Daily Saints

ജനുവരി 11: വിശുദ്ധ തെയോഡോഷ്യസ്


106-ാമത്തെ വയസില്‍ നിര്യാതനായ തെയോഡോഷ്യസ് കപ്പദോച്യായില്‍ ജനിച്ചു. കലാഞ്ചിനൂസ് എന്ന ഗുരുവിന്റെ കീഴില്‍ ഏതാനും കാലം സന്യാസ ജീവിതം നയിച്ചു. പിന്നീട് ഒരു മലയില്‍ കയറി ഒരു ഗുഹയില്‍ പ്രാര്‍ത്ഥനയും ഉപവാസവുമായി കഴിഞ്ഞു. വനസസ്യങ്ങളും പയറും ഭക്ഷിച്ച് 30 വര്‍ഷം അദ്ദേഹം ജീവിച്ചു. ക്രമേണ ശിഷ്യന്മാര്‍ വന്നുകൂടി.

ഒരു ഉയിര്‍പ്പു തിരുനാള്‍ ദിവസം 12 അംഗങ്ങളുണ്ടായിരുന്ന ആ ആശ്രമത്തില്‍ ഭക്ഷിക്കാനൊന്നിമില്ലായിരുന്നു. ചിലര്‍ പിറുപിറുത്തപ്പോള്‍ തെയോഡോഷ്യസ് പറഞ്ഞു: ‘ദൈവത്തില്‍ ശരണം വയ്ക്കൂ. അവിടുന്ന് തരും.’ താമസിയാതെ ഭക്ഷണമെത്തി. തെയോഡോ്യസിന്റെ ആശ്രമം ബേസ്‌ളഹത്തിന് സമീപമായിരുന്നു. അവിടെ അദ്ദേഹം വൃദ്ധര്‍ക്കും വികലാംഗര്‍ക്കും സന്യാസത്യാഗികള്‍ക്കും വെവ്വേറെ ശുശ്രൂഷാ കേന്ദ്രം സ്ഥാപിച്ചു. നാലു പള്ളികളും പണിതു. രോഗികളുടെ ശുശ്രൂഷയും അപരിചിതരുടെ സംസ്‌ക്കാരവും ക്രമമായി നടന്നു.

സന്യാസ പരിപൂര്‍ണ്ണതയുടെ അടിസ്ഥാനം മരണസ്മരണയാണെന്ന് ശിഷ്യരെ പഠിപ്പിക്കാന്‍ ഒരു ശവക്കുഴി അദ്ദേഹമുണ്ടാക്കി. ഒരു ദിവസം തെയോഡോഷ്യസ് ശിഷ്യരോടു ചോദിച്ചു, ‘ശവകുടീരം തയാറാക്കിയിരിക്കുകയാണല്ലോ. ആര് സമര്‍പ്പണം നടത്തും?’ ബാസില്‍ എന്ന പുരോഹിതന്‍ പറഞ്ഞു, ‘ഞാന്‍ തയ്യാര്‍.’ അവര്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലി. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ആരോഗ്യവാനായിരുന്ന ബാസില്‍ മരിച്ചു. ലോകത്തിലെ നിരവധി ആര്‍ഭാടങ്ങളുടെയും പ്രലോഭനങ്ങളുടെയും മധ്യേ സന്യാസജീവിതം വിശുദ്ധിക്ക് എത്രയും സഹായകരമാണെന്ന് തെയോഡോഷ്യസിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.


Leave a Reply

Your email address will not be published. Required fields are marked *