ബഥാനിയായില്‍ അഖണ്ഡ ജപമാല സമര്‍പ്പണം ജൂലൈ 19ന് ആരംഭിക്കും

പുല്ലൂരാംപാറ: താരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ 101 ദിനരാത്രങ്ങള്‍ നീളുന്ന അഖണ്ഡ ജപമാല സമര്‍പ്പണം ജൂലൈ 19 ന് ആരംഭിക്കും. ലോക സമാധാനവും കുടുംബ വിശുദ്ധീകരണവുമാണ് ഈ വര്‍ഷത്തെ നിയോഗം. 24 മണിക്കൂറും ജപമാലയും ദിവ്യകാരുണ്യ ആരാധനയുമുണ്ടാകും. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ആറിനും ഉച്ചയ്ക്ക് 12നും വൈകുന്നേരം ഏഴിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. പുലര്‍ച്ചെ മൂന്നിനും വൈകുന്നേരം മൂന്നിനും കരുണക്കൊന്തയും കുരിശിന്റെ വഴിയും. എല്ലാ ദിവസവും പകല്‍ സമയങ്ങളില്‍ വിശുദ്ധ കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

എല്ലാ വര്‍ഷവും നടത്തിവരുന്ന അഖണ്ഡ ജപമാലയിലും ദിവ്യകാരുണ്യ ആരാധനയിലും വിവിധ ജില്ലകളില്‍ നിന്നായി നിരവധി വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്. പൊതുവായ നിയോഗങ്ങളോടൊപ്പം വ്യക്തിപരമായ നിയോഗങ്ങളും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്. ആരാധനയ്ക്ക് ആവശ്യമായ എണ്ണ, മെഴുകുതിരി, കുന്തിരിക്കം എന്നിവ നേര്‍ച്ചയായി സമര്‍പ്പിക്കാനുള്ള സൗകര്യവുമുണ്ട്.

കെസിവൈഎം യുവജന ദിനാഘോഷം ജൂലൈ എട്ടിന്

താമരശ്ശേരി: കെസിവൈഎം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവജന ദിനാഘോഷം ജൂലൈ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തില്‍ നടക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ ചടങ്ങില്‍ മുഖ്യഥിതിയാകും. താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. ജോയ്‌സ് വയലില്‍, അമല്‍ ജ്യോതി കോളജ് വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ട അലോക ബെന്നി, എസ്എം വൈഎം സംസ്ഥാന പ്രസിഡന്റ് വിശാഖ് തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.

ആവേശത്തോടെ, ഇന്നിന്റെ സഭയുടെ കാവലാളാകുവാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരാനും കഴിഞ്ഞകാലത്തിന്റെ ഓര്‍മകളില്‍ ആഹ്ലാദിക്കുക്കാതെ വര്‍ത്തമാനകാലത്തില്‍ ധൈര്യത്തോടും ഭാവിയിലുള്ള പ്രത്യാശയോടുംകൂടി മുന്നേറുവാനും പ്രതിഫലം നോക്കാതെയും പരിഹാസത്തിനു ചെവികൊടുക്കാതെയും ഉത്തമബോധ്യത്തോടെ സഭയോട് ചേര്‍ന്ന് നിന്ന് യേശുക്രിസ്തുവിന്റെ വിളിക്ക് പ്രത്യുത്തരം നല്‍കി വിശ്വസ്തരായി ജീവിക്കുവാനും യുവജന ദിനം പ്രചോദനമാകുമെന്ന് കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. മെല്‍ബിന്‍ വെള്ളയ്ക്കാക്കുടിയില്‍ പറഞ്ഞു.

ദുക്‌റാനതിരുനാളും സഭാദിനാഘോഷവും മൗണ്ട് സെന്റ് തോമസില്‍

കാക്കനാട്: ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്‌തോലനുമായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മതിരുനാളും സീറോമലബാര്‍സഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആഘോഷിക്കും. സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിതമായതിന്റെ ശതാബ്ദി വര്‍ഷമെന്ന നിലയില്‍ ഇത്തവണത്തെ സഭാദിനാചരണത്തിനു കൂടുതല്‍ പ്രാധാന്യവും പങ്കാളിത്തവുമുണ്ട്.

തിരുനാള്‍ ദിനമായ ജൂലൈ മൂന്നാം തിയതി തിങ്കളാഴ്ച്ച രാവിലെ 8.30ന് സഭാകേന്ദ്രത്തില്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. ഒന്‍പതു മണിക്ക് ആരംഭിക്കുന്ന ആഘോഷമായ റാസകുര്‍ബാനയില്‍ അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം മേജര്‍ സുപ്പീരിയേഴ്‌സും സെമിനാരി റെക്ടര്‍മാരും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ഇടവക വികാരിമാരും രൂപതകളെയും സന്ന്യാസസഭകളെയും പ്രതിനിധീകരിച്ച് വൈദികരും അല്‍മായരും പങ്കുചേരും.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിനു മുന്നോടിയായി സീറോമലബാര്‍സഭയുടെ ഹയരാര്‍ക്കിയുടെ ചരിത്രം അവതരിപ്പിക്കുന്ന ഡോക്യുമെന്റെറി പ്രദര്‍ശിപ്പിക്കും. കണ്ണൂര്‍ ലത്തീന്‍ രൂപതയുടെ അദ്ധ്യക്ഷനും കോട്ടപ്പുറം രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററുമായ റൈറ്റ് റവ. ഡോ. അലക്‌സ് വടക്കുംതല മുഖ്യപ്രഭാഷണം നടത്തും.

മിഷന്‍ ലീഗ്: ജൂനിയര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

താമരശ്ശേരി: ചെറുപുഷ്പ മിഷന്‍ ലീഗ് മേഖല ഡയറക്ടേഴ്‌സ്, വൈസ് ഡയറക്ടേഴ്‌സ് മീറ്റീങ്ങും മാനേജിങ് കമ്മറ്റിയും താമരശേരി രൂപതാ ഭവനില്‍ സംഘടിപ്പിച്ചു. അഡ്വ. ജിജില്‍ ജോസഫ് ക്ലാസുകള്‍ നയിച്ചു. മിഷന്‍ ലീഗിന്റെ അനുദിന പ്രവര്‍ത്തനങ്ങളെ കുറിച്ച് ബാബു ചെട്ടിപ്പറമ്പിലും, പുതിയ വര്‍ഷത്തെ അനുദിന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായിലും സംസാരിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചാനാനിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജൂനിയര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: അഷേര്‍ ബെന്നി പൈകയില്‍ (മരുതോങ്കര), വൈസ് പ്രസിഡന്റ്: ഇവ മെറില്‍ ജോണ്‍ ഇലവുങ്കല്‍ (മാലാപറമ്പ്), സെക്രട്ടറി: മാര്‍ട്ടിന്‍ പുളിന്താനത്ത് (പെരുവണ്ണാമൂഴി), ജോയിന്റ് സെക്രട്ടറി: എം. ബി. ദിയ മൂലമുറിയില്‍ (മരിയാപുരം), എക്‌സിക്യൂട്ടീവ് അംഗം: എല്‍റോയ് പാറത്തലയ്ക്കല്‍ (കണ്ണോത്ത്).

ചെറുപുഷ്പ മിഷന്‍ ലീഗ് മേഖല ഡയറക്ടേഴ്‌സ്, വൈസ് ഡയറക്ടേഴ്‌സ് മീറ്റിങ്ങിലും മാനേജിങ് കമ്മറ്റിയിലും പങ്കെടുത്തവര്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിനും ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരാംകാലായിലിനുമൊപ്പം

ജൂലൈ മൂന്നിലെ പരീക്ഷകള്‍ മാറ്റണം: സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍

കാക്കനാട്: ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്‌സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കേരള, എം.ജി., കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്ത് നല്‍കി.

ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യമുള്ളതും പാവനമായി ആചരിച്ചു പോരുന്നതുമായ ദിവസമാണ് ജൂലൈ മൂന്ന് ദുക്‌റാന അഥവാ സെന്റ് തോമസ് ദിനം. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്നേ ദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച പ്രവര്‍ത്തിദിവസമാക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ വരുന്ന ജൂലൈ 3 തിങ്കളാഴ്ച അഫിലിയേറ്റഡ് കോളേജുകളില്‍ വിവിധ കോഴ്‌സുകളുടെ പരീക്ഷകള്‍ നടത്തുന്നതിന് കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ ടൈം ടേബിള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. അന്നേ ദിവസം ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ഈ നടപടി ദുഃഖകരവും തികച്ചും വിവേചനപരവും നീതി നിഷേധവുമാണ്. ഈ സാഹചര്യത്തില്‍ ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റി മറ്റൊരു ദിവസത്തേയ്ക്ക് ക്രമീകരിക്കണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

മണിപ്പൂരിലെ പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിഷേധ റാലി

പാറോപ്പടി: മണിപ്പൂരിലെ പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന ദേവാലയവും മേരിക്കുന്ന ഹോളി റെഡിമര്‍ ദേവാലയവും സംയുക്തമായി പ്രതിഷേധ റാലി നടത്തി. പാറോപ്പടി ദേവാലയ അങ്കണത്തില്‍ ഫൊറോന വികാരി ഫാ. ജോസഫ് കളരിക്കലിന്റെ ആമുഖ പ്രഭാഷണത്തോടെ റാലി ആരംഭിച്ചു. മേരിക്കുന്ന് ദേവാലയത്തിലേക്ക് നടത്തിയ റാലിയില്‍ നിരവധി വിശ്വാസികള്‍ അണിചേര്‍ന്നു.

മേരിക്കുന്ന് ദേവാലയ അങ്കണത്തിലെ സമാപന സമ്മേളനത്തില്‍ ഫാ. സൈമണ്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് രൂപതാ വികാരി ജനറല്‍ മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. ഫാ. സായി പാറന്‍കുളങ്ങര മുഖ്യപ്രഭാഷണം നടത്തി.

ഫാ. ജോസഫ് കളരിക്കല്‍, ഫാ. ജോസ് അഞ്ചലിന്‍, ജോസഫ് റിബല്ലോ, തോമസ് പുലിക്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

മണിപ്പൂര്‍ വിഷയത്തില്‍ ഭരണകൂടങ്ങള്‍ തുടരുന്ന മൗനത്തെ സമ്മേളനത്തില്‍ പ്രസംഗിച്ചവര്‍ അപലപിച്ചു.

സീറോ മലബാര്‍ മാതൃവേദി ഉപന്യാസ രചനാ മത്സരം: രചനകള്‍ ക്ഷണിച്ചു

താമരശ്ശേരി: സീറോ മലബാര്‍ മാതൃവേദി രൂപതാ സമിതി സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരത്തിലേക്ക് അമ്മമാരുടെ രചനകള്‍ ക്ഷണിച്ചു. വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക് എന്നതാണ് വിഷയം. രചനകള്‍ ജൂലൈ 15 വൈകുന്നേരം അഞ്ചിന് മുമ്പായി മാതൃവേദി രൂപതാ ഓഫീസില്‍ ലഭിക്കണം. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 2000 രൂപ, 1000 രൂപ, 500 രൂപ ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും.
മത്സര നിബന്ധനകള്‍:
പ്രായഭേദമന്യേ രൂപതയിലെ എല്ലാ അമ്മമാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം, ഉപന്യാസം 6 പേജില്‍ കവിയാന്‍ പാടില്ല, കൈയെഴുത്തായോ ടൈപ്പ് ചെയ്തതോ അയയ്ക്കാവുന്നതാണ്, ഓരോ ഇടവകയിലെയും രചനകള്‍, യുണിറ്റ് പ്രസിഡന്റുമാര്‍ ശേഖരിച്ച് മേഖലയിലെ രൂപത എക്‌സിക്യൂട്ടിവ് അംഗത്തെ ഏല്‍പ്പിക്കണം, പേരും, അഡ്രസ്സും, ഇടവകയും, ഫോണ്‍ നമ്പറും നിര്‍ബന്ധമായും രചനയില്‍ രേഖപ്പെടുത്തണം, തപാല്‍ വഴിയോ, ഈ-മെയില്‍ (ടൈപ്പ് ചെയ്ത പിഡിഎഫ് ഫോര്‍മാറ്റില്‍) മുഖേനയും, വാട്ട്‌സാപ്പ് (ടൈപ്പ് ചെയ്ത പിഡിഎഫ് ഫോര്‍മാറ്റില്‍) മുഖേനയും രചനകള്‍ അയക്കാവുന്നതാണ്. സ്‌കാന്‍ ചെയ്ത രചനകള്‍ സ്വീകരിക്കുന്നതല്ല.
തപാലായി അയയ്‌ക്കേണ്ട വിലാസം: ഡയറക്ടര്‍, സീറോ മലബാര്‍ മാതൃവേദി, ബിഷപ്‌സ് ഹൗസ്, പിബി നമ്പര്‍ 1, താമരശ്ശേരി 673573.

മണിപ്പൂര്‍: ലെറ്റര്‍ ക്യാമ്പയ്‌ന് തുടക്കമിട്ട് കെസിവൈഎം

താമരശ്ശേരി: മണിപ്പൂരില്‍ സംഘര്‍ഷം അയവില്ലാതെ തുടരുമ്പോള്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെസിവൈഎം സംസ്ഥാന സമിതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തുകളയയ്ക്കും. സംസ്ഥാന സമിതിയും രൂപതകളും സംയുക്തമായാണ് ജൂലൈ രണ്ടു വരെ തപാല്‍ വഴി കത്തുകളയയ്ക്കുക.

മണിപ്പൂര്‍ ജനതയ്ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമുണ്ട്. കലാപത്തിന് പിന്നിലുള്ള കാരണം കണ്ടെത്തി ശാശ്വതമായ പരിഹാരം കാണാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരുകളുടെ കടമായണ്. മണിപ്പൂരില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണം- കെസിവൈഎം ലെറ്റര്‍ ക്യാമ്പയ്‌ന്റെ ഭാഗമായുള്ള കത്തില്‍ പറയുന്നു.

ഫൊറോന, യൂണിറ്റ് തലങ്ങളില്‍ നിന്നും പരമാവധി കത്തുകള്‍ അയയ്ക്കാന്‍ ശ്രദ്ധിക്കണമെന്നും മണിപ്പൂര്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഡ്യമാണിതെന്നും കെസിവൈഎം രൂപതാ സമിതി അറിയിച്ചു.

സണ്ണി ഡയമണ്ട്‌സ് ജ്വല്ലറിയില്‍ 56 ഒഴിവുകള്‍: ഇപ്പോള്‍ അപേക്ഷിക്കാം

പ്രമുഖ വജ്രാഭരണ ജ്വല്ലറിയായ സണ്ണി ഡയമണ്ട്‌സ് വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. എറണാകുളത്തെ ജ്വല്ലറിയില്‍ വിവിധ തസ്തികകളില്‍ 56 ഒഴിവുകളുണ്ട്. ജൂലൈ 5ന് മുമ്പ് അപേക്ഷിക്കണം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.

സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് സെക്ഷനില്‍ ഷോറൂം മാനേജര്‍, അസി. ഷോറൂം മാനേജര്‍, സീനിയര്‍ സെയില്‍സ് കണ്‍സള്‍ട്ടന്റ്, സെയില്‍സ് കണ്‍സള്‍ട്ടന്‍സ്, ജൂനിയര്‍ സെയില്‍സ് കണ്‍സള്‍ട്ടന്‍സ്, സെയില്‍സ് ട്രെയ്‌നി, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവുകളിള്‍.

ഫിനാന്‍സ് വിഭാഗത്തില്‍ അസി. ഫിനാന്‍സ് മാനേജര്‍, സീനിയര്‍ അക്കൗണ്ടന്റ്, ജൂനിയര്‍ അക്കൗണ്ടന്റ്, അക്കൗണ്ട്‌സ് ട്രെയ്‌നി, ബാര്‍ കോഡിങ് അസോസിയേറ്റ്, ഇന്‍വെന്ററി അസോസിയേറ്റ് തസ്തികകളില്‍ ഒഴിവുകളുണ്ട്.

പ്രൊഡക്ഷന്‍ വിഭാഗത്തില്‍ പ്രൊഡക്ഷന്‍ അസോസിയേറ്റ്, ക്യുസി അസോസിയേറ്റ്, സിഎഎം അസോസിയേറ്റ്, ജ്വല്ലറി കാഡ്, കസ്റ്റമര്‍ സപ്പോര്‍ട്ട്, ഐടി അഡ്മിനിസ്‌ട്രേഷന്‍, എച്ച്ആര്‍ റിക്രൂട്ടര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.

താമരശ്ശേരി രൂപതയുടെ ഹെല്‍പ് ഡെസ്‌ക് സംരംഭമായ എയ്ഡര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മേല്‍പ്പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സഹായം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. https://www.aiderfoundation.org/service/job-vacancy-sunny-diamond (എയ്ഡര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തി സമയം രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ്)

ഇവരില്‍നിന്നു കൂടി പഠിക്കാം

മൃഗങ്ങളെക്കൊണ്ടുള്ള ഏറെ വിശേഷണ പദങ്ങള്‍ ഭാഷയിലുണ്ട്. മൃഗീയ കൊലപാതകം, മൃഗീയ വാസന, മൃഗീയ മര്‍ദ്ദനം… അങ്ങനെ പലതും തരംപോലെ പ്രയോഗിക്കുന്നു.
എന്നാല്‍ മനുഷ്യന്റെ ചെയ്തികള്‍ വച്ചു നോക്കിയാല്‍ മൃഗങ്ങള്‍ ഈ വിശേഷണങ്ങള്‍ക്ക് പലപ്പോഴും ഒട്ടും ഇണങ്ങുന്നില്ലെന്നു മനസിലാകും.
സ്വന്തം വിശ്വാസത്തില്‍ പെടുന്നവരല്ലെന്ന ഏക കാരണത്താല്‍ സിറിയയിലും ലിബിയയിലും ഇറാക്കിലുമെല്ലാം മനുഷ്യരെ കഴുത്തറുത്തും വെടിവച്ചും കൊല്ലുന്നു. മാരക ബോംബുകള്‍ വര്‍ഷിച്ച് കൂട്ടക്കുരുതി നടത്തുന്നു. മനുഷ്യ വര്‍ഗമുണ്ടായ കാലം മുതല്‍ ഇത്തരം കുരുതികള്‍ നടക്കുന്നതായി എല്ലാ മതങ്ങളുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഭക്ഷണത്തിനു വേണ്ടി മാത്രമാണ് മാംസഭുക്കുകളായ മൃഗങ്ങള്‍ മറ്റൊരു മൃഗത്തെ കൊല്ലുന്നത്. അതിനായി കൂര്‍ത്ത പല്ലുകളും നഖങ്ങളുമെല്ലാം സ്രഷ്ടാവ് നല്‍കിയിരിക്കുന്നു. വിശപ്പടങ്ങിക്കഴിഞ്ഞാല്‍ അവ ശാന്തമായി കിടക്കും. മാനുകള്‍ അടുത്തു കൂടി പോയാല്‍ പോലും പിന്നീട് കടുവ അനങ്ങില്ല. മനുഷ്യനെപ്പോലെ നാളത്തേക്കുള്ള ഭക്ഷണമിരിക്കട്ടെ എന്നു കരുതി ഒരു മാനിനെക്കൂടി കൊന്നിടില്ല.
മനുഷ്യന്‍ വര്‍ഷങ്ങളിലേക്കും പല തലമുറകള്‍ക്കു വേണ്ടിയും ഭക്ഷണ സാധനങ്ങളും ധനവും കുന്നുകൂട്ടി വയ്ക്കും. വിശക്കുന്നവന്റെ അല്‍പ്പാഹാരം കൂടി സമ്പന്നരും സമ്പന്ന രാഷ്ട്രങ്ങളും കൂടി തട്ടിപ്പറിക്കും. അതിനായി ദരിദ്ര രാജ്യത്തെ കരാറുകളില്‍ കുടുക്കിയിടും.
തേനീച്ചകളും ഉറുമ്പുകളും ക്ഷാമ കാലത്തേക്ക് ഭക്ഷണം കരുതി വയ്ക്കും. എന്നാല്‍ അത് ഒരു സീസണിലേക്ക് മാത്രം.
ഇറച്ചിക്കടകളോ, സൂപ്പര്‍ മാര്‍ക്കറ്റുകളോ ഇല്ലാത്തതിനാല്‍ മൃഗങ്ങള്‍ക്കും പറവകള്‍ക്കും എന്നും അന്നം തേടിയേ പറ്റൂ.
ഒരു ദിവസം ഭക്ഷണം കിട്ടിയില്ലെങ്കിലും ഈ മിണ്ടാപ്രാണികള്‍ ശാന്തരായി കിടക്കും. എന്നാല്‍ വയര്‍ നിറഞ്ഞിരിക്കുമ്പോഴും ഒരു നേരം ചായ മുടങ്ങിയാല്‍ മനുഷ്യന് വെപ്രാളമാണ്.
രോഗാവസ്ഥയില്‍ മൃഗം ഭക്ഷണം വെടിയും. അത് രോഗശമനത്തിനു സഹായകമാണ്. രോഗത്തെ ശാന്തമായി അവ സ്വീകരിക്കുന്നതു കാണാം.
എന്നാല്‍ വിശേഷ ബുദ്ധിയുണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യന് പ്രപഞ്ച സത്യങ്ങളെ ഉള്‍ക്കൊള്ളാന്‍ മടിയാണ്. മരണവും രോഗവും തങ്ങളുടെ വരുതിയിലല്ലെന്ന് അറിയാം. എങ്കിലും ആവശ്യത്തിലേറെ ഉല്‍ക്കണ്ഠപ്പെടും.
കഷ്ടപ്പാടുകളും വേദനകളും മനുഷ്യനെ പക്വതപ്പെടുത്തും, ശരിയായ വളര്‍ച്ചയിലേക്കു നയിക്കും. ‘ഞാന്‍ നിന്നെ ശുദ്ധീകരിച്ചു, എന്നാല്‍, വെള്ളി പോലെയല്ല. കഷ്ടതയുടെ ചൂളയില്‍ നിന്നെ ഞാന്‍ ശോധന ചെയ്തു’ (ഏശയ്യ 48:10)
വേദനയ്ക്ക് രണ്ടു തലമുണ്ട്. ഒന്ന് ശാരീരികം. അത് കേന്ദ്ര നാഡീ വ്യവസ്ഥ വഴി ശരീരമൊട്ടാകെ പരക്കും. മുറിവുകളും അസുഖങ്ങളും നല്‍കുന്ന ശാരീരിക അസ്വസ്ഥതകളാണിത്.
രണ്ട് മാനസികം. ഓരോ വ്യക്തിയും വേദനയ്ക്കു കൊടുക്കുന്ന അര്‍ത്ഥതലമാണിത്. ഇത് ഓരോരുത്തരിലും വ്യത്യസ്ഥമായിരിക്കും.
വേദനയില്‍ നിന്ന് ഒളിച്ചോടാനാവില്ല. അതിനെ അതായിത്തന്നെ സ്വീകരിക്കുക. ഇവിടെയാണ് വിശ്വാസവും പ്രാര്‍ത്ഥനയും താങ്ങായി എത്തുന്നത്. ചോര വിയര്‍ക്കുന്ന ഗദ്‌സമന്‍ അനുഭവത്തിനു ശേഷം ‘അവിടുത്തെ ഹിതം പോലെയാവട്ടെ’ എന്ന് പറയാന്‍ കഴിയുന്നവന് പിന്നീടുള്ള കുരിശാരോഹണത്തില്‍ ദൈവകരം കൂടെയുണ്ടാകും. ഞാന്‍ നല്ല ജീവിതം നയിച്ചതല്ലേ? എന്തുകൊണ്ട് എനിക്ക് ഈ അവസ്ഥ വന്നു? സഹിക്കുന്നവര്‍ ഈ ചോദ്യങ്ങളും ഉയര്‍ത്തും. സഹനങ്ങള്‍ പലപ്പോഴും തിന്മയെ നശിപ്പിക്കാനാണ്. കേടായ പല്ലു പറിക്കുന്ന ദന്ത ഡോക്ടറും ഹൃദയ വാല്‍വുകള്‍ ശരിയാക്കുന്ന ഡോക്ടറും താല്‍ക്കാലികമായി വേദന ഉണ്ടാക്കുന്നവരാണ്.
റോഡരികില്‍ കിടന്ന മാര്‍ബിള്‍ കട്ടയില്‍ നിന്ന് മൈക്കിള്‍ ആഞ്ചലോ ദാവീദിന്റെ മനോഹരമായ ശില്‍പ്പമുണ്ടാക്കി. ഇന്ത്യയില്‍ കലാകാരന്മാര്‍ കരിങ്കല്ലില്‍ നിന്ന് ദേവീദേവന്മാരുടെ രൂപങ്ങളുണ്ടാക്കി. ശില്‍പ്പമൊഴിച്ച് ബാക്കി അനാവശ്യമായ പാറക്കഷ്ണങ്ങള്‍ ഉളി കൊണ്ട് ചെത്തി ഒഴിവാക്കുന്നുവെന്നാണ് ശില്‍പ്പികള്‍ പറയുക. അങ്ങനെ പാഴായിക്കിടന്ന ഒരു ശില ദേവനായി മാറുന്നു. വേദനകളും തകര്‍ച്ചകളും ഇതുപോലെ അനാവശ്യമായ പലതും ചെത്തിമാറ്റാന്‍ ഉദ്ദേശിച്ചുള്ളതാണ്.
അത് ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിക്കാനാവാം. ദുര്‍വ്യയം ഒഴിവാക്കണമെന്ന് സൂചിപ്പിക്കാനാവാം. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കണമെന്ന സത്യം മനസിലെത്തിക്കാനാവാം.
എന്നാല്‍ മനുഷ്യന് ദുഃഖത്തിന്റെ കാരണം മറ്റുള്ളവരില്‍ ആരോപിക്കാനാണ് താല്‍പര്യം. സമയദോഷം, കൂടോത്രം അങ്ങനെ പലതും കാരണങ്ങളാകും.
പിറവിക്കുരുടനെ കണ്ടപ്പോള്‍ ശിഷ്യന്മാര്‍ ഉന്നയിച്ച ചോദ്യത്തിലും ഈ സംശയമുണ്ട്. ‘ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്. ഇവന്റെയോ ഇവന്റെ മാതാപിതാക്കളുടെയോ?’
അതിനുള്ള യേശുവിന്റെ മറുപടി: ‘ഇവന്റെയോ ഇവന്റെ മാതാപിതാക്കളുടെയോ പാപം നിമിത്തമല്ല, പ്രത്യുത ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്’ (യോഹന്നാല്‍ 9:3)
ദൈവത്തിന്റെ പ്രവൃത്തികളില്‍ വിശ്വസിക്കുന്നവര്‍ക്ക് അനാവശ്യ ഉല്‍ക്കണ്ഠ എന്തിന്?

Exit mobile version