പ്രധാനാധ്യാപക സംഗമം നടത്തി

താമരശേരി: താമരശേരി കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സംഘടിപ്പിച്ച പ്രധാനാധ്യപക സംഗമം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഉയര്‍ന്ന ചിന്തകളും ഉന്നതമായ കാഴ്ചപ്പാടുകളുമുള്ള പുതുസമൂഹം വളര്‍ന്നു വരണമെന്നും അതിനുതകുന്ന വിദ്യാഭ്യസ സാഹചര്യം സ്‌കൂളുകളിലുണ്ടാകണമെന്നും ബിഷപ് പറഞ്ഞു. മികച്ച നിലവാരം പുലര്‍ത്തുന്നതുകൊണ്ടാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ കോര്‍പ്പറേറ്റിനു കീഴിലെ മുഴുവന്‍ സ്‌കൂളുകളും നൂറ് ശതമാനം വിജയം നേടാന്‍ സാധിച്ചതെന്ന് ബിഷപ് അഭിപ്രായപ്പെട്ടു.

കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് വര്‍ഗ്ഗീസ് പാലക്കാട്ട് അധ്യക്ഷത വഹിച്ചു. എച്ച്എം ഫോറം പ്രസിഡന്റ് വിബിന്‍ എം സെബാസ്റ്റ്യന്‍, ബെന്നി ലൂക്കോസ്, ജേക്കബ് കോച്ചേരി എന്നിവര്‍ പ്രസംഗിച്ചു. എച്ച്എം ഫോറം ഭാരവാഹികളായി തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിബിന്‍ എം സെബാസ്റ്റ്യന്‍ (പ്രസിഡന്റ്), ചമല്‍ നിര്‍മ്മല യുപി സ്‌കൂള്‍ പ്രധാനാധ്യാപിക ജിസ്നമോള്‍ മനോജ് (വൈസ് പ്രസിഡന്റ്), കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജേക്കബ് കോച്ചേരി (സെക്രട്ടറി), കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന്‍സ് എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ലൗലി ടി ജോര്‍ജ്ജ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

മണിപ്പൂര്‍: ജൂലൈ രണ്ട് പ്രാര്‍ത്ഥനയ്ക്കും സമാധാനത്തിനുമുള്ള ദിനമായി ആചരിക്കാന്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി

കോഴിക്കോട്: അക്രമങ്ങളും അസ്ഥിരതയും നടമാടുന്ന മണിപ്പൂരിലെ സ്ഥിതിവിശേഷങ്ങളില്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി അതീവ ദുഃഖം രേഖപ്പെടുത്തി. മണിപ്പൂരില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്കായി പ്രാര്‍ത്ഥനയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള ദിനമായി 2023 ജൂലൈ രണ്ട് (ഞായറാഴ്ച) ആചരിക്കാന്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി തീരുമാനിച്ചു. അര്‍ത്ഥവത്തായി രാജ്യത്തുടനീളം പ്രസ്തുത ദിനം ആചരിക്കുന്നതിന് ഇടവകകളും സ്ഥാപനങ്ങളും സന്യസ്ത സമൂഹങ്ങളും സന്നദ്ധരാകണമെന്ന് സമിതി ആഹ്വാനം ചെയ്തു.

ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് പുറത്തിറക്കിയ സര്‍ക്കുലറില്‍ മണിപ്പൂര്‍ വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടല്‍ നടത്താനുതകുന്ന ഏതാനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഞായറാഴ്ചകളിലെ കാറോസൂസാ പ്രാര്‍ത്ഥനകളില്‍ സവിശേഷ നിയോഗമായി മണിപ്പൂരിലെ സമാധാനവും സുസ്വരതയും ഉള്‍പ്പെടുത്തണം. സാധിക്കുമെങ്കില്‍, മണിപ്പൂരില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി ഇടവകാ ദേവാലയങ്ങളില്‍ ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന ക്രമീകരിക്കണം.

മണിപ്പൂരിലെ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗത്തോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ സൂചകമായി മെഴുകുതിരി കത്തിച്ചുപിടിച്ചുകൊണ്ടുള്ള പ്രദക്ഷിണമോ സമാധാന റാലിയോ നടത്തി സഹാനുഭൂതിയും ആത്മാവിലുള്ള കൂട്ടായ്മയും പ്രകടമാകണം.

വിവിധ സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ എന്‍ജിഒ കള്‍ തുടങ്ങിയവയെ, ഈ പ്രശ്‌നത്തിലുള്ള തങ്ങളുടെ കടുത്ത ആശങ്കകള്‍ അറിയിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് കത്തുകള്‍ എഴുതാന്‍ പ്രേരിപ്പിക്കണം. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ അവിടെ പാലിക്കപ്പെടുന്നില്ല എന്ന കാര്യം അവയില്‍ സവിശേഷമാം വിധം പ്രതിപാദിക്കണം.

സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമാധാന പ്രതിജ്ഞയെടുക്കാനുള്ള അവസരമൊരുക്കണം.

കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായി വരുന്നവരെ, പ്രത്യേകിച്ച് മണിപ്പൂരില്‍നിന്നുള്ളവരെ ഹൃദ്യമായ കരുതലോടും സന്മനസോടുംകൂടി സ്വീകരിക്കാന്‍ തയ്യാറാകണം. അവിടെനിന്നുള്ള വിദ്യാര്‍ത്ഥികളെയും മറ്റു മനുഷ്യരെയും ഉദാരമനസ്ഥിതിയോടെ കത്തോലിക്കാ സഭയുടെ ഹോസ്റ്റലുകളിലും സ്ഥാപനങ്ങളിലും പാര്‍പ്പിക്കാന്‍ കഴിവതും അവസരമൊരുക്കണം.

ഭാരത കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തന, സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ കുടിയിറക്കപ്പെട്ടവരും മണിപ്പൂര്‍, മിസോറാം, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുമായ 14,000 ല്‍പ്പരം ജനങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ഇരയാക്കപ്പെട്ടവരുടെ പുനരധിവാസം, സമുദായനന്തര സൗഹൃദവും സമാധാനവും പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ ദീര്‍ഘകാല പദ്ധതികളുമായാണ് കാരിത്താസ് ഇന്ത്യ മുന്നോട്ടുവന്നിട്ടുള്ളത്. സമാധാനപരമായ സഹവര്‍ത്തിത്വവും പരസ്പര വിശ്വാസവും ഉറപ്പാക്കുന്നതിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

മലബാര്‍ വിഷന്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു

കോഴിക്കോട്: താമരശ്ശേരി രൂപതാ വാര്‍ത്തകളും വിശേഷങ്ങളും തല്‍സമയം ജനങ്ങളിലെത്തിക്കുന്നതിനായി കമ്മ്യൂണിക്കേഷന്‍ മീഡിയയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘മലബാര്‍ വിഷന്‍ ഓണ്‍ലൈന്‍’ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ലോഞ്ച് ചെയ്തു. അസഭ്യമായ കാര്യങ്ങളെ സഭ്യമാക്കുന്ന പ്രവണത സമൂഹത്തില്‍ വര്‍ധിച്ചു വരികയാണെന്നും ഇത്തരം പ്രവണതകള്‍ പ്രതിരോധിക്കാന്‍ അപ്പപ്പോഴുള്ള ഇടപെടലുകള്‍ ആവശ്യമാണെന്നും ബിഷപ് പറഞ്ഞു. ”മികച്ച ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നവമാധ്യങ്ങളെ ഉപയോഗപ്പെടുത്തണം. മലബാര്‍ വിഷന്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ഇത്തരത്തിലുള്ള ഒരു തുടക്കമാണ്. രൂപതാ മുഖപത്രമെന്ന നിലയില്‍ മലബാര്‍ വിഷന്‍ മികച്ച രീതിയില്‍ മുന്നേറുന്നതില്‍ സന്തോഷമുണ്ട്.” ബിഷപ് കൂട്ടിച്ചേര്‍ത്തു.

താമരശ്ശേരി രൂപത കമ്മ്യൂണിക്കേഷന്‍ മീഡിയാ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍, അസി. ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ കെ. എഫ്. ജോര്‍ജ്, പ്രഫ. ചാര്‍ലി കട്ടക്കയം, ജോസ് കെ. വയലില്‍, ജില്‍സണ്‍ ജോസ്, രജിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

താമരശ്ശേരി രൂപതാ മുഖപത്രം മലബാര്‍ വിഷന്റെ പത്താം വര്‍ഷത്തിലാണ് ഓണ്‍ലൈന്‍ രംഗത്തേക്ക് ഇറങ്ങുന്നത്. രൂപതാ വാര്‍ത്തകള്‍ക്കു പുറമേ സഭാ വാര്‍ത്തകളും വത്തിക്കാന്‍ വിശേഷങ്ങളും പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. കരിയര്‍ സംബന്ധമായ ലേഖനങ്ങളും വിശ്വാസപരവും സമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളും പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മലബാര്‍ വിഷന്‍ ഓണ്‍ലൈനിന്റെ അപ്ഡേറ്റുകള്‍ കൃത്യമായി ലഭിക്കാന്‍ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയും ആരംഭിച്ചിട്ടുണ്ട്.

ആദിമ സഭയുടെ ചൈതന്യത്തില്‍ മുന്നേറുവാന്‍ കുടുംബക്കൂട്ടായ്മകള്‍ സജീവമാക്കണം: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

കോഴിക്കോട്: ഒരു ഹൃദയവും ഒരാത്മാവുമായി ആദിമ സഭയുടെ ചൈതന്യത്തില്‍ മുന്നേറുകയെന്നതാണ് കുടുംബക്കൂട്ടായ്മകളിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മേരിക്കുന്ന് പിഎംഒസിയില്‍ നടന്ന കുടുംബക്കൂട്ടായ്മ രൂപതാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
”ആദിമ സഭയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. ദാരിദ്ര്യം അനുഭവിക്കുന്നവരെ സഹായിക്കാന്‍ നമുക്ക് കടമയുണ്ട്. സ്‌നഹം ശക്തമാകുമ്പോള്‍ മാത്രമേ പങ്കുവയ്ക്കാന്‍ കഴിയൂ. ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ ആദിമ സഭയുടെ ചൈതന്യത്തിലേക്ക് നമുക്ക് വളരാന്‍ കഴിയും. കുടുംബക്കൂട്ടായ്മകള്‍ കൃത്യമായി സംഘടിപ്പിക്കുവാന്‍ നേതൃത്വത്തിലുള്ളവര്‍ ശ്രദ്ധിക്കണം. തിരക്കുകള്‍ മാറ്റി വച്ച് കുടുംബത്തിലെ ഓരോ അംഗങ്ങളും കൂട്ടായ്മയില്‍ പങ്കെടുക്കുമ്പോഴാണ് കുടുംബക്കൂട്ടായ്മകള്‍ സജീവമാകുന്നത്. ഓരോ കുടുംബത്തെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കാന്‍കൂടിയുള്ള അവസരമാണ് കുടുംബക്കൂട്ടായ്മകള്‍” – ബിഷപ് പറഞ്ഞു.

രാവിലെ ‘സഭയുടെ അജപാലന ദൗത്യത്തില്‍ അല്മായരുടെ പങ്ക്’ എന്ന വിഷയം അടിസ്ഥാനമാക്കി പിഎംഒസി ഡയറക്ടര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് ക്ലാസ്സ് നയിച്ചു. കുടുംബക്കൂട്ടായ്മ രൂപതാ ഡയറക്ടര്‍ റവ. ഡോ. മാത്യു കുളത്തിങ്കല്‍, രൂപതാ പ്രസിഡന്റ് തോമസ് വലിയപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫൊറോന അടിസ്ഥാനത്തില്‍ നടത്തിയ ഗ്രൂപ്പ് ചര്‍ച്ചകളില്‍ ഫാ. നിഖില്‍ പുത്തന്‍വീട്ടില്‍ മോഡറേറ്ററായിരുന്നു. വിവിധ യൂണിറ്റുകളുടെ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി. വരും വര്‍ഷങ്ങളിലേക്കുള്ള കര്‍മ്മപദ്ധതികള്‍ ചര്‍ച്ച ചെയ്തു.

അല്‍ഫോന്‍സ കോളജില്‍ വായനാ വാരാഘോഷം സമാപിച്ചു

തിരുവമ്പാടി: അല്‍ഫോന്‍സ കോളജില്‍ വായനവാരാഘോഷ സമാപനം ‘സര്‍ഗ്ഗത്മ 23’ ദേവഗിരി കോളജ് അധ്യാപകനും എഴുത്തുകാരനുമായ ബിബിന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യത്തിലെ വായനാനുഭവങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിന് അദ്ദേഹം നേതൃത്വം നല്‍കി. വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ചയായി ഡിപ്പാര്‍ട്‌മെന്റുകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷെനീഷ് ആഗസ്റ്റിന്‍, ലിറ്റററി ക്ലബ് കോഡിനേറ്റര്‍ ദീപ ഡോമിനിക്, അലന്‍ വി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. 2022-23 അദ്ധ്യയന വര്‍ഷത്തില്‍ കോളജ് ലൈബ്രറിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.

കരുത്തുറ്റ വനിതാനേതൃത്വം ഉയര്‍ന്നുവരണം: മാര്‍ ജോസ് പുളിക്കല്‍

കാക്കനാട്: കരുത്തുറ്റ വനിതാനേതൃത്വം സഭയിലും സമൂഹത്തിലും ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. സീറോമലബാര്‍സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോമലബാര്‍ മാതൃവേദിയുടെ ഇന്റര്‍നാഷണല്‍ സെനറ്റ് മീറ്റിങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ”കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ അമ്മമാര്‍ മനസ്സിലാക്കണം. പ്രതിസന്ധികളെ തരണം ചെയ്തു ജാഗ്രതയോടെ ജീവിക്കണം. ശക്തമായ കാഴ്ച്ചപ്പാടുകളും നിലപാടുകളുമുള്ള അമ്മമാര്‍ നേതൃനിരയിലേക്ക് ഉയര്‍ന്നുവരണം.” ബിഷപ് കൂട്ടിച്ചേര്‍ത്തു.

മാതൃവേദി പ്രസിഡന്റ് ബീന ജോഷി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ജനറല്‍ സെക്രട്ടറി ആന്‍സി ചേന്നോത്ത്, സൗമ്യ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. മണിപ്പൂര്‍ ജനത അനുഭവിക്കുന്ന പീഡനങ്ങളെ സമ്മേളനം അപലപിക്കുകയും, മരണമടഞ്ഞവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, ഭവനവും മറ്റ് വസ്തുവകകളും ഇല്ലാതാവുകയും ചെയ്തവരുടെ വേദനയില്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ആനിമേറ്റര്‍ സിസ്റ്റര്‍ ജീസ്സ സിഎംസി, ഗ്രേസി ജോസഫ്, ഡിംബിള്‍ ജോസ്, ഷീജ ബാബു എന്നിവര്‍ നേതൃത്വം നല്‍കി. 24 രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ മീറ്റിങില്‍ പങ്കെടുത്തു.

നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്‌ക്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിച്ച നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്‌ക്കൂള്‍ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് വര്‍ഗീസ് പാലക്കാട്ട്, സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് കറുകമാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

വെള്ളിയാഴ്ച മാംസവര്‍ജ്ജനം ആവശ്യമോ?

ചോദ്യം: വെള്ളിയാഴ്ചകളിലുള്ള മാംസവര്‍ജ്ജനം ഇപ്പോഴും പാലിക്കപ്പെടുന്നുണ്ടോ? മാംസവര്‍ജ്ജനത്തെക്കുറിച്ചുള്ള നിയമം ഒന്നു വിശദീകരിക്കാമോ?

പഴയകാലങ്ങളില്‍ അപൂര്‍വമായും, ഇപ്പോള്‍ കൂടുതലായും കേള്‍ക്കുന്ന ഒരു ചോദ്യമാണിത്. പഴയ തലമുറ മാംസവര്‍ജ്ജനമെന്ന നിയമം കര്‍ശനമായി പാലിച്ചിരുന്നു. ഇപ്പോള്‍ ഈ നിയമത്തില്‍ അയവു വന്നിരിക്കുന്നു, അല്ലെങ്കില്‍ വിശ്വാസികള്‍ സ്വയം അയവു വരുത്തിയിരിക്കുന്നു. എല്ലാറ്റിനെയും വ്യക്തികളുടെ സൗകര്യാര്‍ത്ഥം വ്യാഖ്യാനിക്കുന്ന പ്രവണത കൂടിവരുന്നു എന്നതും സാന്ദര്‍ഭികമായി പറയേണ്ടതുണ്ട്.

വര്‍ജ്ജനം (abstinence) എന്നത് മാംസവും മാംസമടങ്ങിയ മറ്റ് ഭഷ്യവസ്തുക്കളും ഉപേക്ഷിക്കലാണ്. ക്രൈസ്തവരുടെയിടയില്‍ പുരാതനകാലം മുതല്‍ നിലന്നിരുന്ന ഒരു ജീവിതശൈലിയാണിത്. കര്‍ത്താവിശോമിശിഹാ ദുഃഖവെള്ളിയാഴ്ച മരിച്ചതുകൊണ്ട്, അവിടുത്തോടുള്ള ബഹുമാനത്തിന്റെ പേരിലാണ് വെള്ളിയാഴ്ചകളില്‍ മാംസം ഉപേക്ഷിക്കുന്ന സമ്പ്രദായം തുടങ്ങിയത്. പിന്നീട് ഇത് സഭാ നിയമത്തിന്റെ ഭാഗമായി മാറി.

പൗരസ്ത്യസഭകള്‍ക്കുള്ള കാനന്‍ നിയമത്തില്‍ 882-ാം കാനോന പ്രകാരം മാംസവര്‍ജ്ജനത്തെക്കുറിച്ചുള്ള നിയമങ്ങള്‍ ഓരോ വ്യക്തിസഭയും പ്രാബല്യത്തില്‍ വരുത്തേണ്ടവയാണ്. ഓരോ സംസ്‌കാരത്തിന്റെയും പ്രദേശത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുക്കുവാന്‍ ഇത് അവസരം നല്‍കുന്നു. ലത്തീന്‍ കാനന്‍ നിയമത്തില്‍ (cc. 1251, 1252) ഇത് സംബന്ധിച്ച പൊതുവായ നിര്‍ദ്ദേശം നല്‍കുന്നുണ്ടെങ്കിലും പ്രാദേശിക മെത്രാന്‍ സംഘങ്ങള്‍ക്ക് അവശ്യാനുസരണം ഭേദഗതി വരുത്താനുള്ള സാധ്യത നല്‍കുന്നുണ്ട്. സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം മാംസവര്‍ജ്ജനത്തെക്കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. സഭയുടെ പ്രത്യേക നിയമം (art. 196 §2) മാംസത്തില്‍ നിന്നും, മാംസം അടങ്ങിയ മറ്റ് വസ്തുക്കളില്‍ നിന്നുമുള്ള വര്‍ജ്ജനത്തെക്കുറിച്ച് പറയുന്നു.

ഏതൊക്കെ ദിവസങ്ങളിലാണ് മാംസവര്‍ജ്ജനം പാലിക്കേണ്ടത്?
പ്രത്യേക നിയമം art. 198§1 പ്രകാരം എല്ലാ വെള്ളിയാഴ്ചകളിലും മാംസവര്‍ജ്ജനം നിര്‍ബന്ധമായും പാലിച്ചിരിക്കണം. എന്നാല്‍ നിയമം തന്നെ ചില വെള്ളിയാഴ്ചകളെ ഒഴിവാക്കുന്നുണ്ട്. ക്രിസ്തുമസ്സിനും ദനഹാത്തിരുനാളിനുമിടയില്‍ (ഡിസംബര്‍ 25 – ജനുവരി ആറ്) വരുന്ന വെള്ളിയാഴ്ചകളില്‍ മാംസം വര്‍ജ്ജിക്കേണ്ടതില്ല. അതുപോലെ തന്നെ ഉയിര്‍പ്പുതിരുനാള്‍ കഴിഞ്ഞുവരുന്ന ആദ്യത്തെ വെള്ളിയാഴ്ചയും ഈ നിയമം പാലിക്കേണ്ടതില്ല. മറ്റെല്ലാ വെള്ളിയാഴ്ചകളിലും മാംസം വര്‍ജ്ജിക്കാന്‍ സഭാ നിയമം വിശ്വാസികളെ കടപ്പെടുത്തുന്നു. ഇതിനുപുറമേ, മാംസവര്‍ജ്ജനം പാലിക്കുവാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന അഥവാ പ്രോത്സാഹിപ്പിക്കുന്ന ദിവസങ്ങളുമുണ്ട്. പ്രത്യേക നിയമം art. 198 §2 അനുസരിച്ച് താഴെപ്പറയുന്ന ദിവസങ്ങളില്‍ മാംസം ഒഴിവാക്കാന്‍ സഭ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു.
1) വലിയ നോമ്പിന്റെ ദിവസങ്ങള്‍ (വിഭൂതി മുതല്‍ ഈസ്റ്റര്‍ വരെ).
2) ഇരുപ്പത്തിയഞ്ച് നോമ്പിന്റെ ദിവസങ്ങള്‍
3) മൂന്ന് നോമ്പ് (യോനാ മല്‍സ്യത്തിന്റെ ഉദരത്തില്‍ ആയിരുന്ന ദിവസങ്ങളുടെ അനുസ്മരണം. ഈസ്റ്ററിന് മുമ്പുള്ള 10-ാമത്തെ ആഴ്ചയിലെ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് മൂന്ന് നോമ്പ് ക്രമപ്പെടുത്തിയിരിക്കുന്നത്)
4) എട്ട് നോമ്പ് (മാതാവിന്റെ പിറവിത്തിരുനാളിനൊരുക്കമായി സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ടു വരെ)
5) പതിനഞ്ച് നോമ്പ് (ആഗസ്റ്റ് ഒന്ന് മുതല്‍ 15 വരെ മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാളിനൊരുക്കമായി)
മുകളില്‍ പറഞ്ഞിരിക്കുന്ന നോമ്പിന്റെ ദിവസങ്ങളില്‍ മാംസം വര്‍ജ്ജിക്കുവാന്‍ കടമയില്ല. എന്നാല്‍ ആത്മീയ വളര്‍ച്ചയ്ക്ക് ഉപകരിക്കുമെന്നതിനാല്‍ ഈ ദിവസങ്ങളും മാംസവര്‍ജ്ജനത്തിനായി സഭ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു.

ആരൊക്കെയാണ് മാംസവര്‍ജ്ജനത്തിന് കടപ്പെട്ടവര്‍?
പൗരസ്ത്യ കാനന്‍ നിയമമോ, സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമമോ ഇക്കാര്യം വ്യക്തമാക്കുന്നില്ലെങ്കിലും, കത്തോലിക്കാ സഭയുടെ പൊതുനിര്‍ദ്ദേശമനുസരിച്ച് 14 വയസിനു മുകളിലുള്ളവരെയാണ് മാംസം വര്‍ജ്ജിക്കുവാന്‍ സഭ കടപ്പെടുത്തുന്നത്.

മാംസവര്‍ജ്ജനം, ഉപവാസം തുടങ്ങിയ സഭാനിയമങ്ങള്‍ വിശ്വസ്തയോടെ പാലിക്കുന്നത് നമ്മുടെ വിശ്വാസത്തെ പ്രഘോഷിക്കലും സാക്ഷ്യപ്പെടുത്തലുമാണ് എന്നത് നമുക്ക് ഓര്‍മ്മിക്കാം. ദൈവസ്‌നേഹവും സഹോദരസ്‌നേഹവും, ഒരു ക്രൈസ്തവന്‍ നിശ്ചിത ദിവസങ്ങളില്‍ മാംസം വര്‍ജ്ജിക്കുന്നതിനുള്ള പ്രചോദനങ്ങളായി നിലകൊള്ളുന്നു.

ഫാ. സ്‌കറിയ മങ്ങരയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍

തിരുവമ്പാടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായി താമരശ്ശേരി രൂപതാ വൈദികനും തിരുവമ്പാടി അല്‍ഫോന്‍സാ കോളജ് മാനേജറുമായ ഫാ. സ്‌കറിയ മങ്ങരയില്‍ തിരഞ്ഞെടുക്കപ്പെട്ടു. കൂടരഞ്ഞി ഇടവകാംഗമായ ഫാ. സ്‌കറിയ മങ്ങരയില്‍ 2017 മുതല്‍ അല്‍ഫോന്‍സാ കോളജ് മാനേജരാണ്.

രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സിഒഡിയുടെ അസി. ഡയറക്ടറായും ഇന്‍ഫാം കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോടഞ്ചേരി ഇടവകയിൽ അസി. വികാരിയായും മഞ്ഞക്കുന്ന്,കോനൂര്‍കണ്ടി, മുത്തപ്പന്‍പുഴ, കക്കാടംപൊയില്‍, ചെമ്പുകടവ്, തോട്ടുമുക്കം, വിളക്കാംതോട് ഇടവകകളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ കുളിരാമുട്ടി ഇടവക വികാരികൂടിയാണ്.

കെസിവൈഎം ഹോളി കാരവാന്‍ നൂറ് ഇടവകകള്‍ പിന്നിട്ട് പ്രയാണം തുടരുന്നു

താമരശ്ശേരി: രൂപതയുടെ റൂബി ജൂബിലി പദ്ധതികളുടെ ഭാഗമായി കെസിവൈഎം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹോളി കാരവാന്‍ തിരുശേഷിപ്പ് പ്രയാണം നൂറ് ഇടവകകള്‍ പിന്നിട്ടു. കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ ആശീര്‍വാദത്തോടുകൂടി രൂപതാ ഭവനില്‍ നിന്നും ആരംഭിച്ച യാത്രയ്ക്ക് വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ ആദ്യ സ്വീകരണം നല്‍കി. തുടര്‍ന്ന് മരുതോങ്കര, താമരശ്ശേരി, കൂരാച്ചുണ്ട്, കോടഞ്ചേരി, തിരുവാമ്പാടി, തോട്ടുമുക്കം, കരുവാരകുണ്ട്, പെരിന്തല്‍മണ്ണ ഫൊറോനകളിലെ 100 ഇടവകകള്‍ പിന്നിട്ടു പ്രയാണം തുടരുന്നു.

”നമുക്ക് വിശുദ്ധരായ യുവജനങ്ങള്‍ വേണം, നമുക്ക് വിശുദ്ധരായി യുവജനങ്ങളെ വളര്‍ത്തുന്ന വിശുദ്ധരായ മാതാപിതാക്കള്‍ വേണം, ദിവ്യകാരുണ്യ ഭക്തിയിലൂടെ വിശുദ്ധനായി തീരുന്ന ദൈവജനം വേണം, ഈ മൂന്ന് ലക്ഷ്യങ്ങളോടെയാണ് തിരുശേഷിപ്പ് പ്രയാണം സംഘടിപ്പിക്കുന്നത്. പിന്നിട്ട ഇടവകകളിലെല്ലാം ഊഷ്മളമായ വരവേല്‍പ്പാണ് കാരവാന് ലഭിച്ചത്. ഒപ്പം നടന്നവര്‍ക്കും പ്രയാണത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നു” -കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളയ്ക്കാകുടിയില്‍ പറഞ്ഞു.

വാഴ്ത്തപ്പെട്ട കാര്‍ലോ അക്വിറ്റസ്, വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വിശുദ്ധ ലൂയി മാര്‍ട്ടിന്‍- സെലി ഗ്വെരിന്‍ ദമ്പതികള്‍, വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ, വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ മറിയം ത്രേസ്യ, വിശുദ്ധ ചാവറയച്ചന്‍, വിശുദ്ധ എവുപ്രാസ്യാമ്മ, വിശുദ്ധ ദേവസഹായം പിള്ള, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍, വാഴ്ത്തപ്പെട്ട റാണി മരിയ എന്നിവരുടെ തിരുശേഷിപ്പുകള്‍ ആണ് സംവഹിക്കുന്നത്.

വിശുദ്ധാത്മാക്കളുടെ ജീവചരിത്ര – എക്‌സിബിഷന്‍, വിശുദ്ധ കുര്‍ബാന, ആരാധന, ഡോക്യുമെന്ററി പ്രദര്‍ശനം, ആത്മീയ പ്രഭാഷണം, തിരുശേഷിപ്പ് വന്ദനം എന്നിവയാണ് പ്രയാണത്തോട് അനുബന്ധിച്ച് നടത്തുന്നത്.

മലപ്പുറം, പാറോപ്പടി ഫൊറോനകളില്‍ പര്യടനം പൂര്‍ത്തിയാക്കി ജൂലൈ എട്ടിന് പാറോപ്പടി സെന്റ് ആന്റണീസ് ഫെറോന ദേവാലയത്തില്‍ പ്രയാണം സമാപിക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമാപന ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.

Exit mobile version