Obituary

കഠിനാദ്ധ്വാനം ശീലമാക്കിയ വൈദിക ശ്രേഷ്ഠന്‍


ആഗസ്റ്റ് 19, ഫാ. അലക്‌സ് മണക്കാട്ടുമറ്റം ഓര്‍മ്മദിനം

ആത്മീയപക്വതയാല്‍ ലാളിത്യത്തെ സ്വയംവരിച്ച് കഠിനാധ്വാനം ജീവിതശൈലിയാക്കിയ ഫാ. അലക്‌സ് മണക്കാട്ടുമറ്റം മലബാറിലെ ആദ്യകാല കുടിയേറ്റ ജനതയുടെ കാവല്‍ മാലാഖയും ആത്മമിത്രവുമായ അജപാലകനായിരുന്നു.

കുടിയേറ്റ നാളുകളിലെ ദാരിദ്ര്യവും നിരന്തരമായ പകര്‍ച്ചവ്യാധികളും കൊടും ശൈത്യവും കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളും തളര്‍ത്തിയ ജനതയ്ക്ക് ആവേശവും പ്രത്യാശയും പകര്‍ന്നു നല്‍കാന്‍ ഈ ദൈവോപാസകനെ തമ്പുരാന്‍ ഉപയോഗിച്ചതായി പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു.

കൊടുങ്കാടിനോടും മലമ്പനിയോടും ഏറ്റുമുട്ടി വിജയിക്കുകയെന്നത് വലിയ വെല്ലുവിളിയായി സ്വീകരിക്കുവാന്‍ സേവനം ചെയ്ത ഇടവകകളിലെ വിശ്വാസ സമൂഹത്തിനു ഈ കര്‍മ്മധീരന്‍ ശക്തി പകര്‍ന്നു. ചാണ്ടിയച്ചന്‍ എന്നു മറുപേരുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ അന്തര്‍ലീനമായിരുന്ന ധീരതയും സാഹസികതയും മലബാറിലെ പൗരോഹിത്യ ശുശ്രൂഷയ്ക്ക് ഏറെ ബലം പകര്‍ന്നു. ദൈവഭയമുള്ളവനു മറ്റാരെയും ഭയപ്പെടാനില്ലെന്ന വചനവും ‘ധീരാത്മാക്കള്‍ക്ക് ഒരു മരണമേ ഉണ്ടാകൂ’ എന്ന തത്വവും ജീവിതശൈലിയാക്കുവാന്‍ ചാണ്ടിയച്ചനു സാധിച്ചു. ദീനത്താല്‍ വലഞ്ഞവന് ഔഷധമാകുവാനും ഭയചകിതന് ആത്മധൈര്യം പകരുവാനും നൈരാശ്യം ബാധിച്ചവന് ദൈവികമായ പ്രത്യാശ പകര്‍ന്നു നല്‍കുവാനും തലശേരിയുടെ കുടിയാന്മല മുതല്‍ താമരശേരിയുടെ കൂമന്‍കുളം വരെ അരനൂറ്റാണ്ടിലധികം നീണ്ട പൗരോഹിത്യ ശുശ്രൂഷകളിലൂടെ അദ്ദേഹത്തിനു സാധിച്ചു. ദൈവാശ്രയ ബോധത്തിന്റെ സമാനതകളില്ലാത്ത ജീവിത ദര്‍ശനങ്ങളുടെ ഉടമയാണ് ചാണ്ടിയച്ചന്‍. സാഹസികന്‍, സംശുദ്ധന്‍, കര്‍മ്മനിരതന്‍, നിര്‍ഭയന്‍, കലാകാരന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ വിശേഷണങ്ങള്‍ക്കുമപ്പുറമാണ് അദ്ദേഹത്തിന്റെ സിദ്ധികള്‍!

മണക്കാട്ടുമറ്റം കുടുംബത്തിലെ കുര്യാക്കോസ് – ഏലി ദമ്പതികളുടെ ഏഴു മക്കളില്‍ ദേവസ്യാച്ചന്‍ എന്നു പേരുള്ള ഒരേയൊരു സഹോദരന്‍ മാത്രമാണ് കുടുംബ ജീവിതം നയിച്ചത്. ബാക്കി ആറു മക്കളും സമര്‍പ്പിതരാണ്. രണ്ടു വൈദികരും നാലു നിസ്റ്റര്‍മാരും. വൈദികരായ രണ്ടു സഹോദരങ്ങളും മലബാര്‍ മിഷനുമായി ഏറെ ത്യാഗനിര്‍ഭരമായ ബലിജീവിതത്തിനുടമകളായി. ചാണ്ടിയച്ചനെന്ന ജ്യേഷ്ഠ പുരോഹിതന്റെ ഉദാത്ത മാതൃക പിന്‍തുടര്‍ന്ന് കുഞ്ഞാഗസ്തിയച്ചനെന്ന അനുജനും മലബാറിന്റെ വളര്‍ച്ചയ്ക്കായി അക്ഷരാര്‍ത്ഥത്തില്‍ നിണമൊഴുക്കിയവനാണ്. ഈ സഹോദര വൈദികര്‍ക്കൊപ്പം തങ്ങളുടെ പെങ്ങളും തിരുഹൃദയ സഹോദരിയുമായ സിസ്റ്റര്‍ ബെനീസി എസ്എച്ചും മലബാറിനെ തങ്ങളുടെ ശുശ്രൂഷാ മേഖലയായി തെരഞ്ഞെടുക്കുകയായിരുന്നു.

ആലുവ സെമിനാരിയിലെ വൈദിക പഠനത്തിനു ശേഷം കേരളം സന്ദര്‍ശിച്ച പൗരസ്ത്യ തിരുസംഘം തലവന്‍ കര്‍ദ്ദിനാള്‍ യുജിന്‍ ടിസറന്റില്‍ നിന്നു 1953 ഡിസംബര്‍ എട്ടിന് പൗരോഹിത്യം സ്വീകരിച്ചു. പാലാ രുപതയിലെ പ്ലാശനാല്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം അനുഷ്ഠിക്കുമ്പോള്‍ 1954 ജൂണിലാണ് വള്ളോപ്പിള്ളി പിതാവിന്റെ പ്രത്യേക ക്ഷണപ്രകാരം ചാണ്ടിയച്ചന്‍ തലശേരിയില്‍ എത്തുന്നത്. അക്കാലത്ത് മലബാറിന്റെ കുഗ്രാമങ്ങളില്‍ നിന്നും രൂപതയുടെ സിരാകേന്ദ്രത്തിലേക്ക് നാല്‍പതും അന്‍പതും കിലോമീറ്ററുകള്‍ കാല്‍നടയായി യാത്ര ചെയ്ത് ബിഷപ്‌സ് ഹൗസില്‍ എത്തിയിരുന്നതൊക്കെ ഇന്ന് പുതുതലമുറ അത്ഭുതത്തോടെ വീക്ഷിക്കുന്നു. തലശേരി അതിരൂപതയില്‍ കുടിയാന്മല, ചെമ്പന്‍തൊട്ടി, കിളിയന്തറ, വെള്ളരിക്കുണ്ട ്, മാനന്തവാടി രൂപതയില്‍ പുല്‍പ്പള്ളി, താമരശേരി രൂപതയില്‍ കുളത്തുവയല്‍, വിലങ്ങാട്, മരുതോങ്കര, കോടഞ്ചേരി, മാലാപറമ്പ്, കാളികാവ്, കൂമംകുളം എന്നീ ഇടവകകളില്‍ വികാരിയായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. കോടഞ്ചേരി ഇടവകയില്‍ ഒമ്പത് വര്‍ഷം വികാരിയായിരുന്നു. കോടഞ്ചേരിയുടെ വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ ഈടുറ്റ സംഭാവനകള്‍ നല്‍കുവാന്‍ ചാണ്ടിയച്ചനു സാധിച്ചു. ചാണ്ടിയച്ചന്‍ വികാരിയായിരുന്ന ഇടവകകളിലെല്ലാം റോഡ് നിര്‍മ്മിക്കുന്നതിലും പാലം പണിയുന്നതിലും വലിയ തല്‍പരനായിരുന്നു.

എന്തെങ്കിലും കാരണത്താല്‍ ആരെങ്കിലുമൊരാള്‍ ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ച് പരിഭവം കാണിക്കാനിടയായാല്‍ ചാണ്ടിയച്ചന്റെ മറുപടി ഇപ്രകാരമാണ് – ”ഞാനും എന്റെ ആ സഹോദരനും തമ്മില്‍ ഒരു കാര്യത്തില്‍ മാത്രമാണ് വ്യത്യാസം വന്നത്. എന്നാല്‍ ബാക്കി 99% കാര്യത്തിലും ഞങ്ങള്‍ ഏകാഭിപ്രായക്കാരാണ്. അതിനാല്‍ 99% എന്ന വലിയ ഭൂരിപക്ഷത്തെയാണ് നാം മാനിക്കേണ്ടത്.” യാതൊരു കാരണവശാലും ഒരു വ്യക്തിയും തന്റെ സൗഹൃദത്തില്‍ നിന്ന് അകന്നു പോകാന്‍ പാടില്ലെന്ന നിര്‍ബന്ധ ബുദ്ധിക്കാരനായിരുന്നു ചാണ്ടിയച്ചന്‍.

വാക്കു പാലിക്കുകയെന്നത് വലിയൊരു ജീവിതവ്രതമായി കണ്ടിരുന്നു അദ്ദേഹം. പാലിക്കാന്‍ പറ്റുന്നവ മാത്രമേ അച്ചന്‍ പറയാറുള്ളൂ. പറഞ്ഞാല്‍ അതു പൂര്‍ണ്ണമായും നിറവേറ്റും. വാക്കും പ്രവര്‍ത്തിയും ഒന്നാകുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ മൂല്യമായി അച്ചന്‍ കണ്ടിരുന്നത്.

അക്ഷര പ്രിയനും വലിയ വായനാശീലക്കാരനുമായ ചാണ്ടിയച്ചന്‍ പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന ആശയത്തെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. അച്ചന്‍ വികാരിയായിരുന്ന ഒട്ടുമിക്ക ഇടവകകളിലും സ്‌കൂളുകള്‍ സ്ഥാപിച്ചിരുന്നു. തലശേരി രൂപതയിലെ വെള്ളരിക്കുണ്ട ് ഇടവകയില്‍ യുപി സ്‌കൂളും ഹൈസ്‌കൂളും ചാണ്ടിയച്ചന്റെ ശ്രമഫലമായി ഉണ്ടായതാണ്.നല്ലൊരു ശില്‍പനിര്‍മ്മാണ കലാകാരനുമാണ് ചാണ്ടിയച്ചന്‍. യേശുക്രിസ്തുവിന്റെ രൂപം, പരിശുദ്ധ ദൈവമാതാവിന്റെ മാതൃക, യൗസേപ്പിതാവിന്റെ പ്രതിമ, ചിരട്ട ഉപയോഗിച്ച് കാസ, പീലാസ തുടങ്ങിയവ അച്ചന്‍ നിര്‍മിച്ചിരുന്നു. ഗുഡ് ഷെപ്പേഡ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കവെ 2007 ആഗസ്റ്റ് 19ന് രാവിലെ 11.45ന് അച്ചനെ ദൈവം നിത്യസമ്മാനത്തിനായി വിളിച്ചു.


Leave a Reply

Your email address will not be published. Required fields are marked *