Obituary

വിശ്വാസം ജ്വലിപ്പിച്ച വൈദിക ശ്രേഷ്ഠന്‍


ആഗസ്റ്റ് 22, ഫാ. അഗസ്റ്റിന്‍ തുരുത്തിമറ്റം ഓര്‍മ്മദിനം

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം ആഗോളസഭയില്‍ കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങള്‍ ദ്രുതഗതിയില്‍ പടര്‍ന്നു പന്തലിച്ചു. ഇതിന്റെ അനുരണനം മലബാറിലുമുണ്ടായി. മലബാറില്‍ കരിസ്മാറ്റിക്ക് പ്രസ്ഥാനം വളര്‍ത്തുന്നതില്‍ മോണ്‍. സി.ജെ വര്‍ക്കിയോടൊപ്പം പ്രവര്‍ത്തിച്ച വൈദിക ശ്രേഷ്ഠനാണ് ഫാ. അഗസ്റ്റിന്‍ തുരുത്തിമറ്റം.

1976-ല്‍ കോഴിക്കോട് ക്രൈസ്റ്റ് ഹാളില്‍ നടന്ന കരിസ്മാറ്റിക് ധ്യാനത്തില്‍ മോണ്‍. സി.ജെ വര്‍ക്കിയും ഫാ. അഗസ്റ്റിന്‍ തുരുത്തിമറ്റവും സംബന്ധിച്ചു. ആ ധ്യാനത്തിലൂടെ ലഭിച്ച നവീകരണ ജ്വാല മലബാര്‍ പ്രദേശത്തു ജ്വലിപ്പിക്കുന്നതിനായി അവര്‍ തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു.

അഗസ്റ്റിനച്ചന്‍ ഇടവകഭരണത്തോടൊപ്പം കരിസ്മാറ്റിക് ധ്യാനങ്ങള്‍ നടത്തുകയും അതിലൂടെ അനേകരില്‍ വിശ്വാസം ജ്വലിപ്പിക്കുകയും ജീവിതം നവീകരണം വരുത്തുകയും ചെയ്തു. കുളത്തുവയല്‍ എന്‍.ആര്‍.സി ധ്യാന കേന്ദ്രത്തിലും ഇന്ത്യയുടെ പലഭാഗങ്ങളിലും അഗസ്റ്റിനച്ചന്റെ നേതൃത്വത്തില്‍ ധ്യാനങ്ങള്‍ നടന്നു. കെ.എസ്.ടി, എന്‍.എസ്.ടി തലങ്ങളില്‍ നേതൃത്വം വഹിക്കുകയും സോണല്‍ ആനിമേറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇക്കാലത്ത് ഇടവകകളില്‍ പ്രാര്‍ത്ഥനാഗ്രൂപ്പുകള്‍ സംഘടിപ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അച്ചന്‍ സേവനമനുഷ്ഠിച്ചിരുന്ന ഇടവകകളില്‍ പ്രാര്‍ത്ഥനാഗ്രുപ്പ്, കൗണ്‍സിലിംഗ്, ആരാധന എന്നിവ സജീവമായിരുന്നു.രോഗികളായ ചില വൈദികരെ കൊണ്ടുവന്ന് കൂടെതാമസിപ്പിച്ച് ശുശ്രൂഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. വിദൂരങ്ങളില്‍ നിന്നുപോലും അനേകര്‍ അച്ചനെ തേടിയെത്തിയിരുന്നു.

സ്വന്തം ആരോഗ്യമോ, സൗകര്യമോ സുഖമോ നോക്കാതെ ആരെയും എപ്പോഴും സ്വീകരിച്ച് ആശ്വസിപ്പിക്കുന്ന നല്ല മനസ്സിന്റെ ഉടമയായിരുന്നു അഗസ്റ്റിനച്ചന്‍. ആരുടെയും മുഖം നോക്കാതെ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. തെറ്റ് തിരിച്ചറിഞ്ഞാല്‍ ആരോടും മാപ്പുചോദിക്കാന്‍ മടിക്കില്ല. അകന്നു നില്‍ക്കുന്ന വ്യക്തികള്‍, കുടുംബങ്ങള്‍, സമൂഹങ്ങള്‍, സംഘടനകള്‍ ഇവരെ യോജിപ്പിക്കുവാന്‍ നല്ലൊരു മധ്യവര്‍ത്തിയായി അച്ചന്‍ പ്രവര്‍ത്തിച്ചിരുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി ക്ഷമചോദിക്കുക കാലുപിടിക്കുക എന്നിവ വഴി ഏതു കഠിനഹൃദയനെയും മാനസാന്തരപ്പെടുത്തിയിരുന്നു. അനേകരെ ദൈവവിളിയില്‍ ഉറച്ചുനില്‍ക്കുവാന്‍ സഹായിച്ചിട്ടുണ്ട്. പാവങ്ങളെയും വേദനിക്കുന്നവരെയും ആരുമറിയാതെ കണ്ടറിഞ്ഞ് സഹായിച്ചിരുന്നത് അച്ചന്റെ അനുകമ്പാര്‍ദ്ര ഹൃദയത്തിന്റെ തെളിവാണ്.

അനേകം വൈദികരെയും സിസ്റ്റര്‍മാരെയും അല്‍മായരെയും നവീകരണത്തിന്റെ നേതൃത്വനിരയിലേക്ക് വളര്‍ത്തുവാന്‍ അച്ചന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. നല്ലൊരു ധ്യാനഗുരുവും ആദ്ധ്യാത്മികപിതാവുമായിരുന്നു അദ്ദേഹം.

ചങ്ങനാശ്ശേരിരൂപതയിലെ എരുമേലിയില്‍ പീലിപ്പോസ്- ത്രേസ്യ ദമ്പതികളുടെ മകനായി 1929 നവംബര്‍ 6നാണ് അഗസ്റ്റിന്‍ ജനിക്കുന്നത്. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി രൂപതയില്‍ വൈദിക പഠനത്തിനു ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കി 1955 മാര്‍ച്ച് 16-ാം തീയതി മംഗലപ്പുഴ സെമിനാരിയില്‍ വച്ചു മാര്‍ മാത്യു കാവുകാട്ട് തിരുമേനിയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. ചങ്ങനാശ്ശേരി രൂപതയിലെ പല ഇടവകകളില്‍ സേവനം ചെയ്തു. മൈനര്‍ സെമിനാരിയില്‍ വൈസ് റെക്ടറായും ആധ്യാത്മികപിതാവായും ശുശ്രൂഷചെയ്യുകയുണ്ടായി.

1961-ല്‍ അവിഭക്ത തലശ്ശേരിരൂപതയില്‍ ചേര്‍ന്ന അച്ചന്‍ കരിക്കോട്ടക്കരി, ചെമ്പേരി, കൊളക്കാട്, പെരുവണ്ണാമൂഴി, നെല്ലിക്കാംപൊയില്‍ എന്നീ ഇടവകകളില്‍ ശ്രേഷ്ഠമാംവിധം സേവനമനഷ്ഠിച്ചു.

അവികസിത പ്രദേശങ്ങളില്‍ യാത്രാസൗകര്യമോ, ഫോണ്‍സൗകര്യമോ ഇല്ലാത്ത ആദ്യ നാളുകളിലെ ഇടയന്മാര്‍ സഹിച്ച കഷ്പ്പാടുകള്‍ പഴയ തലമുറക്കാര്‍ പങ്കുവയ്ക്കാറുണ്ട്. ദീര്‍ഘദൂരം കാല്‍നടയായി രോഗീസന്ദര്‍ശനത്തിനും രോഗീലേപനം, കുമ്പസാരം എന്നീ കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനും പോയിരുന്ന അഗസ്റ്റിനച്ചനെ ഇന്നും ജനം നന്ദിയോടെ സ്മരിക്കുന്നു.

ആത്മാക്കളെ രക്ഷിക്കാന്‍വേണ്ടി സഹനങ്ങള്‍ ചോദിച്ചുവാങ്ങിയിരുന്ന നല്ല ഇടയനായിരുന്നു അച്ചന്‍. ദീര്‍ഘദൂരം യാത്രചെയ്ത് വേദനിക്കുന്നവരെ സാന്ത്വനപ്പെടുത്തി രക്ഷിക്കുവാന്‍ തന്റെ അനാരോഗ്യം പരിഗണിക്കാതെ അദ്ധ്വാനിച്ചിരുന്നു.

താമരശ്ശേരിരൂപത സ്ഥാപിതമായപ്പോള്‍ രൂപതയുടെ പ്രഥമവികാരി ജനറലായി അഗസ്റ്റിനച്ചനെ മങ്കുഴിക്കരി പിതാവ് നിയമിച്ചു. അതിനുശേഷം കൂരാച്ചുണ്ട്, കോടഞ്ചേരി, ആനക്കാംപൊയില്‍ ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു.

കോഴിക്കോട് ഗുഡ്‌ഷെപ്പേഡ് വൈദികമന്ദിരത്തില്‍ വിശ്രമജീവിതം നയിക്കവേ 2005 ആഗസ്റ്റ് 22ന് ഈ ഭൂമിയിലെ ശുശ്രൂഷയ്ക്ക് വിരാമംകുറിച്ച് അഗസ്റ്റിനച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.


Leave a Reply

Your email address will not be published. Required fields are marked *