ഭീകരവാദത്തിനെതിരെ പോരാടുന്ന അസീറിയന്‍ ഓര്‍ത്തോഡോക്‌സ് ബിഷപ് അക്രമിക്കപ്പെട്ടു

വചനപ്രഘോഷകനും അസീറിയന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പുമായ മാര്‍ മാരി ഇമ്മാനുവേലിന് നേരെ നടന്നത് ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ്. മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.

ക്രിസ്തീയ വിശ്വാസ വിഷയങ്ങളില്‍ ആഴമേറിയ പാണ്ഡിത്യവും ധാര്‍മ്മിക വിഷയങ്ങളില്‍ ക്രിസ്തീയത മുറുകെ പിടിച്ച് വചനം പ്രഘോഷണം നടത്തി ലോകശ്രദ്ധ നേടിയ വ്യക്തിയാണ് മാര്‍ മാരി ഇമ്മാനുവേല്‍. ഇസ്ലാമിക ഭീകരവാദത്തിനും ഭ്രൂണഹത്യയ്ക്കും സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ക്കും ദയാവധത്തിനും എതിരെയും അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ശ്രദ്ധേയമാണ്.

സിഡ്‌നിയില്‍നിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്ലെയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തിലാണ് കുത്തിക്കുത്ത് നടന്നത്. പള്ളിയില്‍ ശുശ്രൂഷ നടക്കുന്നതിനിടെ മാര്‍ മാരി ഇമ്മാനുവേലിനു നേരെ പാഞ്ഞടുത്ത അക്രമി തുരുതുരെ കുത്തുകയായിരുന്നു. പള്ളിയിലുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വലിയ ദുരന്തം ഒഴിവായി. ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അക്രമിയെ അറസ്റ്റ് ചെയ്തു. 16 വയസുകാരനാണ് അക്രമിയെന്ന് പൊലീസ് സ്ഥിതീകരിച്ചു.

ബിഷപ് മാര്‍ മാരി ഇമ്മാനുവേലിന് തലയ്ക്കും ശരീരത്തിനും മര്‍ദ്ദനമേറ്റുവെന്നും പള്ളി വികാരി ഫാ. ഐസക് റോയലെയ്ക്കും പരിക്കുണ്ടെന്നും ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ചര്‍ച്ച് വൃത്തങ്ങള്‍ അറിയിച്ചു. കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമിക്കുമേല്‍ കൈവച്ച് കര്‍ത്താവായ യേശുക്രിസ്തു താങ്കളെ രക്ഷിക്കട്ടെയെന്ന് ബിഷപ് മാര്‍ മാരി ഇമ്മാനുവേല്‍ പറഞ്ഞതായി ദൃസാക്ഷിയെ ഉദ്ധരിച്ച് ഫെയര്‍ ഫീല്‍ഡ് സിറ്റി ഡെപ്യൂട്ടി മേയര്‍ ചാള്‍ബെല്‍ സാലിബ പറഞ്ഞു.

പള്ളിയിലെ തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേഷണം ചെയ്യുന്നതിനാല്‍ സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. രണ്ടുദിവസം മുന്‍പാണ് സിഡ്നിയിലെ ഷോപ്പിങ് മാളില്‍ കത്തിയാക്രമണം നടന്നത്. ഇതിന്റെ നടുക്കം മാറുംമുന്‍പേയാണ് സിഡ്നിയിലെ ക്രിസ്ത്യന്‍ പള്ളിയിലും സമാനമായ ആക്രമണം അരങ്ങേറിയത്. ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ ആറുപേരാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെ അടക്കം അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.

‘അര്‍പ്പിതം’ വൈദിക, സന്യസ്ത സംഗമം നാളെ

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വൈദിക, സന്യസ്ത സംഗമം ‘അര്‍പ്പിതം 2024’ നാളെ തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖ പ്രഭാഷണം നടത്തും. അദിലബാദ് രൂപതാ ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍, സിനിമാതാരം സിജോയ് വര്‍ഗീസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും. ഇന്ററാക്ടീവ് സെഷന് ഫാ. കുര്യന്‍ പുരമഠം നേതൃത്വം നല്‍കും.

വൈദിക, സന്യസ്ത സംഗമം അപൂര്‍വമായി ലഭിക്കുന്ന അവസരമാണെന്നും കൂട്ടായ്മ ശക്തിപ്പെടുത്താന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു. രൂപതാംഗങ്ങളായ വൈദികരും സന്യസ്തരും രൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും സന്യസ്തരുമടക്കം ആയിരത്തോളം പേര്‍ സംഗമത്തില്‍ പങ്കെടുക്കും.

ഓര്‍മ്മകളില്‍ ഫാ. ജോര്‍ജ് ആശാരിപറമ്പില്‍

‘ശുശ്രൂഷിക്കാനും ജീവന്‍ നല്‍കാനും’ എന്ന ആപ്തവാക്യം ജീവിതംകൊണ്ടു കാണിച്ചുതന്ന വൈദികനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഫാ. ജോര്‍ജ് ആശാരിപറമ്പില്‍. കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ അസൗകര്യങ്ങള്‍ മാത്രം കൈമുതലായുണ്ടായിരുന്ന ഇടവകകളെ ധീരമായി മുന്നോട്ടു നയിക്കുവാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ ഏറെയാണ്. ബന്ധുക്കളോ, പരിചയക്കാരോ ഇല്ലാത്ത മലബാറിലേക്ക് വൈദികനായി വന്ന തന്നെ നിറഞ്ഞ സ്‌നേഹത്തോടെയാണ് ഇടവകകളെല്ലാം വരവേറ്റതെന്ന് ഫാ. ജോര്‍ജ് ആശാരിപറമ്പില്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

ദൈവവിളി

കുറവിലങ്ങാട് ഇടവകയില്‍ ആശാരിപ്പറമ്പില്‍ ചെറിയാന്‍-മറിയം ദമ്പതികളുടെ ഒമ്പതു മക്കളില്‍ അഞ്ചാമനായി 1937 ഒക്‌ടോബര്‍ 30-നാണ് ജോര്‍ജ് ജനിക്കുന്നത്. മൂവായിരത്തോളം കുടുംബങ്ങളുള്ള സജീവമായ ഇടവകതന്നെയാണ് ജോര്‍ജില്‍ പൗരോഹിത്യ താല്‍പ്പര്യം വളര്‍ത്തിയത്. പൊതുപ്രവര്‍ത്തകനായ അപ്പന് വൈദികരോടുള്ള ബഹുമാനവും സ്‌നേഹവും മൂത്തപെങ്ങളുടെ പ്രോത്സാഹനവും സെമിനാരിയില്‍ ചേരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

തനിക്ക് ലഭിച്ച ദൈവവിളിയെക്കുറിച്ച് ഫാ. ജോര്‍ജ് ആശാരിപറമ്പില്‍ ഒരിക്കല്‍ പങ്കുവച്ചത് ഇങ്ങനെ: കോട്ടയം കുറവിലങ്ങാട് ഹൈസ്‌ക്കൂളില്‍ വേദപാഠ ക്ലാസിന്റെ സമയം. നിധീരിക്കല്‍ മാണിക്കത്തനാരുടെ കുടുംബത്തില്‍പ്പെട്ട നിധീരിക്കല്‍ ജോണ്‍ മാഷാണ് ക്ലാസെടുക്കുന്നത്. ക്ലാസ് പുരോഗമിക്കുന്നതിനിടെ മുന്‍നിരയിലിരിക്കുകയായിരുന്ന ജോര്‍ജിനു നേരെ കൈചൂണ്ടി മാഷ് പറഞ്ഞു- ‘നീ സെമിനാരിയില്‍ ചേരണം’. അത് ആ ബാലനെ വല്ലാതെ സ്വാധീനിച്ചു. ജോണ്‍ മാഷിന്റെ അഭിപ്രായ പ്രകടനം ഒരു അംഗീകാരമായാണ് കൊച്ചു ജോര്‍ജിനു തോന്നിയത്. വൈദികനാകണമെന്ന ആഗ്രഹത്തെ ഉറപ്പിച്ച സംഭവമായിരുന്നു അത്.

1954-ല്‍ ഉയര്‍ന്ന മാര്‍ക്കോടെ എസ്എസ്എല്‍സി പാസായ ജോര്‍ജിനെ തലശേരി രൂപതയ്ക്കു വേണ്ടി വൈദികനാകാന്‍ പ്രേരിപ്പിച്ചത് കുറവിലങ്ങാട് ഇടവക വികാരിയായിരുന്ന ഫാ. തോമസ് മണക്കാട്ടാണ്. തലശേരി രൂപതാ ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ ഇടവകയില്‍ വികാരിയായിരുന്ന ഫാ. തോമസ് ബിഷപ്പിന്റെ ഉറ്റ സ്‌നേഹിതന്‍ കൂടിയായിരുന്നു.

ഫാ. തോമസിന്റെ കത്തുമായി തലശേരിയില്‍ എത്തിയ ജോര്‍ജിനെ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്വീകരിച്ചു. പാലാ മൈനര്‍ സെമിനാരിയില്‍ തലശേരി രൂപതയ്ക്കു വേണ്ടി പഠിക്കാനയച്ചു. രണ്ടു വര്‍ഷത്തെ മൈനര്‍ സെമിനാരി പഠനശേഷം മേജര്‍ സെമിനാരി അഡ്മിഷന്‍ ലഭിക്കാന്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതി പാസാകണമായിരുന്നു. ലാറ്റിന്‍ ഭാഷയില്‍ വിദ്യാര്‍ത്ഥിക്കുള്ള പ്രാഗത്ഭ്യം മനസിലാക്കുകയായിരുന്നു പരീക്ഷയുടെ ലക്ഷ്യം. അക്കൊല്ലത്തെ പരീക്ഷയില്‍ ജോര്‍ജിനാണ് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് 1956 ജൂണില്‍ ആലുവാ കര്‍മ്മലഗിരി സെമിനാരിയില്‍ മേജര്‍ സെമിനാരി പഠനം ആരംഭിച്ചു.

ഉപരിപഠനത്തിനായി വിദേശത്തേക്ക്

റോമിലെ പ്രൊപ്പഗാന്ത കോളജില്‍ ഒരു സീറ്റ് ഒഴിവുള്ളതായി വള്ളോപ്പിള്ളി പിതാവിന് അറിയിപ്പു കിട്ടുന്നത് ആയിടയ്ക്കാണ്. പഠനത്തില്‍ മിടുക്കനായ ജോര്‍ജിനെ റോമിലയച്ചു പഠിപ്പിക്കാന്‍ വള്ളോപ്പിള്ളി പിതാവ് തീരുമാനിച്ചു. ബോംബെയില്‍ നിന്ന് വിമാനം കയറി. ഡിസംബര്‍ രണ്ടിന് പാതിരാത്രിയോടെ റോമിലെത്തി. പുറത്തിറങ്ങിയപ്പോള്‍ കഠിനമായ തണുപ്പു കൊണ്ട് വിറയ്ക്കാന്‍ തുടങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത് ജേക്കബ് തൂങ്കുഴി ശെമ്മാശന്‍ (പിന്നീട് മെത്രാന്‍) ആയിരുന്നു. അദ്ദേഹം കൊണ്ടുവന്ന കമ്പിളി വസ്ത്രങ്ങള്‍ ധരിച്ചാണ് വൈദിക വിദ്യാര്‍ത്ഥിയായ ജോര്‍ജ് അന്ന് തണുപ്പകറ്റിയത്.

ഡോക്ടറേറ്റ് ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ നടത്തിയത് പ്രൊപ്പഗാന്ത യൂണിവേഴ്‌സിറ്റിയിലാണ്. പ്രൊപ്പഗാന്ത ഫീദേ കോളജില്‍ ഏഴു വര്‍ഷവും ഡമഷേനോ കോളജില്‍ രണ്ടു വര്‍ഷവും താമസിച്ചു.

1962 ഡിസംബര്‍ 22ന് കര്‍ദിനാള്‍ പീറ്റര്‍ അഗജിയാനില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. പിറ്റേ ദിവസം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരുന്നു ഫാ. ജോര്‍ജിന്റെ പ്രഥമ ദിവ്യബലി. വിമാനക്കൂലി ഭീമമായിരുന്നതിനാല്‍ ചടങ്ങുകള്‍ക്ക് സാക്ഷിയാകാന്‍ മാതാപിതാക്കളോ ബന്ധുക്കളോ അന്ന് റോമിലെത്തിയില്ല.

ഫാ. ജോര്‍ജ് ആശാരിപറമ്പില്‍ പൗരോഹിത്യ സ്വീകരണ വേളയില്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ സഹായി

പീയൂസ് പന്ത്രണ്ടാമന്‍, ജോണ്‍ ഇരുപത്തി മൂന്നാമന്‍, പോള്‍ ആറാമന്‍ എന്നീ മാര്‍പാപ്പമാരെ നേരില്‍ കാണുവാനും അവരുമായി സംസാരിക്കാനും ഫാ. ജോര്‍ജ് ആശാരിപറമ്പിലിന് ഭാഗ്യം ലഭിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ മെത്രാന്മാരുടെ സഹായിയായി നാലു സെഷനുകളിലും പ്രവര്‍ത്തിച്ചു. കൗണ്‍സില്‍ ഹാളില്‍ മെത്രാന്മാര്‍ക്കുള്ള പുസ്തകങ്ങളും രേഖകളും മറ്റു സാധനങ്ങളും കൊണ്ടുപോയി കൊടുക്കുക, ഹാജര്‍ കാര്‍ഡ്, വോട്ടിങ് കാര്‍ഡ് എന്നിവ വിതരണം ചെയ്യുകയും തിരിച്ചു വാങ്ങി ഓഫീസില്‍ എത്തിക്കുകയും ചെയ്യുക എന്നിവയെല്ലാമായിരുന്നു ജോലികള്‍.

കൗണ്‍സില്‍ ഓഫീസില്‍ നിന്നു ലഭിച്ച മെത്രാന്മാരുടെ ഹാജര്‍ കാര്‍ഡ്, വോട്ടിങ് കാര്‍ഡ്, കാര്‍ഡില്‍ ഉപയോഗിക്കേണ്ടപ്രത്യേക പേന, നാലു സെഷനുകളുടെ സ്മാരക മെഡലുകള്‍, കൗണ്‍സില്‍ സ്മാരക വത്തിക്കാന്‍ നാണയം, സ്റ്റാമ്പ് തുടങ്ങിയവ വരും തലമുറയ്ക്കു കാണുന്നതിനായി കാക്കനാട്ടുള്ള സെന്റ് തോമസ് മ്യൂസിയത്തില്‍ ജോര്‍ജച്ചന്‍ പിന്നീട് കൈമാറി.

മലബാറിലെ കര്‍മ്മരംഗം

പഠനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കൂടരഞ്ഞി പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി ആദ്യ നിയമനം. തുടര്‍ന്നു തലശേരി രൂപതാ ചാന്‍സലറായും വള്ളോപ്പിള്ളി പിതാവിന്റെ സെക്രട്ടറിയായും രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു. നാലു വര്‍ഷം തലശേരി മൈനര്‍ സെമിനാരി റെക്ടറായും സേവനമനുഷ്ഠിച്ചു. 1972ല്‍ കണ്ണോത്ത് പള്ളിയില്‍ വികാരിയായി. തുടര്‍ന്ന് തിരുവമ്പാടി, മരുതോങ്കര, കട്ടിപ്പാറ, കല്ലാനോട്, കുണ്ടുതോട്, ചമല്‍, മാലാപറമ്പ്, കൂരാച്ചുണ്ട്, മരിയാപുരം, ചക്കിട്ടപ്പാറ, താഴേക്കോട്, വാണിയമ്പലം എന്നീ പള്ളികളിലും വികാരിയായി.

1974 മുതല്‍ 1981 വരെ തിരുവമ്പാടി വികാരിയായിരുന്നു. പള്ളിക്ക് പുതിയ മുഖവാരവും കുരിശടിയും അക്കാലത്ത് നിര്‍മ്മിച്ചു. തിരുവമ്പാടിയുടെ വികസനത്തിന് അത്യാവശ്യമായിരുന്ന തോട്ടത്തില്‍കടവ് റോഡ് വീതി കൂട്ടിയത് ഫാ. ജോര്‍ജിന്റെ നേതൃത്വത്തിലാണ്.

മരുതോങ്കര അങ്ങാടിയിലെ കുരിശുപള്ളി, പള്ളികെട്ടിടം മുതലായവ ഫാ. ജോര്‍ജ് വികാരിയായിരുന്നപ്പോള്‍ നിര്‍മ്മിച്ചവയാണ്. ചമലില്‍ അപകടാവസ്ഥയിലായിരുന്ന പള്ളിയുടെ മുഖവാരം പൊളിച്ച് സൗകര്യപ്രദമായ പോര്‍ട്ടിക്കോയും മുഖവാരവും പണികഴിപ്പിച്ചു. ചക്കിട്ടപ്പാറയില്‍ സ്ഥിരം സ്റ്റേജ്, സെമിത്തേരിയില്‍ ചാപ്പല്‍ മുതലായവ ജോര്‍ജച്ചന്റെ കാലത്ത് നിര്‍മ്മിച്ചവയാണ്.

കുണ്ടുതോട് വികാരിയായി സേവനം അനുഷ്ഠിക്കവെയാണ് ഫാ. ജോര്‍ജിന് ഏറ്റവും വലിയ പ്രതിസന്ധി നേരിടേണ്ടി വന്നത്. ക്ലാസില്‍ മോശമായി പെരുമാറിയ എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ സ്റ്റാഫ് തീരുമാനപ്രകാരം ഹെഡ്മാസ്റ്റര്‍ പുറത്താക്കി. വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയും പോഷക സംഘടനകളും ശക്തമായ സമരം ആരംഭിച്ചു. അടുത്തുള്ള പ്രദേശങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്‌കൂള്‍ പ്രവര്‍ത്തനം തടസപ്പെടുത്തുവാന്‍ വന്നുകൊണ്ടിരുന്നു. ഭീഷണിയും തെറിവിളിക്കലുമൊക്കെ പതിവായി നടന്നു. ‘മാനേജരുടെ കുടല്‍ പട്ടി തിന്നും’ എന്ന മുദ്രാവാക്യം ആവേശത്തോടെ ചിലര്‍ വിളിച്ചു. പിന്നീട് സമരം രമ്യമമായി പരിഹരിക്കപ്പെട്ടു. കമ്യൂണിസ്റ്റുകാരുടെ ദൈവവിശ്വാസം സംബന്ധിച്ച ചില ചോദ്യങ്ങള്‍ കമ്യൂണിസ്റ്റ് നേതാവായിരുന്ന ഇഎംഎസിനോട് ജോര്‍ജച്ചന്‍ കത്തുമുഖേന ചോദിച്ചിരുന്നു. മതവിശ്വാസത്തെ ബഹുമാനിച്ചുകൊണ്ട് സ്വയം ഭൗതികവാദികളായി ജീവിക്കുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്യുന്നതെന്ന് ഇഎംഎസ് മറുപടി കത്ത് അയച്ചു.

ഫാ. ജോര്‍ജ് ആശാരിപറമ്പിലിന് ഇഎംഎസ് നമ്പൂതിരിപ്പാട് അയച്ച മറുപടി കത്ത്‌

വാണിയമ്പലം പള്ളിയുടെ ഇരുവശത്തും ചാര്‍ത്തുണ്ടാക്കി പള്ളി കൂടുതല്‍ സൗകര്യപ്രദമാക്കി. അച്ചന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി വാണിയമ്പലം ഇടവകക്കാര്‍ വളരെ ആഘോഷമായി നടത്തിയത് അച്ചന്‍ സ്‌നേഹത്തോടെ ഓര്‍മ്മിക്കുന്നു.

2013 മുതല്‍ മേരിക്കുന്ന് ഗുഡ്‌ഷെപ്പേഡ് പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. വായനയായിരുന്നു ഇഷ്ട വിനോദം. പത്ര മാസികകള്‍ വായിച്ച് കുറിപ്പ് തയ്യാറാക്കുന്ന പതിവുണ്ടായിരുന്നു. ക്രൈസ്തവ മാസികകള്‍ വിതരണം ചെയ്യുന്നതിലും അച്ചന്‍ ശ്രദ്ധിച്ചിരുന്നു. 2024 ഏപ്രില്‍ ഏഴിന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

വിശ്വാസദീപ്തിയില്‍ കുളത്തുവയല്‍ തീര്‍ത്ഥാടനം

ക്രിസ്തുവിന്റെ പീഡാസഹനം ധ്യാനിച്ചും യുദ്ധക്കെടുതികള്‍ മൂലം ക്ലേശം അനുഭവിക്കുന്നവരെയും വന്യജീവി ഭീതിയില്‍ കഴിയുന്ന മലയോര മേഖലയെയും ദുരിതത്തിലായ കര്‍ഷകരെയും പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും പ്രത്യേക നിയോഗമായി സമര്‍പ്പിച്ചും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ നടത്തിയ കുളത്തുവയല്‍ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി. താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ നിന്ന് കുളത്തുവയല്‍ കുടിയേറ്റ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് 35 കിലോമീറ്ററുകളോളം നീളുന്ന തീര്‍ത്ഥയാത്രയില്‍ വൈദികരും സന്യസ്തരും നിരവധി വിശ്വാസികളും പങ്കുചേര്‍ന്നു.

ഒരു വര്‍ഷം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജമാണ് കുളത്തുവയല്‍ തീര്‍ത്ഥാടനത്തിലൂടെ തനിക്ക് ലഭിക്കുന്നതെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. നാല്‍പതാം വെള്ളി സന്ദേശം താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ പങ്കുവച്ചു. ‘നമ്മുടെ വേദനകളുടെ വഴിയെ നമുക്ക് മുമ്പേ സഞ്ചരിച്ചവനാണ് യേശു. ജീവിത സഹനങ്ങളെ എങ്ങനെ നേരിടണമെന്ന് യേശു സ്വജീവിതത്തിലൂടെ കാട്ടിത്തന്നു. സഹനത്തിന്റെ വില ദൈവത്തിന്റെ മുമ്പിലുള്ള ഉയര്‍ത്തപ്പെടലാണ്. വ്യക്തികള്‍ ഇന്ന് ഇലക്ട്രോണിക്കിലി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷെ, സൈക്കോളജിക്കലി വളരെ അകലത്തിലാണ്. ഊഷ്മളമായ വ്യക്തിബന്ധങ്ങളിലേക്കുള്ള തിരിച്ചുപോക്ക് അനിവാര്യമാണ്.” മോണ്‍. അബ്രഹാം വയലില്‍ പറഞ്ഞു.

മോണ്‍. അബ്രഹാം വയലില്‍, രൂപതാ ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട്, താമരശ്ശേരി മേരിമാതാ കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍, കുളത്തുവയല്‍ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. സണ്ണി കളപ്പുരയ്ക്കല്‍ എന്നിവര്‍ തീര്‍ത്ഥാടത്തിന് നേതൃത്വം നല്‍കി.

കട്ടിപ്പാറ വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി, തലയാട് വികാരി ഫാ. സായി പാറന്‍കുളങ്ങര, കല്ലാനോട് വികാരി ഫാ. ജിനോ ചുണ്ടയില്‍, കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ എന്നിവര്‍ അതതു കേന്ദ്രങ്ങളില്‍ തീര്‍ത്ഥാടകരെ സ്വീകരിക്കുകയും സൗകര്യങ്ങളൊരുക്കുകയും ചെയ്തു.

മാര്‍ച്ച് 21-ന് രാത്രി 10-ന് താമരശ്ശേരി കത്തീഡ്രലില്‍ നിന്നാണ് തീര്‍ത്ഥാടനം ആരംഭിച്ചത്. കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലിയാണ് തീര്‍ത്ഥാടകര്‍ 35 കിലോമീറ്റര്‍ താണ്ടി കുളത്തുവയലില്‍ എത്തിയത്.

ആഗോള ബാലദിനത്തിന് റോമില്‍ ഒരുക്കങ്ങള്‍ തുടങ്ങി

ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച ആഗോള ബാലദിനം മേയ് 25, 26 തീയതികളില്‍ റോമില്‍ നടക്കും. ആദ്യമായാണ് കത്തോലിക്കാ സഭയില്‍ ആഗോള ബാലദിനം ആചരിക്കുന്നത്. ആഗോള യുവജന ദിനം പോലെ കുട്ടികള്‍ക്കും ഒരു ദിനം വേണമെന്ന് ഒന്‍പതു വയസുകാരനായ അലക്‌സാന്ദ്രോ എന്ന ബാലന്റെ ആവശ്യപ്രകാരമാണ് കഴിഞ്ഞ ഡിസംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബാലദിനം പ്രഖ്യാപിച്ചത്. ‘ഞാന്‍ എല്ലാം പുതുക്കുന്നു’ എന്ന വെളിപാട് വാക്യമാണ് ആദ്യത്തെ ബാലദിനത്തിന്റെ പ്രമേയം.

പ്രാര്‍ത്ഥന നമ്മുടെ ഹൃദയങ്ങളെ പ്രകാശംകൊണ്ടും ഊഷ്മളതകൊണ്ടും നിറയ്ക്കുമെന്നും എല്ലാ കാര്യങ്ങളും ആത്മവിശ്വാസത്തോടെയും മനസമാധാനത്തോടെയും ചെയ്യാന്‍ അത് നമ്മെ പ്രാപ്തരാക്കുമെന്നും ആഗോള ബാലദിനത്തിന് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ച സന്ദേശത്തില്‍ പറഞ്ഞു. എല്ലാ ദിവസവും രാവിലെയും വൈകിട്ടും കുടുംബാംഗങ്ങളോടൊപ്പം സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലണമെന്ന് ഫ്രാന്‍സിസ് പാപ്പ കുട്ടികളോട് ആവശ്യപ്പെട്ടു.

”കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ വാക്കുകള്‍ വെറുതെ ഉരുവിട്ടാല്‍ പോര. അതിന്റെ അര്‍ത്ഥം മനസിലാക്കി വേണം ചൊല്ലാന്‍. കൂടുതല്‍ മാനവികവും നീതിനിഷ്ഠവും സമാധാനപൂര്‍ണവുമായ ഒരു നവലോകത്തിന്റെ നിര്‍മിതിക്കായി ആ പ്രാര്‍ത്ഥനയിലൂടെ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. കരുണയുടെ ചെറിയ പ്രവര്‍ത്തനങ്ങളിലൂടെ പ്രാദേശിക തലത്തിലാണ് വലിയ സേവനങ്ങള്‍ ആരംഭിക്കേണ്ടത്. നാമെല്ലാവരും ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ നമ്മുടെ ലോകം മാറും.” – ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

മേയ് 25ന് റോമിലെ ഒളിംപിക്‌സ് സ്റ്റേഡിയത്തില്‍ ആഗോള ബാലദിന സമ്മേളനം ആരംഭിക്കും. 26ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലാണ് ചടങ്ങുകള്‍. രണ്ടു ദിവസങ്ങളിലും ഫ്രാന്‍സിസ് പാപ്പ കുട്ടികളുമായി സംവദിക്കും.

കരുണയുടെ മുഖമാകാന്‍ അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി പ്രോജക്ടായ സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍ തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. മലയോര കുടിയേറ്റ മേഖല പ്രതിസന്ധികള്‍ നേരിടുമ്പോഴെല്ലാം താമരശ്ശേരി രൂപത ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ടെന്നും സമൂഹത്തിന് സഹായകരമാകുന്ന വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ അതത് കാലങ്ങളില്‍ രൂപതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ലിന്റോ ജോസഫ് എംഎല്‍എ പറഞ്ഞു. മലയോര മേഖലയില്‍ ഡയാലിസിസ് സൗകര്യങ്ങള്‍ കുറവായതുകൊണ്ട് പലരും ഊഴം കാത്തിരിക്കേണ്ട അവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍ സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താമരശ്ശേരി രൂപതയുടെ കീഴില്‍ വേനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആന്റ് സൈക്കോതെറാപ്പി (ക്യാംപ്) സെന്ററിന്റെ കെട്ടിട സമുച്ചയത്തില്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന്റെ വെഞ്ചരിപ്പു കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. ദീര്‍ഘനാളത്തെ സ്വപ്‌നമാണ് പൂവണിഞ്ഞിരിക്കുന്നതെന്ന് പൊതുസമ്മേളനത്തിന് അധ്യക്ഷത വഹിച്ച് സംസാരിച്ച ബിഷപ് പറഞ്ഞു. ”താമരശ്ശേരി രൂപതയുടെ കരുണയുടെ മുഖമാണ് സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍. കുടിയേറ്റ മലയോര മേഖലയില്‍ ആതുരശുശ്രൂഷാരംഗത്ത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. ദൈവം അതിനുള്ള വഴികള്‍ തുറന്നുതരുമെന്നതിന് ഉദാഹരണമാണ് ഈ ഡയാലിസിസ് സെന്റര്‍.” – ബിഷപ് കൂട്ടിച്ചേര്‍ത്തു.

ജര്‍മ്മനിയില്‍ അജപാലന ശുശ്രൂഷ ചെയ്യുന്ന ഫാ. സാബു മഠത്തിക്കുന്നേലിന്റെ അഭ്യര്‍ത്ഥന പ്രകാരം ഡയാലിസിസ് മെഷീന്‍ വാങ്ങുന്നതിന് ധനസഹായം നല്‍കിയത് ജര്‍മ്മന്‍ സ്വദേശികളായ ജോസഫ്, മരിയ വോസ്‌റ്റെ എന്നിവരാണ്. മരിയ വോസ്‌റ്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. താമരശ്ശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സിഒഡിയ്ക്കാണ് അല്‍ഫോന്‍സ ഡയാലിസിസ് സെന്ററിന്റെ നടത്തിപ്പ് ചുമതല.

വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, അല്‍ഫോന്‍സാ ഡയാലിസിസ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോണ്‍ ഒറവുങ്കര, മുക്കം മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ പി. ടി. ബാബു, തിരുവമ്പാടി ഫെറോന വികാരി ഫാ. തോമസ് നാഗപറമ്പില്‍, ഫാ. സാബു മഠത്തിക്കുന്നേല്‍, മരിയ വോസ്‌റ്റെ, വേനപ്പാറ ഇടവക വികാരി ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, സിഒഡി ഡയറക്ടര്‍ ഫാ. ജോര്‍ജ് ചെമ്പരത്തി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ്, ക്യാംപ് ഡയറക്ടര്‍ ഫാ. മാത്യു തടത്തില്‍, മുക്കം സെന്റ് ജോസഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഡാലിയ എംഎസ്‌ജെ, വാര്‍ഡ് മെമ്പര്‍ രജിത എന്നിവര്‍ പ്രസംഗിച്ചു.

കരയിച്ച ‘ചാച്ചന്റെ’ ഡയറക്ടറോടൊപ്പം

‘ഈ ചാച്ചന്‍ കരയിച്ചു!’ ശാലോം ടെലിവിഷന്റെ യുട്യൂബ് ചാനലില്‍ അടുത്തിടെ അപ്‌ലോഡ് ചെയ്ത ‘ചാച്ചന്‍’ എന്ന ടെലിഫിലിം കണ്ടവരൊക്കെ കമന്റ് ബോക്‌സില്‍ ഒരുപോലെ കുറിച്ചതാണിത്. ഊട്ടി വളര്‍ത്തിയ മാതാപിതാക്കളെ അവരുടെ വാര്‍ദ്ധക്യത്തില്‍ കരുതലോടെ ചേര്‍ത്തുപിടിക്കണമെന്ന സന്ദേശം പങ്കുവച്ച ടെലിഫിലിം രണ്ടാഴ്ചകൊണ്ട് ഒരു ലക്ഷത്തിലേറെ പേരാണ് കണ്ടത്. ‘ചാച്ചനെ’ക്കുറിച്ച് ഡയറക്ടര്‍ ലിജോ കെ. ജോണി സംസാരിക്കുന്നു.

  1. രണ്ടാഴ്ചകൊണ്ട് ഒരു ലക്ഷത്തിലേറെ കാഴ്ചക്കാരിലേക്ക് ‘ചാച്ചന്‍’ എത്തിയതിനെക്കുറിച്ച് എന്തു തോന്നുന്നു? എങ്ങനെയാണ് ഇത്തരമൊരു സബ്ജക്ടിലേക്ക് എത്തുന്നത്?

‘ചാച്ചന്’ ഇത്ര വലിയ സ്വീകാര്യത ലഭിച്ചത് കാണുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു. മാതാപിതാക്കളുടെ വിയര്‍പ്പിന്റെ വില മറക്കുന്ന മക്കളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലമാണിത്. കഴിഞ്ഞ വര്‍ഷം പ്രമുഖ വാര്‍ത്താ ചാനലുകളെല്ലാം സ്ഥിരമായി പങ്കുവച്ചിരുന്നൊരു വാര്‍ത്ത വാര്‍ദ്ധക്യത്തില്‍ അനാഥരാക്കപ്പെടുന്ന വൃദ്ധജനങ്ങളെക്കുറിച്ചായിരുന്നു. അശുപത്രികളില്‍ ചികിത്സയ്ക്കായി കൊണ്ടുവന്ന് അവരെ അവിടെ ഉപേക്ഷിച്ചു പോകുന്നത് ഒരു സ്ഥിരം സംഭവമായി മാറിയിരുന്നു. ഉപേക്ഷിക്കപ്പെട്ടവര്‍ പിന്നീട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലുമൊക്കെയായി കഴിഞ്ഞു കൂടും. ജോലിയുമായി ബന്ധപ്പെട്ട് കുറേ യാത്രകള്‍ നടത്തുന്നതുകൊണ്ടുതന്നെ ഇത്തരം കാഴ്ചകള്‍ ഞാന്‍ നിരവധി തവണ നേരിട്ടു കണ്ടിട്ടുണ്ട്. അത്തരമൊരു യാത്രയില്‍ തോന്നിയ ചിന്തയില്‍ നിന്നാണ് ‘ചാച്ചന്റെ’ കഥ നാമ്പെടുക്കുന്നത്. നാടകകൃത്തും തിരക്കഥാകൃത്തുമായ സിബി നെല്ലിക്കലിനോട് ഈ സബ്ജക്ട് പങ്കുവച്ചു. അദ്ദേഹവും ഇതുപോലൊരു സബ്ജക്ട് എഴുതിയിട്ടുണ്ടായിരുന്നു. പിന്നീട് കുറേ ദിവസങ്ങള്‍ ചെലവഴിച്ച് രൂപപ്പെടുത്തിയെടുത്തതാണ് ഇപ്പോള്‍ നാം കാണുന്ന ‘ചാച്ചന്‍’. ശാലോം ടെലിവിഷനിലാണ് ‘ചാച്ചന്‍’ ആദ്യമായി സംപ്രേഷണം ചെയ്യുന്നത്. അന്ന് പ്രോഗ്രാം ഹെഡ് ആയിരുന്ന ജിജോ ജോസഫ് (വരയന്‍ സിനിമയുടെ സംവിധായകന്‍) പച്ചക്കൊടി കാട്ടിയതുകൊണ്ടാണ് ചാച്ചന്‍ യാഥാര്‍ത്ഥ്യമായത്.

  1. ചാച്ചനായി അഭിനയിച്ച ശ്രീധരന്‍ പട്ടാണിപ്പാറയുടെ അഭിനയം ഏറെ പ്രശംസ നേടുന്നു… അദ്ദേഹത്തെക്കുറിച്ചും മറ്റ് അഭിനേതാക്കളെക്കുറിച്ചും എന്താണ് പങ്കുവയ്ക്കുവാനുള്ളത്?

ചാച്ചന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടക്കുമ്പോള്‍ തന്നെ ഞങ്ങളുടെ മനസില്‍ ശ്രീധരേട്ടന്റെ മുഖമായിരുന്നു തെളിഞ്ഞു നിന്നത്. വളരെ നല്ലൊരു അഭിനേതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രായത്തില്‍ ഇന്ന് അഭിനയിക്കുന്നവരില്‍ വച്ച് ഏറ്റവും കൃത്യതയോടെ മികച്ച ടൈമിങ്ങോടെ വളരെ മനോഹരമായി അഭിനയിക്കുന്ന നടന്മാര്‍ വളരെ ചുരുക്കമായിരിക്കും. സീന്‍ വിശദീകരിക്കുമ്പോള്‍ സസൂഷ്മം അത് ഉള്ളിലേക്ക് സ്വാംശീകരിക്കാന്‍ പ്രത്യേക കഴിവു തന്നെയുണ്ട് അദ്ദേഹത്തിന്. നമ്മള്‍ പ്രതീക്ഷിക്കുന്നതിലും ഇരട്ടിയായി അദ്ദേഹം പെര്‍ഫോം ചെയ്യും. അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കട്ടെയെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സുരേഷ് ഗോപിയുടെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുത്ത് സമ്മാനം നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം.
മറ്റ് അഭിനേതാക്കളെല്ലാം ശാലോം ഉള്‍പ്പെടുന്ന പ്രദേശത്തെ കലാകാരന്മാരാണ്. അവര്‍ക്ക് ഒരവസരം നല്‍കുകയെന്നത് ശാലോമിന്റെ ഒരു പോളിസിയാണ്. അഭിനേതാക്കളെല്ലാം കഴിവിന്റെ പരമാവധി പുറത്തെടുത്തു എന്ന് നിസംശയം പറയാം.

  1. ഷൂട്ടിങ്ങിനിടെ മറക്കാന്‍ പറ്റാത്തതായ എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടായിരുന്നോ? വിശദീകരിക്കാമോ?

മറക്കാന്‍ പറ്റാത്ത നിരവധി അനുഭവങ്ങള്‍ ഷൂട്ടിങ്ങിനിടെ ഉണ്ടായിട്ടുണ്ട്. നന്മയുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ ദൈവം പല വഴിയിലൂടെയും നമ്മെ സഹായിക്കും എന്നാണ് തോന്നിയിട്ടുള്ളത്. അവസാന സീനില്‍ ആ പൊലീസുകാരനൊപ്പം ചാച്ചന്‍ കോട്ടയത്തേക്ക് ബസ് കയറുകയാണ്. അത് ഷൂട്ട് ചെയ്യാന്‍ ഒരു ബസ് അത്യാവശ്യമായിരുന്നു. ചെറിയ ബഡ്ജറ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടതുകൊണ്ട് അത്തരമൊരു ബസ് വാടകയ്‌ക്കെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. ഞങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് അതുവഴി സര്‍വീസ് നടത്തുന്ന ഒരു ബസ് അവിടെ പാര്‍ക്ക് ചെയ്തിരുന്നു. അവരോടു കാര്യം പറഞ്ഞപ്പോള്‍ അവര്‍ സന്തോഷത്തോടെ സഹകരിച്ചു. രണ്ടു മൂന്നു തവണ ബസ് ഓടേണ്ടി വന്നെങ്കിലും നിസാരമായൊരു തുക മാത്രമേ അവര്‍ വാങ്ങിയുള്ളു. ദൈവിക ഇടപെടല്‍ അനുഭവിച്ച നിമിഷമായിരുന്നു അത്.

സെമിത്തേരിയിലിരുന്ന് ശ്രീധരേട്ടന്‍ കരയുന്നൊരു രംഗമുണ്ട്. ആദ്യമായി ഷൂട്ട് ചെയ്ത സീനായിരുന്നു അത്. ഷൂട്ടിങ് തുടങ്ങിയപ്പോള്‍ മുതല്‍ ആ പ്രദേശത്ത് വലിയൊരു നിശബ്ദത ഉണ്ടായി. അദ്ദേഹത്തിന്റെ കരച്ചിലിന്റെ യഥാര്‍ത്ഥ ഓഡിയോ തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു നോയിസും ഉണ്ടാകാതെ ആ ഒരു കരച്ചിലിന്റെ തീവ്രത ഒപ്പിയെടുക്കാന്‍ സാധിച്ചത് ദൈവാനുഗ്രഹംകൊണ്ടു മാത്രമാണ്.

ഇതില്‍ അഭിനയിച്ചിരിക്കുന്ന നായ്ക്കുട്ടിയുടെ പ്രകടനമാണ് മറ്റൊന്ന്്. ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ നായ്ക്കുട്ടിയാണ് അത്. പ്രത്യേകിച്ച് ഒന്നും പറഞ്ഞുകൊടുക്കേണ്ടതായി വന്നില്ല, നായ്ക്കുട്ടി മനോഹരമായി അഭിനയിച്ചു. കര്‍ത്താവിന്റെ അനുഗ്രഹമായാണ് ഇത്തരം അനുഭവങ്ങളെ ഞാന്‍ നോക്കി കാണുന്നത്.

  1. പ്രേഷക പ്രതികരണം എങ്ങനെയുണ്ട്? മനസില്‍ മായാതെ നില്‍ക്കുന്ന പ്രതികരണം?

മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുട്യൂബിലെ കമന്റ് ബോക്‌സില്‍ ഒരു ചേച്ചി എഴുതിയത് ഇങ്ങനെയായിരുന്നു: ‘ഞാന്‍ മരിക്കുന്നതിന് മുമ്പ് എന്റെ ഭര്‍ത്താവിനെ സ്വര്‍ഗ്ഗത്തിലേക്ക് വിളിക്കേണമേ, അല്ലെങ്കില്‍ അദ്ദേഹം ഇവിടെ കിടന്ന് ഇതുപോലെ നരകിക്കുന്നത് എനിക്ക് സഹിക്കാനാകില്ല.’ എന്തു തീവ്രമായാണ് അവര്‍ പ്രണയിക്കുന്നത്!

ഞാന്‍ തൃശ്ശൂര്‍കാരനാണ്. അമ്പു പെരുനാള്‍ ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കഴിഞ്ഞ അമ്പു പെരുനാളിന് ഞാന്‍ പുത്തന്‍പീടികയിലുള്ള എന്റെ പെങ്ങളുടെ വീട്ടില്‍ പോയി. അവിടെ അളിയന്റെ സുഹൃത്തുക്കളും പെരുനാള്‍ കൂടാന്‍ വന്നിരുന്നു. ഞങ്ങളെല്ലാം ഒരുമിച്ചിരുന്ന് ടിവിയില്‍ ‘ചാച്ചന്‍’ കണ്ടു. അതിഥികളായെത്തിയ നാലുപേരില്‍ മൂന്നു പേരും നിറകണ്ണുകളോടെയാണ് ടെലിഫിലിം കണ്ടു കഴിഞ്ഞ് എഴുന്നേറ്റത്.

തൃശ്ശൂരിലെ എറവ് കപ്പല്‍ പള്ളിയാണ് എന്റെ ഇടവക. ഞങ്ങളുടെ വികാരിയച്ചന്‍ ഫാ. റോയി വടക്കന്‍ ‘ചാച്ചന്‍’ കണ്ട് അഭിനന്ദിക്കുകയും ഇടവകയുടെ സ്വന്തം മകന്‍ എന്ന പേരില്‍ ഇടവകയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ എന്നെക്കുറിച്ച് ഒരു ലേഖനം എഴുതുകയും ചെയ്തത് വലിയൊരു അംഗീകാരമായാണ് ഞാന്‍ കാണുന്നത്.

  1. വിഷ്വല്‍ മീഡിയ രംഗത്തേക്ക് എത്തുന്നത് എങ്ങനെയാണ്? പഠനം, മറ്റു വര്‍ക്കുകള്‍…

സി.എം.ഐ സഭയുടെ കീഴിലുള്ള ചേതനാ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. മീഡിയാ രംഗത്ത് ദൈവത്തിന് സാക്ഷ്യമാകാനാണ് ഞാന്‍ ആഗ്രഹിച്ചത്. ശാലോമില്‍ ജോലി നേടുന്നത് അങ്ങനെയാണ്. ശാലോമിന് ഒരു ക്യാമറ പോലും സ്വന്തമായി ഇല്ലാതിരുന്ന കാലത്താണ് ഞാന്‍ ഇവിടെ ജോയിന്‍ ചെയ്യുന്നത്. 20 വര്‍ഷത്തോളമായി ശാലോമില്‍ ജോലി ചെയ്യുന്നു. പ്രമുഖ സംവിധായകനായിരുന്ന സിബി യോഗ്യാവീടനൊപ്പം നിരവധി പ്രോജക്ടുകള്‍ ചെയ്യാന്‍ സാധിച്ചു. അദ്ദേഹം റാണി മരിയയെക്കുറിച്ച് ചെയ്ത ഡോക്യുമെന്ററിയുടെ ക്യാമറ കൈകാര്യം ചെയ്തത് ഞാനായിരുന്നു. റാണി മരിയയുടെ ഘാതകന്‍ സമുദര്‍ സിങ് പുല്ലുവഴിയിലെ വീട്ടിലെത്തി റാണി മരിയയുടെ അമ്മയുടെ കയ്യില്‍ നിന്ന് ചോറു വാങ്ങി തിന്നുന്നത് ഷൂട്ട് ചെയ്തത് ഇപ്പോഴും ഓര്‍ക്കുന്നു. ആ ദൃശ്യങ്ങള്‍ ഒരു വിറയലോടെയാണ് ഞാന്‍ പകര്‍ത്തിയത്.

സിബി യോഗ്യാവീടന്‍ ചെയ്ത അല്‍ഫോന്‍സാമ്മ സീരിയിലിന് ഛായാഗ്രഹണം ചെയ്തത് ഞാനായിരുന്നു. സിനിമാ താരങ്ങളായ മിയ, നിഖില എന്നിവര്‍ ആദ്യമായി അഭിനയിക്കുന്നത് ആ സീരിയലിലാണ്. മികച്ച സീരിയലിനുള്ള സംസ്ഥാന അവാര്‍ഡും ആ സീരിയലിന് ലഭിച്ചിരുന്നു. എവുപ്രാസ്യ, മറിയം ത്രേസ്യ തുടങ്ങിയ സീരിയലുകളിലും സഹകരിച്ചു.

തൃശ്ശൂര്‍ അരിമ്പൂരിലെ ഏറവ് കപ്പല്‍ പള്ളി ഇടവകാംഗമായ ജോണി – ലില്ലി ദമ്പതികളുടെ മകനാണ് ലിജോ. ഭാര്യ: ആതിര ജോസ്. മക്കള്‍: എസ്സ മരിയ ലിജോ, എല്‍വിസ് ലിജോ, ഇവാനിയ ലിജോ.

ചാച്ചന്‍ ടെലിഫിലിം കാണാന്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈനിറയെ കണ്ടുപിടിത്തങ്ങളുമായി യുവശാസ്ത്രജ്ഞന്‍

കൃഷിയിലേക്കിറങ്ങാന്‍ യുവജനങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ വിദേശ രാജ്യങ്ങളിലേതു പോലെ കായികാദ്ധ്വാനം കുറച്ച് ഹൈടെക് രീതിയില്‍ കൃഷി നടത്തിയാലോ? കൃഷിയെ ഹൈടെക് ആക്കാന്‍ നിരവധി കണ്ടുപിടിത്തങ്ങളാണ് കൂരാച്ചുണ്ട് സ്വദേശി പാലത്തുംതലയ്ക്കല്‍ ജോബിന്‍ അഗസ്റ്റിന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം വിപണിയിലിറക്കിയവയെല്ലാം കര്‍ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

കോഴിഫാമിലെ ‘ഐആര്‍ ബ്രൂഡര്‍’

കോഴിഫാമുകളിലെ ഇന്‍കുബേറ്ററുകളില്‍ പിറക്കുന്ന കോഴി കുഞ്ഞുങ്ങള്‍ക്ക് കൃത്യമായി ചൂട് നല്‍കാനുള്ള സംവിധാനം ഇല്ലാത്തത് കോഴി കര്‍ഷകര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. പലപ്പോഴും ഫിലമെന്റ് ബള്‍ബുകള്‍ ഉപയോഗിച്ചായിരുന്നു ചൂട് നല്‍കിയിരുന്നത്. അതിന് പരിഹാരമായാണ് ഇന്‍ഫ്രാറെഡ് ഹീറ്റ് വേവുകള്‍ ഉപയോഗപ്പെടുത്തി കോഴികുഞ്ഞുങ്ങള്‍ക്ക് ചൂടു നല്‍കുന്ന ഉപകരണം രൂപകല്‍പ്പന ചെയ്യുകയും പേന്റന്റ് നേടുകയും ചെയ്തു. ഉല്‍പാദനത്തില്‍ ഗണ്യമായ രീതിയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ ഉപകരണം സഹായിക്കുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ അഭിപ്രായപ്പെടുന്നു. കേരളത്തിനു പുറമെ തമിഴ്നാട് ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഈ ഉപകരണത്തിന് ആവശ്യക്കാരേറെയാണ്.

കമ്പഷന്‍ ചേമ്പര്‍

വിറക് ഉപയോഗിച്ചുള്ള ഡ്രയറുകള്‍ക്ക് പല പോരായ്മയും ഉള്ളതായി ജോബിന് തോന്നിയിരുന്നു. എല്ലായിടത്തും ഒരേ പോലെ ചൂട് എത്തില്ല. ചൂട് ക്രമീകരിച്ച് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇത് എങ്ങനെ മറികടക്കാം എന്നതായിരുന്നു പിന്നീടുള്ള ചിന്ത. നിരീഷണ പരീഷണങ്ങള്‍ക്കൊടുവില്‍ ഒരു കംപ്രഷന്‍ ചേമ്പര്‍ നിര്‍മ്മിച്ചു. ചൂട് നിയന്ത്രിക്കാനും നിലനിര്‍ത്താനും കഴിയുന്ന തരത്തിലായിരുന്നു അതിന്റെ ഡിസൈന്‍. അതിന് ഡിസൈന്‍ പേറ്റന്റ് ലഭിച്ചു.
വീട്ടാവശ്യങ്ങള്‍ക്കുള്ള ഡ്രയറുകള്‍ മുതല്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന വലിയ ഡ്രയറുകള്‍ വരെ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഡ്രയറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

റാക്കിങ് മെഷീന്‍

കോഴി ഫാമുകളില്‍ ഉപയോഗപ്പെടുത്താവുന്ന റാക്കിങ് മെഷീനാണ് മറ്റൊരു കണ്ടുപിടിത്തം. കോഴികള്‍ക്ക് ഭക്ഷണം നല്‍കാനും കോഴിക്കാട്ടം കോരി ചാക്കുകളില്‍ ശേഖരിക്കാനും ഫാമുകാര്‍ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിനെല്ലാമുള്ള പരിഹാരമായാണ് റാക്കിങ് മെഷീന്‍ അവതരിപ്പിച്ചത്.

വരും വര്‍ഷങ്ങളില്‍ അന്തരീക്ഷ താപനില വര്‍ധിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അങ്ങനെ വന്നാല്‍ അത് കോഴി ഫാമുകളെ ദോഷകരമായി ബാധിക്കും. ഫാമുകളില്‍ താപനില നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്ന തരത്തിലുള്ള ഉപകരണത്തിന്റെ പണിപ്പുരയിലാണ് ജോബിന്‍ ഇപ്പോള്‍.

കൂരാച്ചുണ്ട് പാലത്തുംതലയ്ക്കല്‍ ജോയിയുടെയും ബീനയുടെയും മകനാണ് ജോബിന്‍. സെന്റ് തോമസ് ഹൈസ്‌ക്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ആന്ധ്രാപ്രദേശിലെ ഛാന്ദ രൂപതയിലെ സെമിനാരിയില്‍ ചേര്‍ന്നു. പിന്നീട് തിരിച്ചെത്തി കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിനു ചേര്‍ന്നു. ചെന്നൈ ലയോള കോളജില്‍ നിന്ന് ബി.ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടി. പിന്നീട് കാഞ്ഞിരപ്പിള്ളി അമല്‍ ജ്യോതി കോളജില്‍ നിന്ന് എം ടെക് മെഷീന്‍ ഡിസൈനിങ് പഠിച്ചു.

”എം.ടെക്ക് പഠനകാലത്തെ മെന്‍ഡറും ഗൈഡുമായ ജിപ്പു ജേക്കബ് ഏറെ സ്വാധീനിച്ചു. നമ്മള്‍ വീടുകളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന തേങ്ങ പൊതിയ്ക്കുന്ന പാര കണ്ടെത്തി പേറ്റന്റ് നേടിയ വ്യക്തിയാണ് ജിപ്പു. വിവിധ പ്രോജക്ടുകളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ആ ഒരു കാലയളവാണ് എന്നിലെ ഗവേഷകനെ വളര്‍ത്തിയത്. ഒരു പ്രോഡക്ട് എങ്ങനെ ഡിസൈന്‍ ചെയ്യണമെന്നും അതിനായി എന്തെല്ലാം പരീക്ഷണങ്ങള്‍ നടത്തണമെന്നും ആഴത്തില്‍ പഠിച്ചു. 2016 മുതല്‍ 2020 വരെ ഉള്ള്യേരിയിലെ എംഡിറ്റ് എന്‍ജിനീയറിങ് കോളജില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ അസി. പ്രൊഫസറായി ജോലി ചെയ്തു. അക്കാലയളവില്‍ ഗവേഷണത്തിന് തന്നെയായിരുന്നു പ്രാധാന്യം നല്‍കയിരുന്നത്. വിവിധ തരത്തിലുള്ള കാര്‍ഷിക ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സാധിച്ചു.” – ജോബിന്‍ പറഞ്ഞു.

ലാബിലേക്ക് സ്വാഗതം

സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ് സംബന്ധമായ സംശയദൂരീകരണത്തിനും ജോബിന്‍ സമയം കണ്ടെത്തുന്നു. ശാസ്ത്രകുതുകികളായ വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക രീതിയില്‍ സജീകരിച്ചിരിക്കുന്ന ലാബ് സന്ദര്‍ശിക്കാനും അവയെ സംബന്ധിച്ച് പറഞ്ഞുകൊടുക്കാനും തല്‍പരനാണ്.

”പണ്ട് ടെക്നോളജിയെക്കുറിച്ച് പറഞ്ഞുതരാനും ഇത്തരത്തിലുള്ള ലാബുകളില്‍ സന്ദര്‍ശനം നടത്താനുമൊന്നും അധികം അവസരം ലഭിച്ചിരുന്നില്ല. ആ ഒരു കുറവ് മനസ്സിലാക്കിയതുകൊണ്ടാണ് ഇപ്പോള്‍ ശാസ്ത്ര തല്‍പ്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തിലുള്ള അവസരങ്ങള്‍ ഒരുക്കുവാന്‍ ശ്രദ്ധിക്കുന്നത്. തികച്ചും സൗജന്യമായാണ് ലാബ് സന്ദര്‍ശനത്തിന് അവസരം നല്‍കുന്നത്. ഹൈസ്‌ക്കൂള്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരം ഒരുക്കുന്നു. സയന്‍സ് എന്തിന് പഠിക്കുന്നു എന്ന് തലപുകയ്ക്കുന്നവര്‍ക്ക് സയന്‍സിന്റെ പ്രായോഗിക വശങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ പരിശ്രമിക്കുന്നു.” ജോബിന്‍ പറയുന്നു.

ത്രിഡി പ്രിന്റിങ്, റാപ്പിഡ് പ്രോട്ടോ ടൈപ്പിങ്, അഡ്വാന്‍സ്ഡ് സിഎന്‍സി മെഷീന്‍സ്, പലതരത്തിലുള്ള വെല്‍ഡിങ്, ബ്രേസിങ് എന്നിവയെല്ലാം പരിചയപ്പെടാന്‍ ജോബിന്റെ പരീക്ഷണശാലയില്‍ അവസരം ഒരുക്കുന്നുണ്ട്.

പരീക്ഷണശാലയില്‍

ഡ്രീംലിഫ്റ്റ് ടെക്ക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം സ്ഥാപനത്തിലൂടെയാണ് ഉപകരണങ്ങളുടെ വിപണനം നടത്തുന്നത്. 2019 -ല്‍ കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങി. ഭാര്യ ആര്‍ലിന്‍, സഹോദരന്‍ ജിതിന്‍ എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍. മൂന്ന് സ്ഥിരം സ്റ്റാഫുകള്‍ ഉണ്ട്. അധ്യാപകനെന്ന നിലയില്‍ അറിവ് പകര്‍ന്നുകൊടുക്കാനും സംരംഭകനെന്ന നിലയില്‍ ജോലിനല്‍കാനും സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ജോബിന്‍ പറയുന്നു.

ഇവ എലിസബത്ത്, അന്ന എന്നിവരാണ് ജോബിന്‍ – ആര്‍ലിന്‍ ദമ്പതികളുടെ മക്കള്‍.

ജോബിന്റെ അഗസ്റ്റിന്റെ ഫോണ്‍: 9207043415

എല്‍ഡിസി 2024: പാഴാക്കരുത് ഈ സുവര്‍ണ്ണാവസരം

പാവങ്ങളുടെ ഐഎഎസ് എന്ന് വിളിപ്പേരുള്ള എല്‍ഡിസി പരീക്ഷയുടെ വിജ്ഞാപനം കേരള പിഎസ്‌സി പുറത്തിറക്കി. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദമടക്കമുള്ള അധിക യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാനാകും. മുന്‍വര്‍ഷത്തെപ്പോലെ രണ്ടു പരീക്ഷകള്‍ ഉണ്ടായിരിക്കില്ല എന്ന പ്രത്യേകതയും ഇത്തവണത്തെ എല്‍ഡിസി പരീക്ഷയ്ക്കുണ്ട്. അതായത് ഒറ്റ പരീക്ഷകൊണ്ടുതന്നെ ജോലി നേടാം. 26,500 – 60,700 ആണ് ശമ്പള നിരക്ക്.

18 വയസുമുതല്‍ 36 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് വയസിളവുണ്ട്. 2024 ജനുവരി മൂന്ന് വരെ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാനാകും. പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2024 പകുതിയോടെ പരീക്ഷ നടക്കുമെന്നാണറിയുന്നത്. കഴിഞ്ഞ തവണ എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് 17 ലക്ഷം പേര്‍ അപേക്ഷിച്ചിരുന്നു. ഇത്തവണ അതിലും കൂടുതലായിരിക്കും അപേക്ഷകരുടെ എണ്ണമെന്ന് കരുതുന്നു.

വരും വര്‍ഷങ്ങളില്‍ നിരവധി റിട്ടയര്‍മെന്റ് ഒഴിവുകള്‍ കണക്കാക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ മികച്ച രീതിയില്‍ പഠിച്ച് റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയാല്‍ വേഗത്തില്‍ സര്‍ക്കാര്‍ ജോലി നേടാമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കൂടാതെ പ്രിലിമിനറി പരീക്ഷ ഒഴിവാക്കിയത് ഇത്തവണ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലാ അടിസ്ഥാനത്തിലാണ് നിയമനം. അതുകൊണ്ടുതന്നെ ഏതു ജില്ലയിലേക്ക് അപേക്ഷിക്കണമെന്ന് സൂക്ഷ്മമായി പഠിക്കണം. നിയമന വേഗത, ഒഴിവുകളുടെ എണ്ണം, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം, മുന്‍വര്‍ഷ ചോദ്യ പേപ്പറുകളുടെ കാഠിന്യം എന്നിവയെല്ലാം പഠന വിദേയമാക്കണം. അപ്ലൈ ചെയ്യുന്ന ജില്ലയില്‍ തന്നെയാകും പരീക്ഷാ കേന്ദ്രവും ലഭിക്കുക. അടുത്ത എല്‍ഡിസി പരീക്ഷയുടെ വിജ്ഞാപനത്തിന് 2027 വരെ കാത്തിരിക്കണം.

യുവജനങ്ങള്‍ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നവരാകണം: ബിഷപ്

പാറോപ്പടി: കെസിവൈഎം യുവജന ദിനാഘോഷവും തിരുശേഷിപ്പ് പ്രയാണ സമാപനവും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങളാണ് രൂപതയുടെ ശക്തിയെന്നും കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്ന ശക്തവും ഊര്‍ജ്ജസ്വലവുമായ പ്രസ്ഥാനമാണ് താമരശ്ശേരി രൂപതാ കെസിവൈഎം എന്നും ബിഷപ് പറഞ്ഞു.

”ആഴമായ ആത്മീയ അടിത്തറ ഉണ്ടെങ്കില്‍ മാത്രമേ യുവജന പ്രസ്ഥാനങ്ങള്‍ക്ക് സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കൂ. സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നവരാകണം യുവജനങ്ങള്‍. സുവിശേഷമായി തീരും എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ യുവജനങ്ങള്‍ക്ക് സാധിക്കണം.” ബിഷപ് കൂട്ടിച്ചേര്‍ത്തു. താമരശ്ശേരി രൂപതാ കെസിവൈഎമ്മിന് ചടുലമായ നേതൃത്വം നല്‍കുന്ന ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളയ്ക്കാക്കുടിയിലിനെ ബിഷപ് അനുമോദിച്ചു.

കെസിവൈഎം രൂപതാ പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ അധ്യക്ഷനായിരുന്നു. കെസിവൈഎം എസ്എംവൈഎം ജനറല്‍ സെക്രട്ടറി ഫാ. ജോര്‍ജ് വെള്ളയ്ക്കാക്കുടിയില്‍ ആമുഖപ്രഭാഷണം നടത്തി.

കെസിവൈഎം മുഖപത്രം യുവദര്‍ശനം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയ്ക്കു നല്‍കി ബിഷപ് പ്രകാശനം ചെയ്തു. നാട് എങ്ങോട്ട് പോകണം എന്ന് തീരുമാനിക്കുന്നത് യുവജനങ്ങളാണെന്നും കരുണയുടെ ഹൃദയമുള്ളവരാകണം യുവജനങ്ങളെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ”നന്നാവാനും ചീത്തയാവാനും ഒട്ടേറെ അവസരമുള്ള കാലമാണിത്. അവസരങ്ങളെ നല്ലതിന് വേണ്ടി ഉപയോഗപ്പെടുത്തണം. മാരക വിപത്തായ മയക്കുമരുന്നിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കണം. കര്‍മ്മം ചെയ്തുകൊണ്ടിരുന്നാല്‍ പ്രതിഫലം ദൈവം തരും.” അദ്ദേഹം പറഞ്ഞു.

അമല്‍ ജ്യോതി വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചതിന് സൈബര്‍ ആക്രമണം നേരിടേണ്ടിവന്ന അലോഹ മരിയ ബെന്നി വിശിഷ്ടാതിഥിയായിരുന്നു. ”പ്രതിസന്ധി ഘട്ടങ്ങളില്‍ ചങ്കുറപ്പോടെ സഭയോടൊപ്പം നില്‍ക്കാന്‍ കഴിയണം. സഭയെ കുറ്റം പറയുന്നവരോടൊപ്പം കൂടാതെ കാര്യങ്ങളെക്കുറിച്ച് സ്വതന്ത്രമനസോടെ പഠിക്കാന്‍ ശ്രമിക്കണം. ഉള്ളിലുള്ള വിശ്വാസത്തിന്റെ തീ അണയാതെ കാക്കാന്‍ കൃത്യമായ ബോധ്യത്തോടെയുള്ള വിശ്വാസത്തിലേക്ക് വളരണം. ഏതു പ്രതിസന്ധി ഘട്ടത്തിലും ഒറ്റയ്ക്കല്ല, ഒപ്പം ക്രിസ്തു ഉണ്ടെന്നുള്ള കാര്യം ഓര്‍ക്കണം.” അലോഹ പറഞ്ഞു.

പാറോപ്പടി ഫൊറോന വികാരി ഫാ. ജോസഫ് കളരിക്കല്‍, ഫാ. ആല്‍ബിന്‍ സ്രാമ്പിക്കല്‍, സിസ്റ്റര്‍ റൊസീന്‍ എസ്എബിഎസ്, ജസ്റ്റിന്‍ സൈമണ്‍, വിശാഖ് തോമസ്, അരുണ്‍ ജോഷി, ബെന്‍ ജോസഫ്, ആഷ്‌ലി തെരേസ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

പേഴ്‌സണാലിറ്റി ട്രെയ്‌നര്‍ ആന്റണി ജോയ് ക്ലാസ് നയിച്ചു. തിരുശേഷിപ്പ് പ്രയാണ സ്വീകരണശേഷം നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

Exit mobile version