Special Story

വിശുദ്ധരോടുള്ള വണക്കം: സത്യവും മിഥ്യയും


ചോദ്യം: വിശുദ്ധരുടെ ചില രൂപങ്ങള്‍ക്ക് പ്രത്യേക ശക്തിയുണ്ടോ? ഉറങ്ങുന്ന യൗസേപ്പിതാവ്, കുതിരപ്പുറത്തിരുന്ന് പാമ്പിനെ കുന്തം കൊണ്ടു കുത്തുന്ന വിശുദ്ധ ഗീവര്‍ഗീസ്, മാതാവിന്റെ വിവിധ രൂപങ്ങള്‍ തുടങ്ങി ചില രൂപങ്ങള്‍ വിശ്വാസികള്‍ പ്രത്യേകമായി വണങ്ങുന്നതും കാണുന്നു. ഇതിനെക്കുറിച്ചുള്ള സഭാപരമായ പഠനമെന്താണ്?

കത്തോലിക്കാ സഭയിലെ വിശുദ്ധരോടുള്ള വണക്കം ഏറെ വിവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വിധേയമായിട്ടുള്ളതും ഇന്നും ചര്‍ച്ചാവിഷയമായിരിക്കുന്നതുമായ ഒരു യാഥാര്‍ത്ഥ്യമാണ്. മാതാവിന്റെയും വിശുദ്ധരുടെയും മാലാഖമാരുടെയും മാധ്യസ്ഥ്യത്തിന്റെ പ്രസക്തിയെയും ദൈവശാസ്ത്ര അടിസ്ഥാനത്തെയും കുറിച്ചുള്ള തര്‍ക്കങ്ങള്‍ ആദിമ നൂറ്റാണ്ടുകളില്‍ പ്രാദേശികമായ പ്രശ്‌നങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും കാരണമായിട്ടുണ്ട്.

ഈ വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളെയും ദൈവശാസ്ത്ര സമീപനങ്ങളുടെ വൈവിധ്യങ്ങളെയും അതുയര്‍ത്തിയ പ്രായോഗിക പ്രശ്‌നങ്ങളെയും ഒരളവുവരെ പരിഹരിച്ചത് ട്രെന്റ് കൗണ്‍സിലിന്റെ പ്രഖ്യാപനമായിരുന്നു. സൂനഹദോസ് ഇപ്രകാരം പ്രഖ്യാപിച്ചു: ”ക്രിസ്തുവിന്റെയും അവിടുത്തെ പരിശുദ്ധ അമ്മയുടെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ ഉണ്ടായിരിക്കണം; അവ നിലനിര്‍ത്തണം. പ്രത്യേകിച്ച് പള്ളികളില്‍ അര്‍ഹിക്കുന്ന ആദരവും വണക്കവും അവയ്ക്ക് നല്‍കണം. അവ ആദരിക്കപ്പെടേണ്ടത് ഏതെങ്കിലും ദൈവികതയോ പുണ്യമോ അവയ്ക്കുണ്ട് എന്ന വിശ്വാസത്തിലല്ല, മറിച്ച് അവയുടെ മൂലരൂപങ്ങള്‍ (proto type) പ്രതിനിധാനം ചെയ്യുന്നവയ്ക്കാണ് അവയ്ക്കു നല്‍കുന്ന വണക്കം ലഭിക്കുന്നത് എന്നതിനാലാണ്.”

2001 ല്‍, കൂദാശകളും ദൈവാരാധനയുമായി ബന്ധപ്പെട്ട വത്തിക്കാന്‍ കാര്യാലയം ജനകീയ ഭക്താഭ്യാസങ്ങളെക്കുറിച്ചുള്ള ഡയറക്ടറി പ്രസിദ്ധീകരിക്കുകയുണ്ടായി (Directory on Popular piety and the Liturgy: Principles and Guidelines). തെന്ത്രോസ് സൂനഹദോസിന്റെ പഠനങ്ങളോട് ചേര്‍ന്ന് ഇത്തരം ആചാരങ്ങളെക്കുറിച്ച് ഡയറക്ടറിയില്‍ പറയുന്നത് ശ്രദ്ധേയമാണ്. തിരുസ്വരൂപങ്ങളോടുള്ള വണക്കം ആപേക്ഷികമാണെന്ന് ഈ രേഖ പറയുന്നു (നമ്പര്‍ 241). ഓരോ സംസ്‌ക്കാരത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭക്താഭ്യാസങ്ങളെ അവയിലൂടെ വെളിപ്പെടുന്ന ദൈവകൃപയുടെ വെളിച്ചത്തിലാണ് വിശകലനം ചെയ്യേണ്ടത്. ദൈവമഹത്വത്തിനും വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിനും സംസ്‌കാരികപരമായ തനിമ നിലനിര്‍ത്തുന്നതിനും ഓരോ ജനതയും തങ്ങളുടെ സംസ്‌കാരത്തോടും സമൂഹത്തോടും അടുത്ത് നില്‍ക്കുന്ന ഇത്തരം ആചാരങ്ങള്‍ തുടരുന്നത് നല്ലതാണ് (നമ്പര്‍ 243) എന്നും വത്തിക്കാന്‍ തിരുസംഘത്തിന്റെ ഡയറക്ടറിയില്‍ പറയുന്നു.

ഓരോ വിശുദ്ധനെയും ചിത്രീകരിക്കുന്നത് ആ വിശുദ്ധനുമായി ബന്ധപ്പെട്ട ഏതെങ്കിലും സാഹചര്യത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ്. മാതാവിന്റെ എണ്ണമറ്റ രൂപങ്ങളും ചിത്രങ്ങളും നിലവിലുണ്ട്. വ്യത്യസ്ത സംസ്‌കാരങ്ങളും സാഹചര്യങ്ങളും മാതാവിന്റെ വേഷവും മുഖഭാവവും മാറ്റിക്കൊണ്ടിരിക്കുന്നു. കുതിരപ്പുറത്തിരുന്ന് വ്യാളിയെ വധിച്ച് രാജകുമാരിയെ ഗീവര്‍ഗീസ് രക്ഷിച്ചു എന്ന ഐതിഹ്യമാണ് വിശുദ്ധ ഗീവര്‍ഗീസിനെ അപ്രകാരം അവതരിപ്പിക്കുന്നതിന് കാരണം. മരത്തില്‍ കെട്ടി അമ്പ് എയ്യപ്പെട്ടതിനാല്‍ വിശുദ്ധ സെബസ്ത്യാനോസിനെ അമ്പുകളോടെ രൂപപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ ഫ്രാന്‍സീസ് അസീസി, വിശുദ്ധ അന്തോനീസ്, വിശുദ്ധ അമ്മ ത്രേസ്യ, വിശുദ്ധ കൊച്ചുത്രേസ്യ തുടങ്ങിയവരുടെയെല്ലാം രൂപങ്ങള്‍ അവരുടെ ജീവിതമായോ അവര്‍ക്കു ലഭിച്ച ദര്‍ശനങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നവയാണ്.

ഓരോ പ്രദേശത്തിന്റെയും സംസ്‌കാരത്തിന്റെയും പശ്ചാത്തലത്തിലും വിശുദ്ധരുടെ രൂപങ്ങള്‍ വ്യത്യസ്തമായി വരാറുണ്ട്. ഉദാഹരണത്തിന്, കൊരട്ടിമുത്തിയും വല്ലാര്‍പാടത്തമ്മയും വേളാങ്കണ്ണിമാതാവും ഒരേ മാതാവ് തന്നെയാണ്. ഇതില്‍ ഏതു രൂപത്തിനാണ് കൂടുതല്‍ സിദ്ധി എന്നു ചോദിച്ചാല്‍, ഈ തിരുസ്വരൂപങ്ങളെ വണങ്ങാന്‍ അതാത് സ്ഥലങ്ങളിലെത്തിച്ചേരുന്ന വിശ്വാസിയുടെ വ്യക്തിപരമായ വിശ്വാസമാണ് അത് നിശ്ചയിക്കുന്നത് എന്ന് മാത്രമേ പറയാന്‍ സാധിക്കൂ. അതിനപ്പുറത്തേക്ക് കേവലമായ (absolute) മാനദണ്ഡം അതിനില്ല.

ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ രൂപത്തിന് പ്രത്യേക സിദ്ധിയൊന്നുമില്ല. കിടന്നുറങ്ങുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ രൂപവും നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു പാഠം ഇവിടെ പ്രസക്തമാണ്. ജീവിതത്തിന്റെ ഏതു പ്രതിസന്ധി ഘട്ടങ്ങളിലും ദൈവഹിതമെന്തെന്ന് അറിയുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. മാനുഷികമായ പരിഹാരങ്ങള്‍ക്കായി നോക്കാതെ ദൈവേഷ്ടമറിയുക എന്നത് പരമപ്രധാനമാണ്. ഈ സന്ദേശം വിശ്വാസിക്കു ലഭിച്ചാല്‍ കിടന്നുറങ്ങുന്ന വിശുദ്ധയൗസേപ്പിന്റെ രൂപം ഫലപ്രാപ്തിയുള്ളതാകും.

ചുരുക്കത്തില്‍, ഒരു രൂപത്തിനും ദൈവിക സിദ്ധിയില്ല. വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ നമ്മെ ആത്യന്തികമായി ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നതാകണം. ഓരോ പ്രദേശത്തും നിലനില്‍ക്കുന്ന വിശുദ്ധരുടെ പ്രത്യേക വണക്കം വിശ്വാസ വളര്‍ച്ചയ്ക്കും ദൈവമഹത്വത്തിനും ഉതകുന്ന രീതിയില്‍ പ്രോത്സാഹിപ്പിക്കപ്പെടണം. അവയെ പാടെ നിരാകരിക്കുന്നതിലും വിശുദ്ധിയില്ല. അതേ സമയം, വിശുദ്ധ കുര്‍ബാന പരസ്യമായി എഴുന്നള്ളിച്ചുവച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഈശോയുടെ പ്രത്യേക സാന്നിധ്യമായ ദിവ്യകാരുണ്യത്തിനു മുമ്പില്‍ ഒന്നു തലകുനിക്കുക പോലും ചെയ്യാതെ ഒരു കയ്യില്‍ അപേക്ഷയും നേര്‍ച്ച പൈസയും മറുകയ്യില്‍ മെഴുകുതിരിയുമായി വിശുദ്ധരുടെ രൂപക്കൂടുകളിലേക്ക് ഓടുന്ന വിശ്വാസിയുടെ ചിത്രം ഇക്കാര്യത്തില്‍ ഇനിയും ബോധവത്ക്കരണം ആവശ്യമാണ് എന്ന് നമ്മെ എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *