മാര്‍ച്ച് 17: വിശുദ്ധ പാട്രിക് മെത്രാന്‍


അയര്‍ലന്‍ഡിന്റെ അപ്പസ്‌തോലനും ആര്‍മാഗിലെ ആദ്യത്തെ ബിഷപ്പുമായ പാട്രിക്, സ്‌കോട്ട്‌ലന്ററില്‍ ഒരു കെല്‍ട്ടോ റോമന്‍ കുടുംബത്തില്‍ ജനിച്ചു. ടൂഴ്‌സസിലെ വിശുദ്ധ മാര്‍ട്ടിന്റെ സഹോദരപുത്രി കോഞ്ചെയാ ആയിരുന്നു അമ്മ. പതിനാറു വയസ്സുള്ളപ്പോള്‍ കാട്ടുജാതിക്കാര്‍ അവനെ അയര്‍ലന്‍ഡില്‍ കൊണ്ടു പോയി അടിമയായി വിറ്റു. ആറുമാസം അടിമയായി ആടുകളെ നോക്കി അര്‍ദ്ധപട്ടിണിയായി കഴിഞ്ഞു. തന്നിമിത്തം കൂടുതല്‍ ദൈവൈക്യത്തില്‍ ചെലവഴിക്കാന്‍ അവന് സാധിച്ചു. അടിമത്തം കഴിഞ്ഞപ്പോള്‍ സ്വന്തം നാട്ടിലേക്കുള്ള കപ്പല്‍ക്കാര്‍ കപ്പല്‍ക്കൂലി കൂടാതെ പാട്രിക്കിനെ കൊണ്ടുപോയി. കപ്പല്‍ ഇറങ്ങിയതിനുശേഷം സ്വഭവനത്തിലെത്താന്‍ 29 ദിവസം വേണ്ടിവന്നു. പാട്രിക്കിന്റെ പ്രാര്‍ത്ഥന ദൈവം ശ്രവിക്കുകയും മാര്‍ഗ്ഗമദ്ധ്യേ പാട്രിക്കിനും കൂട്ടുകാര്‍ക്കും ഭക്ഷണം മുടങ്ങാതെ ലഭിക്കുകയും ചെയ്തു.

ആറുവര്‍ഷം കഴിഞ്ഞു പാട്രിക്ക് ഫ്രാന്‍സിലും ഇറ്റലിയിലും മറ്റും യാത്ര ചെയ്തു. 43-ാമത്തെ വയസ്സില്‍ അദ്ദേഹം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. ഒരു സ്വപ്‌നത്തില്‍ ഐറിഷ് ബാലികാ ബാലന്മാര്‍ തന്റെ നേര്‍ക്ക് കൈനീട്ടിയിരിക്കുന്നതായി അദ്ദേഹം കണ്ടു. അയര്‍ലന്‍ഡില്‍ മിഷന്‍വേല ചെയ്യാനുള്ള ഒരു ക്ഷണമായി പാട്രിക് ഈ സ്വപ്‌നം വ്യാഖ്യാനിച്ചു.

എരിയുന്ന തീക്ഷ്ണതയോടെ പാട്രിക്ക് അയര്‍ലന്‍ഡിന്റെ എല്ലാ മുക്കിലും മൂലയിലുമെത്തി അനേകരെ മാനസാന്തരപ്പെടുത്തി. അങ്ങനെ ഐറിഷ് സഭ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ നാമമാത്ര ക്രിസ്ത്യാനിയായിരുന്ന കൊറോട്ടിക്ക് രാജാവ് പല ക്രൈസ്തവരേയും വധിച്ചു; പലരേയും അടിമകളായി വിറ്റു. പാപിയും അജ്ഞനുമായ പാട്രിക് എന്നു സ്വയം സംബോധനചെയ്തുകൊണ്ട് കൊറോട്ടിനെഴുതിയ കത്ത് തന്റെ ആടുകളോട് അദ്ദേഹത്തിനുണ്ടായിരുന്ന ആര്‍ദ്രമായ സ്‌നേഹത്തെ സ്പഷ്ടമാക്കുന്ന ഒന്നായിരുന്നു.

433-ല്‍ ഉയിര്‍പ്പു ഞായറാഴ്ച ഷാംറോക്ക് മരത്തിന്റെ ത്രിദളപത്രം ഉപയോഗിച്ച് പരിശുദ്ധ ത്രിത്വത്തെപ്പറ്റി പ്രസംഗിക്കുകയും രാജസഹോദരന്‍ കൊണാള്‍ മാനസാന്തരപ്പെടുകയും ചെയ്തു. അതോടെ അയര്‍ലന്‍ഡിന്റെ മാനസാന്തരം ത്വരിതപ്പെട്ടു.

ഡൂയിഡ്സ് എന്നു പറയുന്ന ഒരുകൂട്ടര്‍ അദ്ദേഹത്തെ വളരെയധികം മര്‍ദ്ദിച്ചിരുന്നു. പന്ത്രണ്ടിലധികം പ്രാവശ്യം അദ്ദേഹത്തേയും അനുയായികളേയും ജയിലിലടയ്ക്കുകയും വധിക്കാനുദ്യമിക്കുകയും ചെയ്യുകയുണ്ടായെങ്കിലും ദൈവാനുഗ്രഹത്താല്‍ അദ്ദേഹം എപ്പോഴും രക്ഷപ്പെട്ടു. വിശുദ്ധ പാട്രിക് അയര്‍ലന്‍ഡിന്റെ മധ്യസ്ഥനാണ്


Leave a Reply

Your email address will not be published. Required fields are marked *