ഏഷ്യന്‍ മാസ്‌റ്റേഴ്‌സ് മീറ്റില്‍ സ്വര്‍ണ്ണത്തിളക്കവുമായി താമരശ്ശേരി രൂപതാംഗം കെ. എം. പീറ്റര്‍
ഫിലിപ്പീന്‍സിലെ ടാര്‍ലാക്കില്‍ നടക്കുന്ന 22-ാമത് ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ സ്വര്‍ണ്ണമണിഞ്ഞ് ചക്കിട്ടപാറ ഇടവകാഗം കരിമ്പനക്കുഴി കെ. എം. പീറ്റര്‍. നാളെ നടക്കുന്ന അഞ്ചു കിലോമീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണ പ്രതീക്ഷയോടെ അദ്ദേഹം ട്രാക്കിലിറങ്ങും.
ദിനവും ഓടിയും നടന്നുമുള്ള പരിശീലനമാണ് 72 വയസിന്റെ ചെറുപ്പത്തിലും ‘സ്വര്‍ണ്ണവേട്ട’ തുടരുന്നതിന്റെ വിജയരഹസ്യമെന്ന് കെ. എം. പീറ്ററിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ലോക കായിക ഭൂപടത്തില്‍ ചക്കിട്ടപാറയെ അടയാളപ്പെടുത്തിയ കെ. എം. പീറ്ററിന്റെ നേതൃത്വത്തിലാണ് 2008ല്‍ ചക്കിട്ടപാറയില്‍ ഗ്രാമീണ സ്‌പോര്‍ട്‌സ് അക്കാദമി ആരംഭിക്കുന്നത്. ഒളിംപ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്‍, നയന ജെയിംസ്, ജിബിന്‍ സെബാസ്റ്റ്യന്‍, സച്ചിന്‍ ജെയിംസ് തുടങ്ങിയ കായിക പ്രതിഭകളെ കണ്ടെത്തിയതും അവരുടെ ആദ്യകാല പരിശീലകനും കെ. എം. പീറ്ററായിരുന്നു.
ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ കുളത്തുവയല്‍ ജോര്‍ജിയന്‍ അക്കാദമിയുടെ മുഖ്യപരിശീലകനാണ്. ഭാര്യ: ഏലിക്കുട്ടി. മക്കള്‍: സ്റ്റെഫി, നിധിന്‍.