Obituary

ഓര്‍മ്മകളില്‍ ഫാ. ജോര്‍ജ് ആശാരിപറമ്പില്‍


‘ശുശ്രൂഷിക്കാനും ജീവന്‍ നല്‍കാനും’ എന്ന ആപ്തവാക്യം ജീവിതംകൊണ്ടു കാണിച്ചുതന്ന വൈദികനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഫാ. ജോര്‍ജ് ആശാരിപറമ്പില്‍. കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ അസൗകര്യങ്ങള്‍ മാത്രം കൈമുതലായുണ്ടായിരുന്ന ഇടവകകളെ ധീരമായി മുന്നോട്ടു നയിക്കുവാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ ഏറെയാണ്. ബന്ധുക്കളോ, പരിചയക്കാരോ ഇല്ലാത്ത മലബാറിലേക്ക് വൈദികനായി വന്ന തന്നെ നിറഞ്ഞ സ്‌നേഹത്തോടെയാണ് ഇടവകകളെല്ലാം വരവേറ്റതെന്ന് ഫാ. ജോര്‍ജ് ആശാരിപറമ്പില്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

ദൈവവിളി

കുറവിലങ്ങാട് ഇടവകയില്‍ ആശാരിപ്പറമ്പില്‍ ചെറിയാന്‍-മറിയം ദമ്പതികളുടെ ഒമ്പതു മക്കളില്‍ അഞ്ചാമനായി 1937 ഒക്‌ടോബര്‍ 30-നാണ് ജോര്‍ജ് ജനിക്കുന്നത്. മൂവായിരത്തോളം കുടുംബങ്ങളുള്ള സജീവമായ ഇടവകതന്നെയാണ് ജോര്‍ജില്‍ പൗരോഹിത്യ താല്‍പ്പര്യം വളര്‍ത്തിയത്. പൊതുപ്രവര്‍ത്തകനായ അപ്പന് വൈദികരോടുള്ള ബഹുമാനവും സ്‌നേഹവും മൂത്തപെങ്ങളുടെ പ്രോത്സാഹനവും സെമിനാരിയില്‍ ചേരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

തനിക്ക് ലഭിച്ച ദൈവവിളിയെക്കുറിച്ച് ഫാ. ജോര്‍ജ് ആശാരിപറമ്പില്‍ ഒരിക്കല്‍ പങ്കുവച്ചത് ഇങ്ങനെ: കോട്ടയം കുറവിലങ്ങാട് ഹൈസ്‌ക്കൂളില്‍ വേദപാഠ ക്ലാസിന്റെ സമയം. നിധീരിക്കല്‍ മാണിക്കത്തനാരുടെ കുടുംബത്തില്‍പ്പെട്ട നിധീരിക്കല്‍ ജോണ്‍ മാഷാണ് ക്ലാസെടുക്കുന്നത്. ക്ലാസ് പുരോഗമിക്കുന്നതിനിടെ മുന്‍നിരയിലിരിക്കുകയായിരുന്ന ജോര്‍ജിനു നേരെ കൈചൂണ്ടി മാഷ് പറഞ്ഞു- ‘നീ സെമിനാരിയില്‍ ചേരണം’. അത് ആ ബാലനെ വല്ലാതെ സ്വാധീനിച്ചു. ജോണ്‍ മാഷിന്റെ അഭിപ്രായ പ്രകടനം ഒരു അംഗീകാരമായാണ് കൊച്ചു ജോര്‍ജിനു തോന്നിയത്. വൈദികനാകണമെന്ന ആഗ്രഹത്തെ ഉറപ്പിച്ച സംഭവമായിരുന്നു അത്.

1954-ല്‍ ഉയര്‍ന്ന മാര്‍ക്കോടെ എസ്എസ്എല്‍സി പാസായ ജോര്‍ജിനെ തലശേരി രൂപതയ്ക്കു വേണ്ടി വൈദികനാകാന്‍ പ്രേരിപ്പിച്ചത് കുറവിലങ്ങാട് ഇടവക വികാരിയായിരുന്ന ഫാ. തോമസ് മണക്കാട്ടാണ്. തലശേരി രൂപതാ ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ ഇടവകയില്‍ വികാരിയായിരുന്ന ഫാ. തോമസ് ബിഷപ്പിന്റെ ഉറ്റ സ്‌നേഹിതന്‍ കൂടിയായിരുന്നു.

ഫാ. തോമസിന്റെ കത്തുമായി തലശേരിയില്‍ എത്തിയ ജോര്‍ജിനെ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്വീകരിച്ചു. പാലാ മൈനര്‍ സെമിനാരിയില്‍ തലശേരി രൂപതയ്ക്കു വേണ്ടി പഠിക്കാനയച്ചു. രണ്ടു വര്‍ഷത്തെ മൈനര്‍ സെമിനാരി പഠനശേഷം മേജര്‍ സെമിനാരി അഡ്മിഷന്‍ ലഭിക്കാന്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതി പാസാകണമായിരുന്നു. ലാറ്റിന്‍ ഭാഷയില്‍ വിദ്യാര്‍ത്ഥിക്കുള്ള പ്രാഗത്ഭ്യം മനസിലാക്കുകയായിരുന്നു പരീക്ഷയുടെ ലക്ഷ്യം. അക്കൊല്ലത്തെ പരീക്ഷയില്‍ ജോര്‍ജിനാണ് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് 1956 ജൂണില്‍ ആലുവാ കര്‍മ്മലഗിരി സെമിനാരിയില്‍ മേജര്‍ സെമിനാരി പഠനം ആരംഭിച്ചു.

ഉപരിപഠനത്തിനായി വിദേശത്തേക്ക്

റോമിലെ പ്രൊപ്പഗാന്ത കോളജില്‍ ഒരു സീറ്റ് ഒഴിവുള്ളതായി വള്ളോപ്പിള്ളി പിതാവിന് അറിയിപ്പു കിട്ടുന്നത് ആയിടയ്ക്കാണ്. പഠനത്തില്‍ മിടുക്കനായ ജോര്‍ജിനെ റോമിലയച്ചു പഠിപ്പിക്കാന്‍ വള്ളോപ്പിള്ളി പിതാവ് തീരുമാനിച്ചു. ബോംബെയില്‍ നിന്ന് വിമാനം കയറി. ഡിസംബര്‍ രണ്ടിന് പാതിരാത്രിയോടെ റോമിലെത്തി. പുറത്തിറങ്ങിയപ്പോള്‍ കഠിനമായ തണുപ്പു കൊണ്ട് വിറയ്ക്കാന്‍ തുടങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത് ജേക്കബ് തൂങ്കുഴി ശെമ്മാശന്‍ (പിന്നീട് മെത്രാന്‍) ആയിരുന്നു. അദ്ദേഹം കൊണ്ടുവന്ന കമ്പിളി വസ്ത്രങ്ങള്‍ ധരിച്ചാണ് വൈദിക വിദ്യാര്‍ത്ഥിയായ ജോര്‍ജ് അന്ന് തണുപ്പകറ്റിയത്.

ഡോക്ടറേറ്റ് ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ നടത്തിയത് പ്രൊപ്പഗാന്ത യൂണിവേഴ്‌സിറ്റിയിലാണ്. പ്രൊപ്പഗാന്ത ഫീദേ കോളജില്‍ ഏഴു വര്‍ഷവും ഡമഷേനോ കോളജില്‍ രണ്ടു വര്‍ഷവും താമസിച്ചു.

1962 ഡിസംബര്‍ 22ന് കര്‍ദിനാള്‍ പീറ്റര്‍ അഗജിയാനില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. പിറ്റേ ദിവസം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരുന്നു ഫാ. ജോര്‍ജിന്റെ പ്രഥമ ദിവ്യബലി. വിമാനക്കൂലി ഭീമമായിരുന്നതിനാല്‍ ചടങ്ങുകള്‍ക്ക് സാക്ഷിയാകാന്‍ മാതാപിതാക്കളോ ബന്ധുക്കളോ അന്ന് റോമിലെത്തിയില്ല.

ഫാ. ജോര്‍ജ് ആശാരിപറമ്പില്‍ പൗരോഹിത്യ സ്വീകരണ വേളയില്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ സഹായി

പീയൂസ് പന്ത്രണ്ടാമന്‍, ജോണ്‍ ഇരുപത്തി മൂന്നാമന്‍, പോള്‍ ആറാമന്‍ എന്നീ മാര്‍പാപ്പമാരെ നേരില്‍ കാണുവാനും അവരുമായി സംസാരിക്കാനും ഫാ. ജോര്‍ജ് ആശാരിപറമ്പിലിന് ഭാഗ്യം ലഭിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ മെത്രാന്മാരുടെ സഹായിയായി നാലു സെഷനുകളിലും പ്രവര്‍ത്തിച്ചു. കൗണ്‍സില്‍ ഹാളില്‍ മെത്രാന്മാര്‍ക്കുള്ള പുസ്തകങ്ങളും രേഖകളും മറ്റു സാധനങ്ങളും കൊണ്ടുപോയി കൊടുക്കുക, ഹാജര്‍ കാര്‍ഡ്, വോട്ടിങ് കാര്‍ഡ് എന്നിവ വിതരണം ചെയ്യുകയും തിരിച്ചു വാങ്ങി ഓഫീസില്‍ എത്തിക്കുകയും ചെയ്യുക എന്നിവയെല്ലാമായിരുന്നു ജോലികള്‍.

കൗണ്‍സില്‍ ഓഫീസില്‍ നിന്നു ലഭിച്ച മെത്രാന്മാരുടെ ഹാജര്‍ കാര്‍ഡ്, വോട്ടിങ് കാര്‍ഡ്, കാര്‍ഡില്‍ ഉപയോഗിക്കേണ്ടപ്രത്യേക പേന, നാലു സെഷനുകളുടെ സ്മാരക മെഡലുകള്‍, കൗണ്‍സില്‍ സ്മാരക വത്തിക്കാന്‍ നാണയം, സ്റ്റാമ്പ് തുടങ്ങിയവ വരും തലമുറയ്ക്കു കാണുന്നതിനായി കാക്കനാട്ടുള്ള സെന്റ് തോമസ് മ്യൂസിയത്തില്‍ ജോര്‍ജച്ചന്‍ പിന്നീട് കൈമാറി.

മലബാറിലെ കര്‍മ്മരംഗം

പഠനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കൂടരഞ്ഞി പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി ആദ്യ നിയമനം. തുടര്‍ന്നു തലശേരി രൂപതാ ചാന്‍സലറായും വള്ളോപ്പിള്ളി പിതാവിന്റെ സെക്രട്ടറിയായും രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു. നാലു വര്‍ഷം തലശേരി മൈനര്‍ സെമിനാരി റെക്ടറായും സേവനമനുഷ്ഠിച്ചു. 1972ല്‍ കണ്ണോത്ത് പള്ളിയില്‍ വികാരിയായി. തുടര്‍ന്ന് തിരുവമ്പാടി, മരുതോങ്കര, കട്ടിപ്പാറ, കല്ലാനോട്, കുണ്ടുതോട്, ചമല്‍, മാലാപറമ്പ്, കൂരാച്ചുണ്ട്, മരിയാപുരം, ചക്കിട്ടപ്പാറ, താഴേക്കോട്, വാണിയമ്പലം എന്നീ പള്ളികളിലും വികാരിയായി.

1974 മുതല്‍ 1981 വരെ തിരുവമ്പാടി വികാരിയായിരുന്നു. പള്ളിക്ക് പുതിയ മുഖവാരവും കുരിശടിയും അക്കാലത്ത് നിര്‍മ്മിച്ചു. തിരുവമ്പാടിയുടെ വികസനത്തിന് അത്യാവശ്യമായിരുന്ന തോട്ടത്തില്‍കടവ് റോഡ് വീതി കൂട്ടിയത് ഫാ. ജോര്‍ജിന്റെ നേതൃത്വത്തിലാണ്.

മരുതോങ്കര അങ്ങാടിയിലെ കുരിശുപള്ളി, പള്ളികെട്ടിടം മുതലായവ ഫാ. ജോര്‍ജ് വികാരിയായിരുന്നപ്പോള്‍ നിര്‍മ്മിച്ചവയാണ്. ചമലില്‍ അപകടാവസ്ഥയിലായിരുന്ന പള്ളിയുടെ മുഖവാരം പൊളിച്ച് സൗകര്യപ്രദമായ പോര്‍ട്ടിക്കോയും മുഖവാരവും പണികഴിപ്പിച്ചു. ചക്കിട്ടപ്പാറയില്‍ സ്ഥിരം സ്റ്റേജ്, സെമിത്തേരിയില്‍ ചാപ്പല്‍ മുതലായവ ജോര്‍ജച്ചന്റെ കാലത്ത് നിര്‍മ്മിച്ചവയാണ്.

കുണ്ടുതോട് വികാരിയായി സേവനം അനുഷ്ഠിക്കവെയാണ് ഫാ. ജോര്‍ജിന് ഏറ്റവും വലിയ പ്രതിസന്ധി നേരിടേണ്ടി വന്നത്. ക്ലാസില്‍ മോശമായി പെരുമാറിയ എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ സ്റ്റാഫ് തീരുമാനപ്രകാരം ഹെഡ്മാസ്റ്റര്‍ പുറത്താക്കി. വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയും പോഷക സംഘടനകളും ശക്തമായ സമരം ആരംഭിച്ചു. അടുത്തുള്ള പ്രദേശങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്‌കൂള്‍ പ്രവര്‍ത്തനം തടസപ്പെടുത്തുവാന്‍ വന്നുകൊണ്ടിരുന്നു. ഭീഷണിയും തെറിവിളിക്കലുമൊക്കെ പതിവായി നടന്നു. ‘മാനേജരുടെ കുടല്‍ പട്ടി തിന്നും’ എന്ന മുദ്രാവാക്യം ആവേശത്തോടെ ചിലര്‍ വിളിച്ചു. പിന്നീട് സമരം രമ്യമമായി പരിഹരിക്കപ്പെട്ടു. കമ്യൂണിസ്റ്റുകാരുടെ ദൈവവിശ്വാസം സംബന്ധിച്ച ചില ചോദ്യങ്ങള്‍ കമ്യൂണിസ്റ്റ് നേതാവായിരുന്ന ഇഎംഎസിനോട് ജോര്‍ജച്ചന്‍ കത്തുമുഖേന ചോദിച്ചിരുന്നു. മതവിശ്വാസത്തെ ബഹുമാനിച്ചുകൊണ്ട് സ്വയം ഭൗതികവാദികളായി ജീവിക്കുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്യുന്നതെന്ന് ഇഎംഎസ് മറുപടി കത്ത് അയച്ചു.

ഫാ. ജോര്‍ജ് ആശാരിപറമ്പിലിന് ഇഎംഎസ് നമ്പൂതിരിപ്പാട് അയച്ച മറുപടി കത്ത്‌

വാണിയമ്പലം പള്ളിയുടെ ഇരുവശത്തും ചാര്‍ത്തുണ്ടാക്കി പള്ളി കൂടുതല്‍ സൗകര്യപ്രദമാക്കി. അച്ചന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി വാണിയമ്പലം ഇടവകക്കാര്‍ വളരെ ആഘോഷമായി നടത്തിയത് അച്ചന്‍ സ്‌നേഹത്തോടെ ഓര്‍മ്മിക്കുന്നു.

2013 മുതല്‍ മേരിക്കുന്ന് ഗുഡ്‌ഷെപ്പേഡ് പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. വായനയായിരുന്നു ഇഷ്ട വിനോദം. പത്ര മാസികകള്‍ വായിച്ച് കുറിപ്പ് തയ്യാറാക്കുന്ന പതിവുണ്ടായിരുന്നു. ക്രൈസ്തവ മാസികകള്‍ വിതരണം ചെയ്യുന്നതിലും അച്ചന്‍ ശ്രദ്ധിച്ചിരുന്നു. 2024 ഏപ്രില്‍ ഏഴിന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.


Leave a Reply

Your email address will not be published. Required fields are marked *