ഫെബ്രുവരി 25: വിശുദ്ധ ടരാസിയൂസ്
എട്ടാം ശദാബ്ദത്തിന്റെ മധ്യത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഒരു കുലീന കുടുംബത്തില്‍ ടരാസിയൂസ് ഭൂജാതനായി. അവന്റെ അമ്മ യുക്രെഷിയാ മകനെ സുകൃതവാനായി വളര്‍ത്തിക്കൊണ്ടുവന്നു. സാമര്‍ത്ഥ്യവും സ്വഭാവഗുണവുംകൊണ്ട് അവന്‍ എല്ലാവരുടെയും ബഹുമാനം സമാര്‍ജ്ജിച്ചു.
കൊട്ടാരത്തിലെ സുഖങ്ങളുടെയും സന്തോഷങ്ങളുടെയും നടുവില്‍ ടരാസിയൂസ് ഒരു സന്യാസിയെപ്പോലെയാണ് ജീവിച്ചത്. കോണ്‍സ്റ്റാന്റിനോപ്പിളിലെ പേട്രിയാര്‍ക്ക് രാജിവച്ചപ്പോള്‍ തല്‍സ്ഥാനത്തേക്ക് ടരാസിയൂസ് തിരഞ്ഞെടുക്കപ്പെട്ടു. പേട്രിയാര്‍ക്കിന്റെ ജീവിതം വൈദികര്‍ക്കും ജനങ്ങള്‍ക്കും ഒരു മാതൃകയായിരുന്നു. ലളിതമായ ഭക്ഷണം കൊണ്ട് അദ്ദേഹം തൃപ്തിപ്പെട്ടു. പ്രാര്‍ത്ഥനയും ജ്ഞാനവായനയുമായിരുന്നു അദ്ദേഹത്തിന്റെ ഒഴിവുസമയത്തെ വിനോദങ്ങള്‍. 806 ഫെബ്രുവരി 25-ാം തിയതി പരിശുദ്ധനായ പേട്രിയാര്‍ക്ക് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.