ഡിസംബര്‍ 11: വിശുദ്ധ ഡമാസസ് പാപ്പ
18 വര്‍ഷവും 2 മാസവും പേപ്പല്‍ സിംഹാസനത്തെ അലങ്കരിച്ച ഡമാസസ് വിശുദ്ധ ലോറന്‍സിന്റെ ദേവാലയത്തില്‍ ഒരു ഡീക്കനായി തന്റെ ശുശ്രൂഷാ ജീവിതം ആരംഭിച്ചു. പിന്നീട് പുരോഹിതനാകുകയും ലിബേരിയൂസ് മാര്‍പാപ്പയെ സേവിക്കുകയും ചെയ്തു. ലിബേരിയൂസ് പാപ്പ മരിച്ചപ്പോള്‍ ഡമാസസിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. ലളിതമായ ജീവിതമായിരുന്നു ഡമാസസിന്റേത്. ആര്യനിസത്തേയും അപ്പോളിനാരിസത്തെയും മറ്റു പാഷണ്ഡതകളെയും അദ്ദേഹം ശക്തിമായി എതിര്‍ത്തു.
അദ്ദേഹത്തിന്റെ ഭരണകാലത്ത് ക്രിസ്തുമതം റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. പ്രധാന ആരാധനാ ഭാഷയായി ലത്തീന്‍ ഭാഷയെ നിശ്ചയിച്ചു. അദ്ദേഹം വിശുദ്ധ ജെറോമിനു നല്‍കിയ ബൈബിള്‍ പഠനത്തിനുള്ള പ്രോത്സാഹനത്തിലൂടെ വുള്‍ഗാത്ത പ്രസിദ്ധീകരിക്കപ്പെട്ടു. ഡമസസ് പാപ്പയുടെ കാലത്ത് റോമാ സഭയുടെ ഖ്യാതി അത്യന്തം വര്‍ധിച്ചു. ‘റോമാ സഭയുടെ പരമാധികാരം ഏതെങ്കിലും സൂനഹദോസിന്റെ നിശ്ചയത്തേയല്ല, ക്രിസ്തുവിന്റെ വചനങ്ങളെത്തന്നെയാണ് ആശ്രയിക്കുന്നത്’ എന്ന് പാപ്പ വ്യക്തമാക്കി.
348 ഡിസംബര്‍ 10ന് പാപ്പ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.