Daily Saints

മാര്‍ച്ച് 27: ഈജിപ്തിലെ വിശുദ്ധ ജോണ്‍


ഈജിപ്തില്‍ ഒരു തച്ചന്റെ മകനായി ജോണ്‍ ജനിച്ചു. 25-ാം വയസ്സില്‍ അയാള്‍ ലൗകികാര്‍ഭാടങ്ങള്‍ ഉപേക്ഷിച്ച് ഒരു സന്യാസിയുടെ കീഴില്‍ അസാധാരണമായ വിനയത്തോടും അനുസരണയോടും കൂടെ ജീവിച്ചു. പല മൂഢമായ പ്രവൃത്തികളും തന്റെ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം അവന്‍ ചെയ്തുകൊണ്ടിരുന്നു. ഒരു ഉണങ്ങിയ കമ്പ് പച്ചച്ചെടിയെന്നപോലെ ഒരു വര്‍ഷം സ്ഥിരമായി നനച്ചു. ഈ അനുസരണപ്രവൃത്തികള്‍ക്കൊണ്ട് അനന്തരകാലത്ത് ജോണിന് വിശിഷ്ടാനുഗ്രഹങ്ങള്‍ ലഭിച്ചു.

നാല്‍പതു വയസ്സുള്ളപ്പോള്‍ ലിക്കൊപ്പോളിസില്‍ ഒരു ഉയര്‍ന്ന പാറയുടെ മുകളില്‍ കയറി ഒരു കൊച്ച് അറ അദ്ദേഹത്തിന്റെ താമസത്തിനായി തിരിച്ചെടുത്തു. ആഴ്ചയില്‍ അഞ്ചു ദിവസം അദ്ദേഹം ദൈവത്തോടുള്ള സംഭാഷണത്തില്‍ കഴിച്ചുകൂട്ടിയിരുന്നു. ശനിയും ഞായറും പുരുഷന്മാര്‍ക്ക് ആദ്ധ്യാത്മിക ഉപദേശങ്ങള്‍ നല്‍കിവന്നു. സൂര്യാസ്തമനംവരെ ഒന്നും ഭക്ഷിച്ചിരുന്നില്ല. അതിനു ശേഷമാണെങ്കിലും വളരെ കുറച്ചുമാത്രം. ഇങ്ങനെ 42-ാമത്തെ വയസ്സുമുതല്‍ 90-ാമത്തെ വയസ്സുവരെ ജീവിച്ചു. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വന്നിരുന്നവര്‍ക്ക് താമസിക്കാന്‍ ഒരാശുപത്രി അദ്ദേഹം പണിയിച്ചു. അനേകരെ അത്ഭുതകരമാം വിധം അദ്ദേഹം സുഖപ്പെടുത്തി. പലരുടേയും ഹൃദയരഹസ്യങ്ങള്‍ അദ്ദേഹത്തിനു വെളിപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. സ്വേച്ഛാധിപതിയായ മാക്സിമസ്സിനെ രക്തം ചിന്താതെ തെയോഡോഷ്യസു ചക്രവര്‍ത്തി പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പ്രവചിച്ചു.

ജീവചരിത്രകാരന്മാര്‍ വിശുദ്ധ ജോണ്‍ ചെയ്തിട്ടുള്ള നിരവധി അത്ഭുതങ്ങള്‍ വിവരിക്കുന്നുണ്ട്. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അത്ഭുതപ്രവര്‍ത്തനവരം സിദ്ധിക്കുമെന്ന് വിശുദ്ധ ജോണിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.


Leave a Reply

Your email address will not be published. Required fields are marked *