മാര്‍ച്ച് 24: ഓശാന ഞായര്‍
ലാസറിന്റെ ഉയിര്‍പ്പിനുശേഷം ഈശോ ജറുസലേം ദൈവാലയം സന്ദര്‍ശിച്ചു. ഒരു കഴുതയുടെ പുറത്ത് വെളളത്തുണി വിരിച്ച് ഈശോ അതിന്മേലിരുന്നു. പുരുഷാരം ഓലിവുശാഖകള്‍ കൈയില്‍പിടിച്ചു ‘ദാവീദിന്‍ സുതന് ഓശാനാ, ദൈവത്തിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതനാകുന്നു.’ ഈ ഓശാനവിളി രസിക്കാഞ്ഞ ഫരിസേയര്‍ അതു നിറുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘ഇവര്‍ മൗനം അവലംബിച്ചാല്‍ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്ന് ഞാന്‍ പറയുന്നു’ (ലൂക്കാ 19: 40) എന്ന് ഈശോ അരുള്‍ചെയ്തു. അവിടുന്ന് മുമ്പോട്ടു നീങ്ങിയപ്പോള്‍ ജനങ്ങള്‍ തങ്ങളുടെ മേലങ്കി വഴിയില്‍ വിരിച്ചു. നാം വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ നമ്മുടെ കഴുതയാകുന്ന ഹൃദയത്തില്‍ വരപ്രസാദമാകുന്ന വെള്ളവസ്ത്രം സ്വീകരിച്ച്, എന്റെ കര്‍ത്താവേ, എന്റെ ദൈവമേ, ദാവീദിന്‍ സുതന് ഓശാന എന്നു മനസ്സുകൊണ്ട് പറയുന്നുണ്ടോ?
ഓശാന ഞായറാഴ്ച കുരുത്തോല ഞായറാഴ്ച എന്ന പേരിലും അറിയപ്പെടുന്നുണ്ട്. കുരുത്തോല (Palm Leaf) സന്തോഷവും മരണത്തിന്മേലുള്ള വിജയവും സൂചിപ്പിക്കുന്നു. കുരുത്തോല ഇല്ലാത്തിടങ്ങളില്‍ പച്ചയിലകളും പുഷ്പങ്ങളും റിബ്ബണ്‍ വടിയില്‍ കെട്ടിയും അന്നത്തെ പ്രദക്ഷിണത്തിന് ഉപയോഗിക്കുന്നു.
കുരുത്തോല വെഞ്ചരിപ്പ് ജെറുസലേമില്‍ നാലാം ശതാബ്ദത്തില്‍ ആരംഭിച്ചു. ദാവീദിന്റെ പുത്രന് ഓശാന എന്ന് വിളിച്ച ജനമാണ് ആറു ദിവസങ്ങള്‍ക്ക് ശേഷം അവിടുത്തെ തള്ളി ബറാബ്ബാസിനെ തിരഞ്ഞെടുത്തതും അവനെ കുരിശില്‍ തറയ്ക്കുവിന്‍ എന്ന് ആര്‍ത്തു വിളിച്ചതും.