍ക്കുന്നവരെ ഒന്നിപ്പിച്ചും ശ്രമദാനത്തിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും അദ്ദേഹം വിശ്വാസികളുടെ ഹൃദയത്തില്‍ ഇടം നേടി. വിശ്വാസ സമൂഹം സ്നേഹപൂര്‍വം ജനകീയ പുരോഹിതനെന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.
1932 ഒക്ടോബര്‍ 17-ന് കാഞ്ഞിരപ്പള്ളി രൂപതയിലെ പഴയിടം ഇടവകയില്‍ ഓണയാത്തന്‍കുഴി വര്‍ക്കി ജോസഫ്-ഏലി ഉണ്ണിച്ചെറിയത് ദമ്പതികളുടെ ഏഴുമക്കളില്‍ അഞ്ചാമനായാണ് ജനനം. അഞ്ചു വയസുള്ളപ്പോള്‍ പിതാവ് മരിച്ചു. പാല സെന്റ് തോമസ് കോളജില്‍ നിന്ന് ഇന്റര്‍ മീഡിയറ്റ് പാസായി. തലശേരി രൂപതയ്ക്കുവേണ്ടി പാലായിലെ കുമ്മണ്ണൂര്‍ മൈനര്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയായി ചേര്‍ന്നു. ആലുവ സെന്റ് ജോസഫ്സ് മേജര്‍ സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കി.
പഠന കാലത്ത് നിരന്തര വെല്ലുവളികള്‍ അദ്ദേഹത്തിനു നേരിടേണ്ടിവന്നിരുന്നു. സെമിനാരി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ടിബി ബാധിച്ച് ഒരു വേള പഠനം തന്നെ ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായി. ഒരു വര്‍ഷത്തിനുശേഷം ആരോഗ്യം വീണ്ടെടുത്ത് വീണ്ടും പഠനം തുടര്‍ന്നു. വൈദികനായ ശേഷം പത്തില്‍ അധികം ശസ്ത്രക്രിയകള്‍ക്ക് അദ്ദേഹം വിധേയനായിട്ടുണ്ട്.
1964 മാര്‍ച്ച് പതിമൂന്നിന് തലശേരി രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്നാണ് വൈദിക പട്ടം സ്വീകരിച്ചത്. പെരുവണ്ണാമൂഴി ഇടവക വികാരിയായും കുളത്തുവയല്‍ ഇടവക അസി. വികാരിയുമായി ആദ്യ നിയമനം.
1964-ല്‍ ഇടവകയായി ഉയര്‍ത്തപ്പെട്ട പെരുവണ്ണാമൂഴിയില്‍ ഇല്ലായ്മകളുടെ നടുവിലേക്കാണ് ഫാ. മാത്യു ഓണയാത്തന്‍കുഴി ആദ്യവികാരിയായി എത്തുന്നത്. അന്ന് വൈദിക മന്ദിരമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ അവിടെ ഉണ്ടായിരുന്നില്ല. വിശ്വാസികള്‍ തലച്ചുമടായി കല്ലും മണലും കൊണ്ടുവന്ന് വൈദിക മന്ദിരമുണ്ടാക്കാന്‍ കൂട്ടായ്മ ഒരുക്കി. ഇതിനുനേതൃത്വം നല്‍കിയത് അച്ചനായിരുന്നു.
പല ഇടവകകളിലും അദ്ദേഹം വീടുകള്‍ നിര്‍മിച്ചുനല്‍കി പാവപ്പെട്ടവരെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തി. പെരുവണ്ണാമൂഴി അണക്കെട്ട് നിര്‍മിക്കാന്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ കിടപ്പാടവും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു മുന്നില്‍നിന്നു പ്രവര്‍ത്തിച്ചത് അച്ചനായിരുന്നു.
തലശേരി അതിരൂപതയിലെ പൈസക്കരി, ചെറുപുഴ, നെല്ലിക്കാംപൊയില്‍, വിമലശേരി, വെള്ളരിക്കുണ്ട്, താമരശേരി രൂപതയിലെ പന്തല്ലൂര്‍, കാളികാവ്, ഈരൂട്, തേക്കുംകുറ്റി, പശുക്കടവ്, കാറ്റുള്ളമല, കക്കയം, കട്ടിപ്പാറ എന്നീ ഇടവകകളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നെല്ലിക്കാംപൊയില്‍ വികാരിയായിരിക്കെ ക്ഷീര കര്‍ഷക സഹകരണ സംഘം ആരംഭിക്കാന്‍ നേതൃത്വം നല്‍കി. പശുക്കടവ് ഇടവകയില്‍ 82 പുതിയ കല്ലറകള്‍ പണിതു. പ്രദേശത്ത് കൊക്കോകൃഷി പ്രോത്സാഹിപ്പിച്ചു. കൊക്കോ വില്‍പ്പനയ്ക്ക് വേണ്ട സംവിധാനങ്ങള്‍ ഒരുക്കി.
കട്ടിപ്പാറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥാപിച്ചത് ഫാ. മാത്യു ഓണയാത്തന്‍കുഴിയുടെ നേതൃത്വത്തിലാണ്. പുന്നക്കല്‍ ഇടവകയില്‍ പതിനാലുമുറി ഷോപ്പിംഗ് കോംപ്ലക്സും നിര്‍മിച്ചു. കാളികാവ് വികാരിയായിരിക്കെയാണ് വൈദിക മന്ദിരം പണിയിച്ചത്. സമീപ പ്രദേശമായ അടക്കാകുണ്ടില്‍ കുരിശുപള്ളിയും പള്ളിമുറിയും പണിതു.
ഈരൂടില്‍ സേവനം ചെയ്യവേ ഇടവകയ്ക്ക് കൈനടി കുടുംബം നല്‍കിയ ഇരുപതേക്കര്‍ സ്ഥലത്ത് റബ്ബര്‍, കമുക്, തെങ്ങ്, കുരുമുളക് തുടങ്ങിയ കൃഷികള്‍ ആരംഭിക്കുന്നതിനു നേതൃത്വം നല്‍കി. കക്കയത്ത് സണ്‍ഡേ സ്‌കൂള്‍ കെട്ടിം പണിയിച്ചു.
എണ്‍പതാം വയസില്‍ കട്ടിപ്പാറ ഇടവകയില്‍ നിന്നു വിരമിച്ച ശേഷം കോഴിക്കോട് മേരിക്കുന്നുള്ള ഗുഡ്‌ഷെപ്പേഡ് പ്രീസ്റ്റ്‌ഹോമില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. വിശ്രമജീവിതകാലത്ത് ‘മായാത്ത മഷിത്തുള്ളികള്‍’, ‘ചിന്താരത്‌നങ്ങള്‍’ എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഫാ. ഓണയാത്തന്‍കുഴിയുടെ സേവനകാലം
പെരുവണ്ണാമൂഴി (1964-1967), കുളത്തുവയല്‍ (1964), പൈസക്കരി (1967-1970), ചെറുപുഴ (1970-1971), നെല്ലിക്കാംപൊയില്‍ (1971-1975), വിമലശ്ശേരി (1975-1977), വെള്ളരിക്കുണ്ട് (1977-1979), പന്തല്ലൂര്‍ (1979-1981), കാളികാവ് (1981-1984), അടയ്ക്കാക്കുണ്ട് (1981-1984), ഈരൂട് (1984-1989), തേക്കുംകുറ്റി (1989-1994), പശുക്കടവ് (1994-1998), വിളക്കാംതോട് (1998-2001), കാറ്റുള്ളമല (2001-2004), കക്കയം (2004-2007), കട്ടിപ്പാറ (2007-2012).