Obituary

ആ ശബ്ദം നിലച്ചിട്ട് ഒരു വര്‍ഷം


താമരശ്ശേരി രൂപതയിലെ കാര്‍ഷിക കുടിയേറ്റ ഗ്രാമമായ തിരുവമ്പാടിയില്‍ നിന്നും ശക്തനായ അല്‍മായ നേതാവായി വളര്‍ന്ന് സഭയ്ക്കും സമൂഹത്തിനുമായി നിസ്വാര്‍ത്ഥ സേവനം ചെയ്ത ബേബി പെരുമാലില്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം.

കുടിയേറ്റകര്‍ഷകരായ പെരുമാലില്‍ ദേവസ്യ – റോസമ്മ ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂത്ത മകനായി ജനിച്ച അദ്ദേഹം പഠനകാലം മുതല്‍ തന്നെ സഭയുടെ എല്ലാ സംഘടനകളിലും സജീവമായിരുന്നു. മതബോധന അധ്യാപകനായും ഇടവക കൈക്കാരനായും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, ഇന്‍ഫാമിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍, കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ഏറെക്കാലം ദീപികയുടെ തിരുവമ്പാടി ലേഖകനായിരുന്നു.

മികച്ച സംഘാടകനായിരുന്ന ബേബി കര്‍ഷക മുന്നേറ്റ സമരങ്ങളിലും സമുദായം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്കും നേതൃത്വം നല്കി. കുടിയേറ്റജനതയുടെ സ്വപ്‌നങ്ങള്‍ തല്ലിത്തകര്‍ത്ത് നടപ്പാക്കാന്‍ ശ്രമിച്ച കസ്തൂരിരംഗന്‍ – ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുടെ കാണാക്കുരുക്കുകള്‍ തിരിച്ചറിഞ്ഞ്, അതിനെതിരേ കുടിയേറ്റ ജനതയെ ബോധവത്ക്കരിക്കാനും രാഷ്ട്രീയത്തിനും മതത്തിനും അതീതമായി അവരെ അണിനിരത്താനും കേരളത്തിലങ്ങളോളമിങ്ങോളം അദ്ദേഹം യാത്രചെയ്തു.

ഇന്‍ഫാം സംസ്ഥാന ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ തിരുവനന്തപുരത്തും ഡല്‍ഹിയിലും മന്ത്രിമാരെ കാണാനും കുടിയേറ്റക്കാരുടെ ആവശ്യങ്ങളും നിലപാടുകളും വളരെ കൃത്യതയോടെ അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഈയടുത്ത കാലത്ത് ഉയര്‍ന്നുവന്ന ബഫര്‍സോണ്‍ വിഷയത്തിലും കുടിയേറ്റ ജനതയുടെ സ്വരം ഭരണകൂടത്തിലെത്തിക്കാന്‍ കര്‍ഷക ജനതയുടെ മുന്നണിപ്പോരാളിയായി ബേബി ഉണ്ടായിരുന്നു. താമരശ്ശേരി രൂപതയുടെ അക്ഷര കമ്മ്യൂണിക്കേഷന്റെ പ്രഥമ നാടകമായ പ്രണയ മന്ത്രത്തിന്റെ അരങ്ങിലും അണിയറയിലും അദ്ദേഹം സജീവമായിരുന്നു.

കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റ്, കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ഗ്ലോബല്‍ സെക്രട്ടറി, രാഷ്ട്രീയ കാര്യ സമിതി അംഗം തുടങ്ങി നിരവധി മേഖലകളില്‍ സഭയ്ക്കും സമുദായത്തിനും വേണ്ടി നിസ്വാര്‍ത്ഥമായി ബേബി പെരുമാലില്‍ നല്‍കിയിട്ടുള്ള സേവനങ്ങള്‍ പരിഗണിച്ച് കത്തോലിക്ക കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ സീറോ മലബാര്‍ സമുദായ കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ് മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് സമ്മാനിച്ചു.

കര്‍ഷകരുടെ സംരക്ഷണത്തിനും സമുദായത്തിന്റെയും സഭയുടെയും ഉന്നമനത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹത്തിന്റെ അവസാനയാത്രയും കര്‍ഷക പ്രസ്ഥാനമായ ഇന്‍ഫാമിനു വേണ്ടിയായിരുന്നു. എറണാകുളത്തു നടന്ന ഇന്‍ഫാം സംസ്ഥാനതല സമ്മേളനത്തിനു ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ മണാശ്ശേരിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗത്തിനിടയാക്കിയ വാഹനാപകടം.


Leave a Reply

Your email address will not be published. Required fields are marked *