രുചികരമായ പെസഹാ വിഭവങ്ങള്‍ തയ്യാറാക്കാം
സുറിയാനി ക്രിസ്ത്യാനികള്‍ക്ക് മാത്രമുള്ളതും, അവര്‍ നൂറ്റാണ്ടുകളായി ആചരിച്ചു വരുന്നതുമായ ഒരു അനുഷ്ഠാനമാണ് പെസഹാ അപ്പം മുറിക്കല്‍. ഇതിനായി വിഭവങ്ങള്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
ഇന്‍ഡറിയപ്പം
ചേരുവകള്‍
1. അരിപ്പൊടി വറുത്തത്- നാലു ഗ്ലാസ്
2. ഉഴുന്ന്- ഒരു ഗ്ലാസ്
3. തേങ്ങ – നാല്
4. വെളുത്തുള്ളി, ചുവന്നുള്ളി – അരച്ചെടുത്തത് പാകത്തിന്
5. ജീരകം- പാകത്തിന് അരച്ചെടുത്തത്
പാചകം ചെയ്യുന്ന വിധം
തേങ്ങ മിക്‌സിയില്‍ ഒതുക്കിയെടുക്കുക. വറുത്ത അരിപ്പൊടി ചൂടുവെള്ളത്തില്‍ കുഴച്ചെടുക്കുക. അരച്ചെടുത്ത വെളുത്തുള്ളിയും ജീരകവും തേങ്ങയും പാകത്തിന് ഉപ്പും ചേര്‍ത്ത് അരിപ്പൊടി കുഴച്ചതില്‍ ചേര്‍ത്തിളക്കി മയം വരുത്തിയ ശേഷം വെളുത്തുള്ളിയുടെ രുചി വരത്തക്കവിധം ചേര്‍ത്ത് വാഴയിലയില്‍ പരത്തി മടക്കിയെടുത്ത് അപ്പച്ചെമ്പില്‍ വച്ച് വേവിച്ചെടുക്കാവുന്നതാണ്.
കുരിശപ്പം
കുരിശപ്പം തയ്യാറാക്കാന്‍ ഇന്‍ട്രി അപ്പത്തിനു പാകപ്പെടുത്തി വച്ചിരിക്കുന്നതില്‍ നിന്നും ഒരു ഭാഗം പൊടി
കുഴച്ചത് നല്ല സ്റ്റീല്‍ പ്ലെയിറ്റിലോ, വാഴയിലയിലോ പാകത്തിന് വലിപ്പത്തില്‍ എടുത്ത് അപ്പചെമ്പില്‍ വേവിച്ചെടുക്കുക. കുരിശാകൃതിയില്‍ കുരുത്തോല മുറിച്ചെടുത്ത് ഈ അപ്പത്തിന്റെ നടുവില്‍വെക്കണം.
വട്ടയപ്പം
ചേരുവകള്‍
1. അരി-ഒരു കിലോ
2. പഞ്ചസാര-500 ഗ്രാം
3. ചോറ് -ഒരു ഗ്ലാസ്
4. യീസ്റ്റ് -അര സ്പൂണ്‍
5. ഏലക്ക -ആവശ്യത്തിന്
6. തേങ്ങാപ്പാല്‍- ഒന്നര തേങ്ങ
പാചകം ചെയ്യുന്ന വിധം
അരി വെള്ളത്തിലിട്ട് 2 മണിക്കൂര്‍ കുതിര്‍ന്ന ശേഷം കഴുകി അരിപ്പയില്‍ വാരി വെക്കുക. അരി, ചോറ്, ഏലക്ക ഇവ മൂന്നും കൂടി തേങ്ങാപ്പാലില്‍ നന്നായി അരച്ചെടുക്കുക. (വെള്ളം അധികമാകാന്‍ പാടില്ല). അരച്ച മാവിലേക്ക് പഞ്ചസാര, ഉപ്പ്, യീസ്റ്റ് ഇവ ചേര്‍ത്ത് നന്നായി ഇളക്കി വെക്കുക. മാവ് പൊന്തി വന്നതിനു ശേഷം നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം അര മണിക്കൂര്‍ കഴിഞ്ഞ് അപ്പചെമ്പില്‍ പുഴുങ്ങി എടുക്കാവുന്നതാണ്.
പെസഹാ പാല്‍
പത്ത് ഗ്ലാസ് പാല്‍ തയ്യാറാക്കുന്നതിനായി 2തേങ്ങ ചിരകിയെടുത്ത് പാല്‍ പിഴിഞ്ഞ്, അരിച്ചെടുത്ത് ശര്‍ക്കര ഉരുക്കിയത്, ജീരകം, ചുക്ക് അരച്ചത് ഇവ ഒരുമിച്ച് യോജിപ്പിച്ച് തിളപ്പിക്കുക. കൊഴുപ്പു കൂടുവാന്‍ അല്‍പം അരിപ്പൊടിയും ചേര്‍ക്കാവുന്നതാണ്.