മാര്‍ച്ച് 9: വിശുദ്ധ ഫ്രാന്‍സെസ്സ്
കൊള്ളാറ്റിന്‍ സഭയുടെ സ്ഥാപകനായ ഫ്രാന്‍സെസ്സ് കുലീന മാതാപിതാക്കന്മാരില്‍ നിന്ന് ഇറ്റലിയില്‍ ജനിച്ചു. ചെറുപ്പം മുതലേ സന്യാസ ജീവിതം ആഗ്രഹിച്ചെങ്കിലും മാതാപിതാക്കന്മാരുടെ ആഗ്രഹ പ്രകാരം 1396-ല്‍ ഒരു റോമന്‍ പ്രഭുവായ ലോറന്‍സു പൊന്‍സാനിയെ അവള്‍ വിവാഹം കഴിച്ചു. വിവാഹത്തോടെ പ്രഭ്വി ആയെങ്കിലും ഫ്രാന്‍സെസ്സ് ആഡംബരങ്ങളില്‍ നിന്ന് അകന്ന് പ്രാര്‍ത്ഥനയിലും ധ്യാനത്തിലും വിശുദ്ധ കുര്‍ബാനയുടെ സന്ദര്‍ശനത്തിലും ആനന്ദം തേടി.
40 കൊല്ലത്തെ വിവാഹ ജീവിതത്തില്‍ അവള്‍ തന്റെ ഭര്‍ത്താവിനെ ഒരിക്കലും അനുസരിക്കാതിരുന്നിട്ടില്ല. ”വിവാഹിതയായ ഒരു സ്ത്രീ എന്തിനെങ്കിലും വിളിക്കപ്പെട്ടാല്‍ ഭക്താഭ്യാസങ്ങള്‍ നിറുത്തിവച്ച് കുടുംബ ജോലികളില്‍ ദൈവത്തെ കാണാം.” എന്നാണ് അവള്‍ പറഞ്ഞിരുന്നത്. ഒരിക്കല്‍ ഒരു സങ്കീര്‍ത്തനം ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ നാലുപ്രാവശ്യം ഓരോ കാര്യത്തിന് അവള്‍ വിളിക്കപ്പെട്ടു. അഞ്ചാം പ്രാവശ്യം സങ്കീര്‍ത്തനം വീണ്ടും ആരംഭിച്ചപ്പോള്‍ പ്രഥമ വാക്യം സ്വര്‍ണ്ണ മഷിയില്‍ എഴുതപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു.
ശാരീരിക പ്രായശ്ചിത്തങ്ങള്‍ അനുഷ്ഠിക്കാന്‍ ഭര്‍ത്താവില്‍ നിന്ന് അനുമതി ലഭിച്ചപ്പോള്‍ മുതല്‍ വിശിഷ്ട ഭോജ്യങ്ങള്‍ ഉപേക്ഷിച്ച് ഉണക്കറൊട്ടി തിന്നാന്‍ തുടങ്ങി. കുട്ടികളെ വിശുദ്ധരായി വളര്‍ത്താന്‍ പരിശ്രമിച്ചു. ദൈവാനുഗ്രഹങ്ങള്‍ ഏറെ ലഭിച്ചപ്പോള്‍ ഭര്‍ത്താവ് ജീവിച്ചിരിക്കെ അദ്ദേഹത്തിന്റെ അനുമതിയോടെ ‘ഓബ്‌ളെയറ്റ്‌സ്’ സന്യാസിനീ സമൂഹം സ്ഥാപിക്കുകയും ഭര്‍ത്താവിന്റെ മരണശേഷം സഭയില്‍ അംഗമായി ചേരുകയും ചെയ്തു.
1440 മാര്‍ച്ച് ഒമ്പതിന് 56-ാം വയസില്‍ ഫ്രാന്‍സെസ്സ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1608-ല്‍ പോള്‍ അഞ്ചാമന്‍ മാര്‍പാപ്പ അവളെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി.