Daily Saints

മാര്‍ച്ച് 28: പെസഹാ വ്യാഴാഴ്ച


സംഹാരദൂതന്‍ ഈജിപ്തുകാരുടെ കടിഞ്ഞൂല്‍പുത്രന്മാരെ വധിക്കുകയും യഹൂദരുടെ വീടുകളില്‍ യാതൊരു നാശവും ചെയ്യാതെ കടന്നുപോകുകയും ചെയ്തതിന്റെ ഓര്‍മ്മയ്ക്കായാണ് പെസഹാ തിരുനാള്‍ പഴയനിയമത്തില്‍ ആചരിച്ചിരുന്നത്. ആ തിരുനാള്‍ദിവസം എല്ലാ യഹൂദ കുടുംബങ്ങളും ഒരാടിനെ കൊന്നു പെസഹാ ഭക്ഷിച്ചിരുന്നു. ഈശോ തന്റെ മരണത്തിന്റെ തലേദിവസം വൈകുന്നേരം വിശാലമായ ഒരു മുറിയില്‍ വച്ച് തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുകയും ശ്ലീഹന്മാരോടുകൂടെ പെസഹാ ഭക്ഷിക്കുകയും ചെയ്തു. വിശുദ്ധ ജോണ്‍ മാര്‍ക്കിന്റെ വീട്ടിലെ ഒരു മുറിയായിരുന്നു അതെന്ന് പറയുന്നുണ്ട്.

പാദപ്രക്ഷാളന കര്‍മ്മത്തില്‍ ഉപയോഗിക്കുന്ന ആദ്യത്തെ പ്രഭണിതം (Antiphona) ഒരു പുതിയ കല്പന ഞാന്‍ തരുന്നു. (Manda-tum novum do vobis) എന്നാണ്. ‘മന്താത്തും’ എന്ന ആദ്യത്തെ വാക്കാണ് പെസഹാ വ്യാഴാഴ്ചയ്ക്ക് ഇംഗ്‌ളീഷില്‍ മോണ്ടി തേഴ്സ്ഡെ (Maundy Thursday) എന്ന വാക്കിന് നിദാനമായത്. നമ്മുടെ കര്‍ത്താവും ഗുരുവുമായ ഈശോ തന്റെ ശിഷ്യരുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നമ്മളും പരസ്പരം കാലുകഴുകാന്‍ അതായത് വിനയപൂര്‍വ്വം പരസ്പരം സ്‌നേഹിക്കാന്‍ എത്രമാത്രം കടപ്പെട്ടിട്ടുണ്ട്.

അന്നത്തെ അത്താഴത്തിനു മുഖവുരയായി ഈശോ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും ‘എന്റെ പീഡാനുഭവത്തിന് മുമ്പ് നിങ്ങളോടുകൂടെ ഈ പെസഹാ ഭക്ഷിക്കാന്‍ ഞാന്‍ അത്യധികം ആഗ്രഹിച്ചിരുന്നു. ദൈവരാജ്യത്തില്‍ ഇതിന്റെ പൂര്‍ത്തീകരണം ഉണ്ടാകുന്നതുവരെ ഞാന്‍ ഇനി ഇതു ഭക്ഷിക്കുകയില്ലെന്നു നിങ്ങളോടു പറയുന്നു’ (ലൂക്കാ 22: 15-18). അനന്തരം അവിടുന്ന് വിശുദ്ധ കുര്‍ബാന സ്ഥാപിച്ച് ശിഷ്യന്മാര്‍ക്കു നല്‍കി.

പെസഹാ വ്യാഴാഴ്ച തിരുക്കര്‍മ്മങ്ങളാണ് വിശുദ്ധവാരത്തില്‍ ആദ്യം റോമയില്‍ അനുഷ്ഠിക്കാന്‍ തുടങ്ങിയത്. പെസഹാ വ്യാഴാഴ്ച രണ്ടു വലിയ ഓസ്തി കൂദാശ ചെയ്യുന്നതും കുര്‍ബാനയുടെ പ്രദക്ഷിണവും വളരെ പഴക്കമുള്ള തിരുക്കര്‍മ്മങ്ങളാണ്.


Leave a Reply

Your email address will not be published. Required fields are marked *