Church News

ദ് ഫേസ് ഓഫ് ദ് ഫെയ്‌സ്‌ലെസ് റിലീസ് 17ന്


സമൂഹത്തില്‍ മുഖമില്ലാതായിപ്പോയ ഒരു ജനതയുടെ മുഖമായി മാറിയ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ അനുഭവ കഥ പറയുന്ന ‘ദ് ഫേസ് ഓഫ് ദ് ഫേസ്‌ലസ്’ നവംബര്‍ 17-ന് റിലീസ് ചെയ്യും. ഇതിനോടകം 20-ല്‍ അധികം അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ ഈ ഹിന്ദി ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റിയാണ് റിലീസിനൊരുങ്ങുന്നത്. 2022-ലെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ വിന്‍സി അലോഷ്യസാണ് സിസ്റ്റര്‍ റാണി മരിയയായി വേഷമിട്ടിരിക്കുന്നത്. 15 സംസ്ഥാനങ്ങളില്‍ നിന്നായി 120-ല്‍ അധികം അഭിനേതാക്കളാണ് മറ്റു വേഷങ്ങളിലെത്തുന്നത്.

പ്രഫ. ഡോ. ഷെയ്‌സണ്‍ ഔസേപ്പാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ട്രൈലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ സാന്ദ്ര ഡിസൂസയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എഡിറ്റിങ്: രഞ്ജന്‍ എബ്രഹാം. തിരക്കഥ: ജയ്പാല്‍ ആനന്ദന്‍. ക്യാമറ: മഹേഷ് ആനി.

റിലീസ് ചെയ്യുന്ന തിയറ്ററുകള്‍:
തിരുവനന്തപുരം – ശ്രീ, പി.വി.ആര്‍ ലുലു, കൊല്ലം – ജി മാക്‌സ്, കോട്ടയം – ആശ, ചങ്ങനാശ്ശേരി – അനു, ആലപ്പുഴ – ശ്രീ, പാല – ജോസ്, തൊടുപുഴ – ആശീര്‍വാദ്, എറണാകുളം – സംഗീത, പി.വി.ആര്‍ ലുലു മാള്‍, കൊച്ചി ഇ.വി.എം, ഇടപ്പള്ളി – വനിത, കോതമംഗലം – ആന്‍, മുണ്ടക്കയം – ആര്‍.ഡി, തൃശ്ശൂര്‍ – ഇനോക്‌സ് ശോഭാ സിറ്റി, ജോസ്, ആലുവ – സീനത്ത്, ഇരിങ്ങാലക്കുട – ചെമ്പകശ്ശേരി, ചാലക്കുടി – സുരഭി, കോഴിക്കോട് – ശ്രീ, സിനിപോളിസ്, തലശ്ശേരി – ലിബര്‍ട്ടി, കണ്ണൂര്‍ – സമുദ്ര, സുല്‍ത്താന്‍ബത്തേരി – അതുല്യ, ആലക്കോട് – ഫിലിംസിറ്റി.

മധ്യപ്രദേശിലെ ഉദയ് നഗറിലെ പാവപ്പെട്ട കര്‍ഷകര്‍ക്കിടയിലായിരുന്നു സിസ്റ്റര്‍ റാണി മരിയയുടെ പ്രവര്‍ത്തനം. വര്‍ഷം തോറും കൃഷി ചെയ്യാന്‍ ജന്മിമാരില്‍ നിന്ന് കടം വാങ്ങുകയും ആ തുക തിരിച്ച് നല്‍കാന്‍ കഴിയാതെ അവര്‍ക്ക് അടിമപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു അവിടുത്തെ കര്‍ഷകര്‍. വരുമാനത്തിന്റെ വിഹിതം ബാങ്കില്‍ നിക്ഷേപിച്ച് കൃഷി ചെയ്യാനും വട്ടിപ്പലിശക്കാരുടെ മുന്നില്‍ ജീവിതം പണയം വയ്ക്കാതിരിക്കാനും ഉദയ്പൂരിലെ കര്‍ഷകരെ സിസ്റ്റര്‍ റാണി മരിയ പഠിപ്പിച്ചു. കര്‍ഷകരെ സ്വയംതൊഴിലില്‍ പ്രാവീണ്യമുളളവരാക്കാനും സിസ്റ്റര്‍ റാണി മരിയക്ക് സാധിച്ചു. ഒപ്പം ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ച് പാവപ്പെട്ട കര്‍ഷകരുടെ കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കാനും സിസ്റ്റര്‍ റാണി മരിയ ശ്രദ്ധിച്ചു.

കര്‍ഷകരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിച്ചതോടെ സിസ്റ്റര്‍ റാണി മരിയ ജന്മിമാരുടെ നോട്ടപ്പുള്ളിയായി. സിസ്റ്ററുടെ പ്രവര്‍ത്തനങ്ങളില്‍ വിറളിപൂണ്ട ജന്മിമാര്‍ സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്താന്‍ വാടകഗുണ്ടയെ ഏര്‍പ്പാടാക്കി. 1995 ഫെബ്രുവരി 25-ന് ഉദയ് നഗറില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട സിസ്റ്ററിനെ സമുന്ദര്‍ സിങ്ങെന്ന വാടകഗുണ്ട 54 തവണ കഠാരകൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി എന്ന ഖ്യാതിയോടെയാണ് സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്. പെരുമ്പാവൂരിനടുത്ത് പുല്ലുവഴി വട്ടാലില്‍ പൈലി-ഏലീശ്വ ദമ്പതിമാരുടെ ഏഴുമക്കളില്‍ രണ്ടാമത്തെ പുത്രിയായാണ് സിസ്റ്റര്‍ റാണി മരിയ.


Leave a Reply

Your email address will not be published. Required fields are marked *