ഫുഡ് ലിറ്ററസി ആന്റ് ന്യൂട്രീഷണല്‍ കൗണ്‍സലിങ് പദ്ധതി ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ എത്തിക്‌സിന്റെ ഭാഗമായി ആരംഭിച്ച ഫുഡ് ലിറ്ററസി ആന്റ് ന്യൂട്രീഷണല്‍ കൗണ്‍സലിങ് പദ്ധതി എഐസിസി അംഗം ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ആദ്യമായി ഭക്ഷ്യ സാക്ഷരത സംബന്ധിച്ച് നല്ല ആശയം കൊണ്ടുവന്നത് താമരശ്ശേരി രൂപതയാണെന്നും വിദ്യാഭ്യാസ സാക്ഷരതപോലെ ഭക്ഷ്യ സാക്ഷരതയും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നതിലൂടെ സാധിക്കും. അടുക്കളത്തോട്ടങ്ങള്‍ നിര്‍മ്മിച്ച് വിഷരഹിതമായ പച്ചക്കറികളും മറ്റു ഭക്ഷ്യ വസ്തുക്കളും ഉല്‍പാദിപ്പിച്ച് ഉപയോഗിക്കുന്ന ശീലം വളര്‍ത്തിയെടുക്കണം. മായം കലര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ ഒഴിവാക്കുന്നതിന് കൂട്ടായ യജ്ഞം നടത്തണം – ഡോ. ശശി തരൂര്‍ പറഞ്ഞു.
അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ എത്തിക്‌സ് പ്രസിഡന്റു കൂടിയായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക ശാക്തീകരണത്തിന് താമരശ്ശേരി രൂപതയുടെ കീഴില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ പഠനത്തിനും ഗവേഷണത്തിനുമായി പിജി കോഴ്‌സ്, കിസാന്‍ ഹെല്‍പ്പ് ലൈന്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, ബയോഡൈവേഴ്‌സിറ്റി പാര്‍ക്ക് എന്നിവ ഇതിനോടകം രൂപത ആരംഭിച്ചു – ബിഷപ് പറഞ്ഞു.
താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍ എബ്രഹാം വയലില്‍, അല്‍ഫോന്‍സ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജില്‍സണ്‍ തയ്യില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ എത്തിക്‌സ് എംഡി ഫാ. ബിജോ ചെമ്പരത്തിക്കല്‍, എകെസിസി പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ എത്തിക്‌സ് അസി. ഡയറക്ടര്‍ ഫാ. നിര്‍മ്മല്‍ പുലയംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ ആരോഗ്യമുള്ള സമൂഹവും മനസും ശരീരവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താമരശ്ശേരി രൂപത ഫുഡ് ലിറ്ററസി ആന്റ് ന്യൂട്രീഷണല്‍ കൗണ്‍സലിങ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.