Daily Saints

ഡിസംബര്‍ 14: കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ (വേദപാരംഗതന്‍)


ആവിലായ്ക്ക് സമീപം ഫോണ്ടിബേര്‍ എന്ന സ്ഥലത്ത് 1542ല്‍ ജോണ്‍ ജനിച്ചു. ഇപ്പെസ്സിലെ ഗൊണ്‍സാലെസ്സാണ് പിതാവ്. പിതാവിന്റെ മരണശേഷം നിരാംലംബയായ അമ്മയെ സഹായിക്കുവാന്‍ ജോണ്‍ ഒരാശുപത്രിയില്‍ രോഗികളെ ശുശ്രൂഷിക്കുന്ന ജോലി ചെയ്തു. 21-ാം വയസില്‍ ദൈവമാതാവിനോടുള്ള ഭക്തിയാല്‍ പ്രചോദിതനായി മെഡീനായിലെ കര്‍മ്മലീത്താ ആശ്രമത്തില്‍ ഒരത്മായ സഹോദരനായി ചേര്‍ന്നു. ഒരു സഹോദരനായി ജീവിക്കാന്‍ ആഗ്രഹിച്ചെങ്കിലും ജോണിന്റെ പഠന സാമര്‍ത്ഥ്യവും പുണ്യവും കണ്ട് 1567ല്‍ അദ്ദേഹത്തിന് തിരുപട്ടം നല്‍കി.

വലിയ ത്രേസ്യാ പുണ്യവതിയുടെ ആവശ്യപ്രകാരം കര്‍മ്മലീത്ത നിഷ്പാദുക സഭ നവീകരിക്കാന്‍ ശ്രമിച്ചെങ്കിലും മുതിര്‍ന്ന സന്യാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം ഒമ്പതു മാസം കാരാഗൃഹത്തില്‍ കിടക്കേണ്ടി വന്നു. റൊട്ടിയും ചാളയും വെള്ളവും മാത്രം ഭക്ഷിച്ചുള്ള ജയില്‍ വാസത്തില്‍ ദൈവവും താനും മാത്രമായി 270 ദിവസങ്ങള്‍ തള്ളിനീക്കി എന്ന് അദ്ദേഹം പറയുന്നു.

ജയിലില്‍ നിന്ന് ആധ്യാത്മിക കീര്‍ത്തനവുമായി അദ്ദേഹം പുറത്തു വന്നു. അദ്ദേഹം പറഞ്ഞു, ‘സഹനങ്ങളോട് ഞാന്‍ സ്‌നേഹം പ്രകടിപ്പിക്കുന്നെങ്കില്‍ വിസ്മയിക്കേണ്ട. ടൊളെഡോ ജയിലിലായിരുന്നപ്പോള്‍ അവയുടെ മേന്മ എനിക്കു മനസിലായി. ഒരിക്കല്‍ അദ്ദേഹത്തിന്റെ സഹനങ്ങള്‍ക്ക് എന്ത് സമ്മാനം വേണമെന്ന് ഈശോ ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: ‘സഹിക്കുകയും അങ്ങയെപ്രതി നിന്ദിക്കപ്പെടുകയുമല്ലാതെ വേറൊന്നും എനിക്കു വേണ്ട.’

അദ്ദേഹത്തിന്റെ കര്‍മ്മെല മലകയറ്റം, ആധ്യാത്മിക കീര്‍ത്തനം, ആത്മാവിന്റെ ഇരുണ്ട രാത്രി എന്നീ ഗ്രന്ഥങ്ങള്‍ ദൈവവും ആത്മാവും തമ്മിലുള്ള ഐക്യത്തെപ്പറ്റി പ്രതിപാദിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *