മോണ്‍. ഡോ. ആന്റണി കൊഴുവനാല്‍ നിര്യാതനായി
താമരശ്ശേരി രൂപത വൈദികനും വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന മോണ്‍. ഡോ. ആന്റണി കൊഴുവനാല്‍ (79) നിര്യാതനായി. കര്‍ഷക സംഘടനയായ ഇന്‍ഫാമിന്റെ സ്ഥാപക നേതാവും നിലവില്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അഗസ്ത്യന്‍മൂഴി സെന്റ് ജോസഫ്‌സ് ഹോസ്പിറ്റലില്‍വെച്ച് ബുധനാഴ്ച (06 ഡിസംബര്‍ 2023) രാത്രിയോടെയായിരുന്നു അന്ത്യം.
ഭൗതിക ശരീരം വ്യാഴാഴ്ച (07 ഡിസംബര്‍ 2023) ഉച്ചകഴിഞ്ഞ് ഒരു മണി വരെ ഈരൂടുള്ള വിയാനി വൈദിക മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് കൂരാച്ചുണ്ടിലുള്ള ജ്യേഷ്ഠസഹോദര പുത്രനായ സജി കൊഴുവനാലിന്റെ ഭവനത്തിലേക്ക് കൊണ്ടുപോകും. സംസ്‌കാര കര്‍മ്മങ്ങള്‍ വെള്ളിയാഴ്ച (08 ഡിസംബര്‍ 2023) രാവിലെ ഒമ്പതു മണിക്ക് ഭവനത്തില്‍ ആരംഭിച്ച്, പത്തു മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടെ, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ നടക്കും.
കത്തോലിക്കാ സഭയ്ക്ക് നല്‍കിയ വിലപ്പെട്ട സേവനങ്ങള്‍ മാനിച്ച് 2017 ഏപ്രില്‍ 29ന് ഫ്രാന്‍സീസ് മാര്‍പാപ്പ ‘ചാപ്ലയിന്‍ ഓഫ് ഹിസ് ഹോളിനസ്’ എന്ന സ്ഥാനം നല്‍കി ഫാ. ആന്റണി കൊഴുവനാലിനെ മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തി. മിഷന്‍ ലീഗ് പുരസ്‌ക്കാരം, കോഴിക്കോട് കോര്‍പറേഷന്റെ മംഗളപത്രം അടക്കം ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. താമരശ്ശേരി രൂപതയുടെ അജപാലന കേന്ദ്രമായ മേരിക്കുന്ന് പി.എം.ഒ.സി.യുടെയും, അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്രയമായ കരുണഭവന്റെയും ഉന്നത വിദ്യാഭ്യാസ പരീശീലനകേന്ദ്രമായ സ്റ്റാര്‍ട്ടിന്റെയും സ്ഥാപകനും ആദ്യ ഡയറക്ടറുമായിരുന്നു.
കൊക്കോക്കോള, പാമോയില്‍ എന്നിവയുടെ ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങള്‍ക്ക് മോണ്‍. ആന്റണി കൊഴുവനാല്‍ നേതൃത്വം നല്‍കി. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ആരംഭകാലം മുതല്‍ അതിന്റെ ചെയര്‍മാനുമായിരുന്നു. സീറോ മലബാര്‍ ലിറ്റര്‍ജി കമ്മറ്റി അംഗവും സീറോ മലബാര്‍ ലിറ്റര്‍ജി റിസര്‍ച്ച് അംഗവുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയുടെ ജേര്‍ണലായ മതവും ചിന്തയും എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപക എഡിറ്ററായിരുന്നു.
1944 സെപ്റ്റംബര്‍ എട്ടിന് കോട്ടയം കൊഴുവനാല്‍ പരേതരായ ദേവസ്യ – അന്നമ്മ ദമ്പതികളുടെ എട്ടു മക്കളില്‍ നാലാമനായി ജനിച്ചു. കൊഴുവനാല്‍ കുടുംബം കോട്ടയത്തുനിന്നും കൂരാച്ചുണ്ടിലേക്ക് കുടിയേറി. ആന്റണിയച്ചന്‍ പ്രാഥമിക വിദ്യാഭ്യാസം കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി. സ്‌കൂളിലും ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം കുളത്തുവയല്‍ സെന്റ് ജോര്‍ജ്ജിലും പൂര്‍ത്തിയാക്കിയ ശേഷം 1963ല്‍ തലശ്ശേരി രൂപതയിലെ സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനം ആരംഭിച്ചു. ആലുവ, സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്ര – ദൈവശാസ്ത്രപഠനങ്ങള്‍ പൂര്‍ത്തിയാക്കി, അവിഭക്ത തലശ്ശേരി രൂപതയ്ക്കുവേണ്ടി 1972 ഡിസംബര്‍ 27 ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്ന് കൂരാച്ചുണ്ട് ഇടവകയില്‍ വച്ച് വൈദികപട്ടം സ്വീകരിക്കുകയും തുടര്‍ന്ന് പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.
അവിഭക്ത തലശ്ശേരി രൂപതയിലെ മാനന്തവാടി, കണിയാരം ഇടവകയില്‍ 1972ല്‍ അസിസ്റ്റന്റ് വികാരിയായും 1973ല്‍ തേര്‍മല ഇടവകയില്‍ വികാരിയായും മാനന്തവാടി ഗിരിദീപം പ്രസ്സിന്റെ മാനേജരായും സേവനമനുഷ്ഠിച്ചു. തലശ്ശേരി അതിരൂപതയിലെ മതബോധന വിഭാഗത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി 1975 മുതല്‍ 1980 വരെ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഉപരിപഠനത്തിനായി കാനഡയിലേക്ക് പോകുകയും 1981 – 85 കാലഘട്ടത്തില്‍ ടൊറന്റോ സെന്റ് ജെയിംസ് ദൈവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായും തുടര്‍ന്ന് 1987 വരെ ടൊറന്റോ അതിരൂപതയിലെ സെന്റ് തോമസ് സിറിയന്‍ കമ്മ്യൂണിറ്റിയുടെ വികാരിയായും സേവനം ചെയ്തു. കാനഡ ടൊറന്റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ‘ഗാന്ധിയന്‍ രാഷ്ട്രീയ ചിന്തയും ക്രൈസ്തവ വിമോചന ദൈവശാസ്ത്രവും-ഒരു വിമര്‍ശനാത്മക പഠനം’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. വാലില്ലാപ്പുഴ, മുക്കം, മേരിക്കുന്ന്, തിരുവമ്പാടി, ചേവായൂര്‍ എന്നീ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍ : ജോസഫ് (കൂരാച്ചുണ്ട്), തോമസ് (പെരുമ്പൂള), മറിയക്കുട്ടി (കൂരാച്ചുണ്ട്), അന്നക്കുട്ടി മലേപ്പറമ്പില്‍ (കൂരാച്ചുണ്ട്), പാപ്പച്ചന്‍ (തെയ്യപ്പാറ), വക്കച്ചന്‍ (ചമല്‍), സാലി മാളിയേക്കല്‍ (കണ്ണോത്ത്).