ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സംഘടിത ഭീകരതയ്‌ക്കെതിരെ തിരുവമ്പാടിയില്‍ ഐക്യദാര്‍ഢ്യ സദസ്

ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സംഘടിത ഭീകരതയ്‌ക്കെതിരെ താമരശ്ശേരി രൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തില്‍ ഇന്ന് (ജൂണ്‍ 9, വെള്ളി) വൈകുന്നേരം 4.30ന് തിരുവമ്പാടി അങ്ങാടിയില്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിക്കും.

തിരുവമ്പാടി: ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സംഘടിത ഭീകരതയ്‌ക്കെതിരെ താമരശ്ശേരി രൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തില്‍ ഇന്ന് (ജൂണ്‍ 9, വെള്ളി) വൈകുന്നേരം 4.30ന് തിരുവമ്പാടി അങ്ങാടിയില്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിക്കും.
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന ശ്രദ്ധ സതീഷിന്റെ അകാല മരണത്തില്‍ കെസിവൈഎം താമരശ്ശേരി രൂപതാ സമിതി അനുശോചനം രേഖപ്പെടുത്തി. ആത്മഹത്യയെ തുടര്‍ന്ന് കോളജിനെതിരെ ചില സംഘടനകള്‍ ആസൂത്രിതമായി നടത്തുന്ന ആക്രമണങ്ങളെയും വിദ്വേഷ പ്രചരണങ്ങളെയും കത്തോലിക്കാ കോണ്‍ഗ്രസ്, കെസിവൈഎം രൂപതാ ഭാരവാഹികള്‍ ശക്തമായി അപലപിച്ചു.
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയും വിനിയോഗിക്കുന്നത് ക്രൂരമായ നിലപാടാണ്. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സംഘടിത ഭീകരത ഇനിയും അനുവദിക്കാന്‍ കഴിയില്ല. ചില പ്രസ്ഥാനങ്ങളുടെ അത്തരം നിലപാടുകള്‍ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന് കളങ്കം ചാര്‍ത്തുന്നതാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്, കെസിവൈഎം രൂപതാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

ശസ്ത്രക്രിയ കഴിഞ്ഞു, ഫ്രാന്‍സിസ് പാപ്പ സുഖം പ്രാപിക്കുന്നു

മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ സുഖം പ്രാപിക്കുന്നു. വത്തിക്കാന്‍ സമയം ജൂണ്‍ 7 ബുധനാഴ്ച വൈകുന്നേരമാണ് ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്കായി പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹെര്‍ണിയയുമായി ബന്ധപ്പെട്ട് വേദനയനുഭവിക്കുന്ന പാപ്പായെ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് ഇത്തരമൊരു ഓപ്പറേഷന്‍ നടത്താന്‍ തീരുമാനിച്ചത്.

ഓപ്പറേഷന്‍ സങ്കീര്‍ണതകളില്ലാതെ പൂര്‍ത്തിയാക്കിയെന്നും അനസ്‌തേഷ്യയുടെ ആലസ്യംമാറി ഫ്രാന്‍സിസ് പാപ്പ പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചെത്തിയും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സെര്‍ജിയോ അല്‍ഫെയ്‌റി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പാപ്പയ്ക്ക് ഏഴു ദിവസത്തോളം വിശ്രമം വേണ്ടിവരും. ജൂണ്‍ 18 വരെയുള്ള പാപ്പായുടെ കൂടിക്കാഴ്ചകള്‍ താല്‍ക്കാലികമായി നിറുത്തിവച്ചതായി വത്തിക്കാന്‍ പ്രസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചു.

ഇത് മൂന്നാം തവണയാണ് പാപ്പാ ജെമെല്ലി ആശുപത്രിയില്‍ അഡ്മിറ്റാകുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ശ്വാസകോശസംബന്ധിയായ പ്രശ്‌നങ്ങള്‍ കാരണം പാപ്പാ ഇതേ ആശുപത്രിയില്‍ നാലു ദിനങ്ങള്‍ കഴിഞ്ഞിരുന്നു. 2021 ജൂലൈ മാസത്തിലും ഉദരസംബന്ധിയായ ഒരു ഓപ്പറേഷനുവേണ്ടി പാപ്പാ ജെമെല്ലി ആശുപത്രിയില്‍ എത്തിയിരുന്നു.

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എതിരെയുള്ളനീക്കങ്ങള്‍ അപലപനീയം: കെസിബിസി ജാഗ്രതാ കമ്മീഷന്‍

സ്ഥാപനത്തിന്റെ സല്‍പ്പേര് തകര്‍ക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് പിന്നിലെന്ന് വിലയിരുത്തുന്നു.

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിനെതിരെ നടക്കുന്ന പ്രചരണങ്ങളും അനാവശ്യ സമരങ്ങളും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള രാഷ്ട്രീയ വര്‍ഗീയ പ്രത്യയ ശാസ്ത്രങ്ങളുടെ നീക്കമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍. അക്രമ രാഷ്ട്രീയത്തിനും പലവിധ അരാജകത്വങ്ങള്‍ക്കുമെതിരെ നിലപാടുകള്‍ സ്വീകരിക്കുന്നതാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുള്ള വികാരമെന്ന് ജാഗ്രതാ കമ്മീഷന്‍ പത്രക്കുറുപ്പില്‍ ചുണ്ടിക്കാട്ടി.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഏകപക്ഷീയമായി കോളജിനെതിരെ തിരിഞ്ഞിരിക്കുന്നതും ദുരാരോപണങ്ങള്‍ ഉന്നയിച്ച് കോളജിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതും ചില സ്ഥാപിത താല്‍പ്പര്യങ്ങളോടെയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും സമൂഹത്തില്‍ തെറ്റിദ്ധാരണ പടത്തുന്ന വിധത്തിലുള്ള മാധ്യമ ഇടപെടലുകള്‍ പതിവായി ഉണ്ടാകുകയും ചെയ്യുന്നത് നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ മാധ്യമരംഗത്തെ ദുസ്വാധീനം വ്യക്തമാക്കുന്നു. മാധ്യമങ്ങളുടെ ഇത്തരം നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണ്.

സ്ഥാപനത്തിന്റെ സല്‍പ്പേര് തകര്‍ക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് പിന്നിലെന്ന് വിലയിരുത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയും അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന വിധത്തില്‍ നടത്തുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായി സ്വീകരിച്ച മുന്‍കാല നിലപാടുകളാകാം ചില തല്‍പ്പര കക്ഷികളെ ഇത്തരം നീക്കങ്ങളിലേക്ക് നയിച്ചത്. വാസ്തവങ്ങള്‍ ഉള്‍ക്കൊണ്ട് വിദ്യാര്‍ത്ഥി സമൂഹത്തിനും പൊതുസമൂഹത്തിനും ഹിതകരമായ നിലപാടുകള്‍ സ്വീകരിക്കുവാനും ദോഷകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്തുവാനും ഭരണകൂടം തയ്യാറാകണം.

ആത്മഹത്യാ പ്രവണതകള്‍ പോലുള്ള മാനസിക ദൗര്‍ബല്യങ്ങള്‍ പല കാരണങ്ങളാലും വ്യക്തിയില്‍ രൂപപ്പെടാവുന്നതാണ്. അവ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിനുള്ള ചുമതല സര്‍ക്കാരിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരുപോലെയുണ്ട്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ വൈകാരിക പ്രതികരണങ്ങള്‍ക്ക് പിന്തുണയും പ്രചോദനവും നല്‍കി, പൊലീസിന്റെ അന്വേഷണത്തെയും പൊതുസമൂഹത്തിന്റെ ധാരണകളെയും അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും.

വിശദവും സമഗ്രവുമായ അന്വേഷണം ഉറപ്പുവരുത്തണമെന്ന് പൊലീസ് അധികാരികളോട് അമല്‍ ജ്യോതി കോളജ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണവും തുടര്‍ നടപടികളുമായി ബന്ധപ്പെട്ട് പൂര്‍ണ സഹകരണം കോളജ് മാനേജ്‌മെന്റ് ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ അവയെ മുഖവിലയ്‌ക്കെടുക്കാത്ത നീക്കങ്ങളാണ് ചില സംഘടകളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. സംസ്ഥാനത്തിന്റെ നിയമസംവിധാനങ്ങള്‍ക്കുപോലും വഴങ്ങാത്ത തല്‍പ്പര കക്ഷികളുടെ നീക്കങ്ങള്‍ പ്രതിഷേധാര്‍ഹവും ഒഴിവാക്കപ്പെടേണ്ടതുമാണ്.

കത്തോലിക്ക സഭയുടെയും മറ്റു ക്രൈസ്തവ സമൂഹങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രത്യേകമായി ടാര്‍ജറ്റു ചെയ്ത് വലിയ വിവാദങ്ങളുണ്ടാക്കി വിളവെടുക്കുവാനുള്ള ശ്രമങ്ങള്‍ അപലപനീയമാണ്. മികച്ച രീതിയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വീണു കിട്ടുന്ന അവസരങ്ങള്‍ മുതലെടുത്ത് നടത്തുന്ന നീക്കങ്ങളെയും സല്‍പ്പേര് നഷ്ടപ്പെടുത്താനുള്ള ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കുമെന്നും വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് കേരളത്തിലെ മതേതര സമൂഹവും ഭരണകൂടവും യുക്തമായ രീതിയില്‍ പ്രതികരിക്കുകയും ഇടപെടുകയും ചെയ്യണമെന്നും കെസിബിസി ജാഗ്രതാ കമ്മീഷന്‍ പത്രക്കുറുപ്പിലൂടെ ആവശ്യപ്പെട്ടു.

ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ ജോലി:ആല്‍ഫ മരിയ അക്കാദമിയില്‍ പരിശീലനം ആരംഭിച്ചു

തിരുവമ്പാടി: താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ മരിയ അക്കാദമിയില്‍ 2023 – 2024 വര്‍ഷങ്ങളില്‍ ആരോഗ്യമേഖലയില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന DHS Staff Nurse – Nursing Officer, AIIMS – NORCET തുടങ്ങിയ പരീക്ഷകള്‍ക്ക് ഒരുക്കമായുള്ള പരിശീലന ക്ലാസ്സുകള്‍ ജൂണ്‍ 10 മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ക്ലാസുകളും, കുന്നമംഗലം, തിരുവമ്പാടി സെന്ററുകളില്‍ ഓഫ് ലൈന്‍ ക്ലാസുകളും ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷകള്‍ നടക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ റെക്കോഡഡ് വീഡിയോകള്‍ ആല്‍ഫ മരിയ അക്കാദമി മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കും. മുന്‍ വര്‍ഷങ്ങളിലെ പരീക്ഷ ചോദ്യ പേപ്പറുകള്‍ വിശകലനം ചെയ്യും. ദിവസന പരിശീലന പരീക്ഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. നൂറില്‍ അധികം മെഗാ ടെസ്റ്റുകളും തയ്യാറാക്കിയിട്ടുണ്ട്. ക്ലാസുകളുടെ പിഡിഎഫ് ഫോര്‍മാറ്റിലുള്ള നോട്ടുകള്‍ നല്‍കുന്നതാണ്. അഡ്മിഷന് വിളിക്കേണ്ട നമ്പര്‍: 99468 65818, 99616 54611

നേവിയില്‍ അഗ്നിവീര്‍ ആകാന്‍ അവസരം

അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഓണ്‍ലൈനായി ജൂണ്‍ 15 വരെ അപേക്ഷിക്കാം.

ഇന്ത്യന്‍ നേവിയില്‍ അഗ്നിവീറാകാനുള്ള അവസരം. വിവിധ വിഭാഗങ്ങളിലായി 1465 ഒഴിവുകളുണ്ട്. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഓണ്‍ലൈനായി ജൂണ്‍ 15 വരെ അപേക്ഷിക്കാം. നവംബര്‍ മുതല്‍ പരിശീലനം തുടങ്ങും. നാലു വര്‍ഷത്തേക്കാണ് നിയമനം.
ആദ്യവര്‍ഷം പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 33,000 രൂപ, 36500 രൂപ, 40,000 രൂപയായരിക്കും ശമ്പളം.കംപ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷ, എഴുത്തുപരീക്ഷ, ഫിസിക്കല്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
താമരശ്ശേരി രൂപതയുടെ ഹെല്‍പ് ഡെസ്‌ക് സംരംഭമായ എയ്ഡര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അഗ്നിവീര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള സഹായം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. https://www.aiderfoundation.org/service/navi-agniveer-recruitment-20233. (എയ്ഡര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തി സമയം രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ്)

പരിസ്ഥിതി ദിനത്തില്‍ തെരുവുനാടകം അവതരിപ്പിച്ച് കെസിവൈഎം പ്രതിഷേധം

വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ അക്രമണങ്ങള്‍ക്ക് എതിരെയും സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെയും പരിസ്ഥിതി ദിനത്തില്‍ പ്രതിഷേധവുമായി കെസിവൈഎം.

കക്കാടംപൊയില്‍: വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ അക്രമണങ്ങള്‍ക്ക് എതിരെയും സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെയും പരിസ്ഥിതി ദിനത്തില്‍ പ്രതിഷേധവുമായി കെസിവൈഎം. കേരളത്തില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗാക്രമണങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് വന്യമൃഗസംരക്ഷണത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കപട പരിസ്ഥിതിവാദികള്‍ക്കും എതിരെ തെരുവുനാടകം അവതരിപ്പിച്ചാണ് പ്രതിഷേധ ദിനം ആചരിച്ചത്. പുല്ലൂരാംപാറ യൂണിറ്റ് അംഗങ്ങളാണ് തെരുവു നാടകം അവതരിപ്പിച്ചത്.
പ്രതിഷേധ ദിനത്തിന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷാരോണ്‍ കെ. ഷാജി, ഡോ. ചാക്കോ കാളംപറമ്പില്‍, ഫാ. ജോര്‍ജ് വെള്ളക്കാകുടിയില്‍, അഭിലാഷ് കുടിപ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തണലിടം: കെസിവൈഎം പരിസ്ഥിതി ദിനം ആചരിച്ചു

കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം ‘തണലിടം’ താമരശ്ശേരി രൂപതയുടെ ആതിഥേയത്വത്തില്‍ കക്കാടംപൊയിലില്‍ നടന്നു.

കക്കാടംപൊയില്‍: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം ‘തണലിടം’ താമരശ്ശേരി രൂപതയുടെ ആതിഥേയത്വത്തില്‍ കക്കാടംപൊയിലില്‍ നടന്നു. തിരുവമ്പാടി അല്‍ഫോന്‍സ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ചാക്കോ കാളംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് സംസ്‌കരണത്തിനായി പ്ലാസ്റ്റിക് സെമിത്തേരി എന്ന ആശയം പ്രചരിപ്പിക്കപ്പെടേണ്ടതുണ്ടെന്നും പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെ ചെറുക്കുവാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് കെ. ജി. ഷാരോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജി ടെന്നിസണ്‍, കെസിവൈഎം താമരശ്ശേരി രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളക്കാകുടിയില്‍, പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ, ആനിമേറ്റര്‍ സിസ്റ്റര്‍ റോസീന്‍ എസ്എബിഎസ്, സംസ്ഥാന സെക്രട്ടറി അനു ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യമൃഗശല്യത്തില്‍ പ്രതിഷേധിച്ചു പുല്ലൂരാന്‍പാറ യൂണിറ്റ് അംഗങ്ങള്‍ തെരുവുനാടകം അവതരിപ്പിച്ചു. കക്കാടംപൊയില്‍ സെന്റ്. മേരീസ് സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുവാന്‍ വെണ്ട തൈകള്‍, ബീറ്റ് പ്ലാസ്റ്റിക് പൊലുഷന്‍ ക്യാമ്പയിനിന്റെ ഭാഗമായി വിത്തുകള്‍ ഉള്‍ക്കൊള്ളുന്ന പേപ്പര്‍ പേനകള്‍ എന്നിവ വിതരണം ചെയ്തു.
‘മണ്ണിലിറങ്ങാം മാലിന്യം നീക്കാം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ശേഖരിച്ച മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയെ ഏല്‍പ്പിച്ചു സംസ്ഥാന പ്രസിഡന്റ് ഷാരോണ്‍ കെ. റെജി നിര്‍വഹിച്ചു. കക്കാടംപൊയില്‍ വികാരി ഫാ. അഗസ്റ്റിന്‍ കിഴക്കരക്കാട്ട്, തോട്ടുമുക്കം മേഖല ആനിമേറ്റര്‍ സിസ്റ്റര്‍ അലന്‍ മരിയ, ഗ്രാലിയ അന്ന അലക്‌സ്, ലിബിന്‍ മുരിങ്ങലത്ത്, മറിയം ടി. തോമസ്, ഷിബിന്‍ ഷാജി, എസ്. ഫ്രാന്‍സിസ്, അലീന മാത്യു, റിച്ചാഡ് ജോണ്‍, ജസ്റ്റിന്‍ സൈമണ്‍, അലന്‍, ജിസ്‌ന, തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മിഷന്‍ ലീഗിന്റെ പ്രവര്‍ത്തന വര്‍ഷ മാര്‍ഗരേഖ

താമരശ്ശേരി: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തന വര്‍ഷ മാര്‍ഗരേഖ രൂപതാ പ്രസിഡന്റ് ബാബു ചെട്ടിപ്പറമ്പിലിനു നല്‍കി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. മേരി മാതാ കത്തിഡ്രലില്‍ നടന്ന ചടങ്ങില്‍ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി വ്യത്യസ്തമായ പദ്ധതികളാണ് മിഷന്‍ ലീഗ് ഈ വര്‍ഷം വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ശാഖയിലേയും പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് രൂപതയുടെ കൗണ്‍സലിങ് സെന്ററായ വേനപ്പാറയിലെ ക്യാമ്പിന്റെ സേവനം ലഭ്യമാക്കാന്‍ പദ്ധതിയുണ്ട്. ഹെസദ് 2K23 എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സലിങ്ങും പരിശീലനവും മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണവും നല്‍കും.

പ്രാര്‍ത്ഥനാ സഹായം ആവശ്യമുള്ള മിഷന്‍ലീഗ് അംഗങ്ങള്‍ക്ക് മിഷന്‍ലീഗ് രൂപതാ പ്രെയര്‍ സെല്ലിന്റെ സേവനം ലഭ്യമാക്കും. 9400910328, 9447663859 എന്നീ നമ്പറില്‍ വിളിച്ചോ വാട്‌സാപ്പ് മെസേജായോ പ്രാര്‍ത്ഥനാ സഹായം തേടാവുന്നതാണ്.

ഓരോ മേഖലയും ഓരോ അഗതി മന്ദിരങ്ങള്‍ സന്ദര്‍ശിക്കുന്ന ബേത്സഥാ 2K23 എന്ന പദ്ധതിയും പുതിയ കര്‍മ്മപദ്ധതിയിലുണ്ട്.
ഓണം, ക്രിസ്തുമസ്, ഈസ്റ്റര്‍, ഇടവകതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഇടവകയിലെ കിടപ്പുരോഗികളെ സന്ദര്‍ശിച്ച് അവരോടൊപ്പം ആഘോഷിക്കുന്നതിനും നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്ന പദ്ധതിയും രൂപീകരിച്ചിട്ടുണ്ടെന്ന് മിഷന്‍ ലീഗ് രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍ പറഞ്ഞു.

സ്റ്റാര്‍ട്ടില്‍ MTC കോഴ്‌സ്: അഡ്മിഷന്‍ ആരംഭിച്ചു

കോഴിക്കോട്: താമരശ്ശേരി രൂപതയുടെ കീഴില്‍ ഉന്നത വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററായ സ്റ്റാര്‍ട്ടില്‍ പ്ലസ് ടുവിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്കായി ഏക വത്സര MTC (Master’s Training Course) കോഴ്‌സ് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ് ടുവിന് ശേഷം അഖിലേന്ത്യ തലത്തിലുള്ള പ്രധാനപ്പെട്ട എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുള്ള കോച്ചിങാണ് ഈ കോഴ്‌സില്‍ നല്‍കുന്നത്.
സ്വഭാവ വൈശിഷ്ഠ്യവും സാമൂഹിക പ്രതിബദ്ധതയും ഉയര്‍ന്ന ധാര്‍മിക ബോധവുമുള്ള മുന്‍നിര നേതാക്കളെയും ഉദ്യോഗസ്ഥരെയും നിയമപാലകരെയും കുടിയേറ്റ മേഖലകളില്‍ നിന്ന് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് പരിശീലന പരിപാടിയുടെ മുഖ്യ ലക്ഷ്യം.
അഖിലേന്ത്യാ തലത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കേന്ദ്ര സര്‍വകലാശാലകളിലും പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും അഡ്മിഷന്‍ നേടി മികവുറ്റ വിധം പഠനം പൂര്‍ത്തിയാക്കി നേതൃ പദവികളില്‍ എത്തുവാന്‍ MTC കോഴ്‌സ് ഉപകരിക്കും. ഈ ഏക വത്സര പരിശീലന പരിപാടിയില്‍ CUET, KEAM, CUSAT CAT, CLAT, IPM, NID, NDA Technical & non technical പരീക്ഷകളെ കേന്ദ്രീകരിച്ചു കൊണ്ടാണ് വിദ്യാര്‍ത്ഥികളെ ഒരുക്കുന്നത്.
ആധുനിക കാലഘട്ടത്തിന്റെ മാറ്റങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് കാലോചിതമായ പല കോഴ്‌സുകളും സ്റ്റാര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച AI (Artificial Intelligence) and Computer programming with Python ഇതിനുദാഹരണമാണ്. ഈ വര്‍ഷം Data analysis എന്ന കോഴ്‌സ് കൂടി MTC വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയാണ് കോഴ്‌സിലേക്ക് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 90371 07843 (ഓഫീസ്), 9744 458111 (ഡയറക്ടര്‍). Web: www.startindia.org, Email: startcalicut22@gmail.com, director@startindia.org

പരിശുദ്ധ മാതാവിനോട് ചേര്‍ന്ന് തിരുഹൃദയത്തണലില്‍

പരിശുദ്ധ കന്യകാമറിയത്തിനുവേണ്ടി സമര്‍പ്പിതമായിരിക്കുന്ന മേയ്മാസത്തിലൂടെ നാം കടന്നു പോവുകയാണ്. തിരുഹൃദയ മാസത്തിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങള്‍ ആഹ്ലാദാരവങ്ങളോടെ പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ക്രിസ്തുവിനു ജന്മം നല്കിയതു കൊു മാത്രമല്ല, ദൈവത്തിന്റെ എല്ലാ ഇഷ്ടങ്ങള്‍ക്കും തന്നെത്തന്നെ വിധേയപ്പെടുത്തിയതുകൊണ്ടുകൂടിയാണ് പരിശുദ്ധ അമ്മ സ്ത്രീകളില്‍ അനുഗൃഹീതയായതും എല്ലാ തലമുറകളും അവളെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കുന്നതും. വിശ്വാസത്തിന്റെ ഒരു തീര്‍ത്ഥയാത്രയായിരുന്നു ആ ജീവിതം. തന്നില്‍ ദൈവം ആരംഭിച്ചത് അവിടുന്ന് പൂര്‍ത്തിയാക്കുമെന്ന വിശ്വാസത്തോടെയുള്ള യാത്ര.
ജീവിതത്തെ അതിന്റെ എല്ലാ അനുഭവങ്ങളോടുംകൂടി അതേപടി സ്വീകരിക്കുവാനാണ് പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നത്. എന്തുമാത്രം ഉത്കണ്ഠയും ഏകാന്തതയും നൊമ്പരങ്ങളും അവള്‍ അനുഭവിച്ചിട്ടുെന്ന് ഊഹിച്ചെടുക്കാന്‍ പോലും പറ്റുമെന്ന് തോന്നുന്നില്ല. എങ്ങനെയാണ് മറിയത്തിന് ഇത്രയും സൗമ്യമായും ധീരമായും ഈ സഹനാനുഭവങ്ങളിലൂടെ കടന്നുപോകാനായത്? അതിനെക്കുറിച്ച് ലൂക്ക സുവിശേഷകന്‍ ഒറ്റവരിയില്‍ സംഗ്രഹിച്ചിട്ടുണ്ട്. മറിയമാകട്ടെ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു. വിശ്വാസത്തിന്റെ ആഴമേറിയ തലങ്ങളിലൂടെ യൗവനാരംഭത്തില്‍ത്തന്നെ യാത്ര ആരംഭിച്ചവളാണ് മറിയം.
ആത്മീയത എന്നു പറയുന്നത് ജീവിതത്തെ അതേപടി സ്വീകരിക്കാനും സ്‌നേഹിക്കാനും ഒരാളെ ബലപ്പെടുത്തേ ഘടകമാണ്. അല്ലാതെ അത്ഭുതങ്ങളാലും അടയാളങ്ങളാലും ആഘോഷിക്കേണ്ട ഒന്നല്ല. മറ്റുള്ളവരേ അതേപടി സ്വീകരിക്കാനും സ്‌നേഹിക്കാനും കഴിയുന്നത് പക്വതയുള്ള ആത്മീയതയുടെ ലക്ഷണമാണ്.
മുറിപ്പാടുള്ള ഒരു ഹൃദയവുമായി നില്‍ക്കുന്ന ക്രിസ്തുവിന്റെ ചിത്രം നമ്മുടെ മനസിനെ വല്ലാതെ സ്വാധീനിക്കാറുണ്ട്. ദൈവത്തിന് ഒരു ഹൃദയമുെന്ന് മാത്രമല്ല അതിലൊരു മുറിവു കൂടിയുെന്നത് തിരുഹൃദയത്തെ സ്‌നേഹിക്കുവാന്‍ വലിയ കാരണമായിത്തീരുന്നു. സ്‌നേഹം അതിന്റെ പൂര്‍ണ്ണതയില്‍ വെളിപ്പെടുന്നത് ക്രിസ്തുവിലാണ്. മനുഷ്യന്റെ കണ്ണീരിനും സങ്കടത്തിനും മുമ്പില്‍ പിടിച്ചു നില്‍ക്കാനാകാത്ത ആര്‍ദ്രഹൃദയമുള്ള ദൈവത്തെയാണ് ക്രിസ്തുവിലൂടെ ലോകത്തിന് വെളിപ്പെട്ടത്. വേദനിക്കുന്ന മനുഷ്യനോട് തോന്നിയ അനുകമ്പയില്‍ നിന്നാണ് അവന്‍ അത്ഭുങ്ങള്‍പോലും പ്രവര്‍ത്തിച്ചത്. ജീവനറ്റ ശരീരമാണെന്നറിഞ്ഞിട്ടും അവന്റെ നെഞ്ചില്‍ മുറിവേല്‍പിച്ചവന്റെ കാഴ്ചയില്ലാത്ത കണ്ണിലേക്ക് ഒരു തുള്ളി ചോര ഇറ്റിച്ചുകൊണ്ട് തിരുഹൃദയനാഥന്‍ കാഴ്ച നല്‍കുകയാണ്.
ക്രിസ്തുവിന്റെ മുറിവേറ്റ ഹൃദയം ഇതുകൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നിനക്ക് ആരെയെങ്കിലും സ്‌നേഹിക്കണമെങ്കില്‍ മുറിവേറ്റേ മതിയാകൂ. തോറ്റുകൊടുക്കലിന്റെ, നിശ്ബ്ദമായ സഹനത്തിന്റെ മുറിവുകള്‍ അന്യായമായും നീ സഹിക്കണം. പകരം വീട്ടാന്‍ നമുക്കാവില്ല. നഷ്ടങ്ങളുടെ കണക്കേ ഉണ്ടാവുകയുള്ളൂ. ഒപ്പം നിന്റെ മുറിവുകള്‍ മറ്റുള്ളവര്‍ക്ക് സൗഖ്യം നല്‍കാനുതകുന്ന തിരുമുറിവുകളാക്കി മാറ്റണം.
ക്രിസ്തു സഹജമായ സ്‌നേഹത്തിനു മാത്രമേ ലോകത്തെ രക്ഷിക്കാനാവൂ. അല്‍പ്പം കൂടി ക്ഷമിക്കുവാനും സഹിക്കുവാനും പ്രാര്‍ത്ഥിക്കുവാനും പരിശുദ്ധ അമ്മയുടെ വണക്കമാസവും തിരുഹൃദയ മാസവും നമ്മെ ബലപ്പെടുത്തട്ടെ, അതിനുള്ള ശ്രമങ്ങള്‍ നമ്മുടെ ജീവിതത്തെ ദീപ്തമാക്കും. പുതിയ അധ്യയനവര്‍ഷം പരിശുദ്ധ അമ്മയോടും തിരുഹൃദയ നാഥനോടും ചേര്‍ന്നായിരിക്കട്ടെ.

Exit mobile version