ക്രിസ്തുവിന്റെ പീഡാസഹനം ധ്യാനിച്ചും യുദ്ധക്കെടുതികള്‍ മൂലം ക്ലേശം അനുഭവിക്കുന്നവരെയും വന്യജീവി ഭീതിയില്‍ കഴിയുന്ന മലയോര മേഖലയെയും ദുരിതത്തിലായ കര്‍ഷകരെയും പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും പ്രത്യേക നിയോഗമായി സമര്‍പ്പിച്ചും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ നടത്തിയ കുളത്തുവയല്‍ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി. താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ നിന്ന് കുളത്തുവയല്‍ കുടിയേറ്റ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് 35 കിലോമീറ്ററുകളോളം നീളുന്ന തീര്‍ത്ഥയാത്രയില്‍ വൈദികരും സന്യസ്തരും നിരവധി വിശ്വാസികളും പങ്കുചേര്‍ന്നു.
ഒരു വര്‍ഷം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജമാണ് കുളത്തുവയല്‍ തീര്‍ത്ഥാടനത്തിലൂടെ തനിക്ക് ലഭിക്കുന്നതെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. നാല്‍പതാം വെള്ളി സന്ദേശം താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ പങ്കുവച്ചു. ‘നമ്മുടെ വേദനകളുടെ വഴിയെ നമുക്ക് മുമ്പേ സഞ്ചരിച്ചവനാണ് യേശു. ജീവിത സഹനങ്ങളെ എങ്ങനെ നേരിടണമെന്ന് യേശു സ്വജീവിതത്തിലൂടെ കാട്ടിത്തന്നു. സഹനത്തിന്റെ വില ദൈവത്തിന്റെ മുമ്പിലുള്ള ഉയര്‍ത്തപ്പെടലാണ്. വ്യക്തികള്‍ ഇന്ന് ഇലക്ട്രോണിക്കിലി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷെ, സൈക്കോളജിക്കലി വളരെ അകലത്തിലാണ്. ഊഷ്മളമായ വ്യക്തിബന്ധങ്ങളിലേക്കുള്ള തിരിച്ചുപോക്ക് അനിവാര്യമാണ്.” മോണ്‍. അബ്രഹാം വയലില്‍ പറഞ്ഞു.
മോണ്‍. അബ്രഹാം വയലില്‍, രൂപതാ ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട്, താമരശ്ശേരി മേരിമാതാ കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍, കുളത്തുവയല്‍ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. സണ്ണി കളപ്പുരയ്ക്കല്‍ എന്നിവര്‍ തീര്‍ത്ഥാടത്തിന് നേതൃത്വം നല്‍കി.
കട്ടിപ്പാറ വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി, തലയാട് വികാരി ഫാ. സായി പാറന്‍കുളങ്ങര, കല്ലാനോട് വികാരി ഫാ. ജിനോ ചുണ്ടയില്‍, കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ എന്നിവര്‍ അതതു കേന്ദ്രങ്ങളില്‍ തീര്‍ത്ഥാടകരെ സ്വീകരിക്കുകയും സൗകര്യങ്ങളൊരുക്കുകയും ചെയ്തു.
മാര്‍ച്ച് 21-ന് രാത്രി 10-ന് താമരശ്ശേരി കത്തീഡ്രലില്‍ നിന്നാണ് തീര്‍ത്ഥാടനം ആരംഭിച്ചത്. കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലിയാണ് തീര്‍ത്ഥാടകര്‍ 35 കിലോമീറ്റര്‍ താണ്ടി കുളത്തുവയലില്‍ എത്തിയത്.