മാര്‍ച്ച് 12: വിശുദ്ധ സെറാഫീന
ഇറ്റലിയിലെ സാന്‍ ഗിമിഗ്നാനോയിലാണ് വിശുദ്ധ സെറാഫീന ജനിച്ചത്. ഭക്തരായ മാതാപിതാക്കന്മാര്‍ അവളെ സഹിക്കാന്‍ പഠിപ്പിച്ചു. അനുസ്യൂത സഹനമായിരുന്നു അവളുടെ ജീവിതം. മനുഷ്യനെ അടുപ്പിക്കാത്ത രോഗമായിരുന്നു അവളെ ബാധിച്ചത്. പലപ്പോഴും അവള്‍ക്ക് അത്യാവശ്യ ശുശ്രൂഷ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെ അവള്‍ അത്യന്തം കഷ്ടപ്പെട്ടു.
സെറാഫീന ഒരു മഠത്തിലും ചേര്‍ന്നില്ലായിരുന്നുവെങ്കിലും വീട്ടില്‍ ബനഡിക്ടന്‍ സഭാ നിയമം അനുസരിച്ചാണ് ജീവിച്ചിരുന്നത്. ബെനഡിക്ടന്‍ വൈദികരുടെ ആധ്യാത്മിക നിയന്ത്രണത്തില്‍ അവള്‍ വിശുദ്ധിയില്‍ അഭിവൃദ്ധി പ്രാപിച്ചു. കഷ്ടപ്പെട്ടിരുന്ന സെറാഫീന നാട്ടുകാരുടെ പ്രിയങ്കരിയായിരുന്നു. സാന്താഫീന എന്നാണ് ജനങ്ങള്‍ അവളെ വിളിച്ചിരുന്നത്. 1253-ല്‍ അവളുടെ കഷ്ടതകള്‍ നിത്യമായി അവസാനിച്ചു. അവള്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.