മാര്‍ച്ച് 1: വിശുദ്ധ ആല്‍ബീനൂസ് മെത്രാന്‍
ബ്രിട്ടണില്‍ ആങ്കേഴ്‌സ് രൂപതയുടെ മെത്രാനായിരുന്നു വിശുദ്ധ ആല്‍ബീനൂസ് കുലീനവും സമ്പന്നവുമായ ഒരു കുടുംബത്തിലാണ് ജനിച്ചത്. ബാല്യം മുതല്‍ക്കേ ഭക്താഭ്യാസങ്ങളില്‍ തല്‍പ്പരനായിരുന്നു. ഭൗമീക വസ്തുക്കളോട് ഒട്ടിപ്പിടിച്ചു നില്‍ക്കാതെ ആത്മാക്കള്‍ക്കുണ്ടാകുന്ന സൗഭാഗ്യത്തെ അദ്ദേഹം ആശിച്ചു.
ആങ്കേഴ്‌സിനടുത്ത് സ്ഥിതിചെയ്യുന്ന ടിന്തിലാന്താശ്രമത്തില്‍ പ്രവേശനം നേടി. പ്രാര്‍ത്ഥന, ജാഗരണം, ഇന്ദ്രീയനിഗ്രഹം, അനുസരണം എന്നീ പുണ്യങ്ങള്‍ അഭ്യസിച്ചും സ്വന്തമായ ഒരിഷ്ടവുമില്ലാത്തപോലെ ജീവിച്ചും വിശുദ്ധിയില്‍ മുന്നേറിക്കൊണ്ടിരുന്നു. 504-ല്‍ 35-ാമത്തെ വയസില്‍ ആല്‍ബീനൂസ് ആബട്ടായി തിരഞ്ഞെടുക്കപ്പെട്ടു.
അറുപതാമത്തെ വയസ്സില്‍ ആങ്കേഴ്‌സിലെ മെത്രാനായി നിയമിതനായി. മെത്രാന്‍ സ്ഥാനം അലങ്കരിച്ചതുകൊണ്ട് ഏകാഗ്രതയ്‌ക്കോ ആശാനിഗ്രഹത്തിനോ അദ്ദേഹം മാറ്റം വരുത്തിയില്ല. രാജാക്കന്മാരുള്‍പ്പെടെ സര്‍വ്വജനങ്ങളും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നുവെങ്കിലും യാതൊരു മായാസ്തുതിക്കും ഹൃദയത്തില്‍ അദ്ദേഹം സ്ഥാനം കൊടുത്തില്ല. എളിമയാണ് യഥാര്‍ത്ഥ മഹത്വത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. 549 മാര്‍ച്ച് ഒന്നിന് ബിഷപ് ആല്‍ബീനൂസ് നിര്യാതനായി.