കൂരാച്ചുണ്ടില്‍ കെസിവൈഎം പ്രതിഷേധം
കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ പാലാട്ടില്‍ അബ്രാഹം മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെസിവൈഎം താമരശേരി രൂപത സമിതിയുടെ നേതൃത്വത്തില്‍ കൂരാച്ചുണ്ട് ടൗണില്‍ പ്രകടനവും റോഡ് ഉപരോധസമരവും നടത്തി. കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് റിച്ചാഡ് ജോണ്‍ അധ്യക്ഷത വഹിച്ചു.
പാലാട്ടില്‍ അബ്രഹാമിന്റെ മരണത്തില്‍ താമരശ്ശേരി രൂപതയുടെ ദുഃഖവും വേദനയും കൂരാച്ചുണ്ട് ഫൊറോന വികാരിയായ ഫാ. വിന്‍സെന്റ് കണ്ടത്തില്‍ രേഖപ്പെടുത്തി. വന്യമൃഗശല്യത്തിന് പരിഹാരം കാണാതെ വോട്ടുചോദിച്ചുകൊണ്ട് ആരും ഇവിടേക്ക് വരേണ്ടതില്ലെന്നും ആളുകള്‍ കൊല്ലപ്പെട്ടാലും തങ്ങള്‍ക്കൊരു പ്രശ്‌നവുമില്ലെന്ന് ചിന്തിക്കുന്ന ഭരണകൂടമാണ് ഇവിടെയുള്ളതെന്നും ഫാ. വിന്‍സെന്റ് പറഞ്ഞു.
”കാട്ടുപോത്തും പന്നിയും ആനയുമൊന്നും നിങ്ങള്‍ക്ക് വോട്ടുതരില്ല. മലയോര കര്‍ഷകനാണ് ഇവിടെ വോട്ടുള്ളതെന്ന് നേതാക്കള്‍ മറക്കരുത്. വനം കണ്ടിട്ടില്ലാത്ത വനം മന്ത്രി രാജിവയ്ക്കണം. മലയോര മണ്ണില്‍ ഇനിയൊരാളുപോലും വന്യമൃഗങ്ങളുടെ അക്രമണത്തില്‍ കൊല്ലപ്പെടാന്‍ പാടില്ല. അതിന് ഏതറ്റം വരെ പോകാനും ഞങ്ങള്‍ തയ്യാറാണ്. പൊതുസമര പരിപാടികളുമായി മുന്നോട്ടു പോകും. മരിച്ച കര്‍ഷന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാണം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാ. ജോയല്‍ കുമ്പുക്കല്‍, കെസിവൈഎം രൂപത പ്രസിഡന്റ് റിച്ചാഡ് ജോണ്‍, സംസ്ഥാന സിന്‍ഡിക്കേറ്റംഗം അഭിലാഷ് കുടിപ്പാറ, രൂപത സെക്രട്ടറി ജോയല്‍ ആന്റണി, അബിന്‍ ആന്‍ഡ്രൂസ്, കെ. വി. ഡെന്നി, സെബിന്‍ പാഴുക്കുന്നേല്‍, നോഹല്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.