Daily Saints

ഏപ്രില്‍ 8: കൊറിന്തിലെ വിശുദ്ധ ഡയണീഷ്യസ്


കൊറിന്തിലെ മെത്രാനായിരുന്ന ഡയണീഷ്യസ് രണ്ടാം ശതാബ്ദത്തിലെ സഭയുടെ ഇടയന്മാരില്‍ വച്ച് എത്രയും പരിശുദ്ധനും പ്രഭാഷണചതുരനുമായിരുന്നു. പ്രസംഗങ്ങള്‍കൊണ്ട് മാത്രമല്ല ലേഖനങ്ങള്‍ കൊണ്ടും അദ്ദേഹം ക്രൈസ്തവരെ ഉപദേശിച്ചു.

വിശുദ്ധ പത്രോസും പൗലോസും കൊറിന്തില്‍ ക്രിസ്തുമതം പ്രസംഗിച്ചശേഷം ഇറ്റലിയിലേക്ക് പോയെന്ന് വിശുദ്ധ ഡയണീഷ്യസു പറയുന്നു. പിശാചിന്റെ മക്കള്‍, അതായത് പാഷണ്ഡികള്‍ തന്റെ ഗ്രന്ഥങ്ങളില്‍ വിഷം കലര്‍ത്തിയിട്ടുണ്ടെന്ന് വേറൊരിടത്ത് അദ്ദേഹം പറയുന്നു. പാഷണ്ഡതകള്‍ വേദപുസ്തക വ്യാഖ്യാനത്തില്‍ നിന്നുണ്ടായതല്ല. ബിഷപ് ഡയണീഷ്യസിനു വിശ്വാസസംരക്ഷണത്തിനായി വളരെയേറെ സഹിക്കേണ്ടിവന്നതുകൊണ്ട് ഗ്രീക്കുകാര്‍ അദ്ദേഹത്തെ രക്തസാക്ഷിയെന്ന് വിളിക്കുന്നുണ്ട്.

വിശ്വാസത്തില്‍ തെറ്റുകള്‍ വരുന്നത് ലോകവസ്തുക്കളോടുള്ള അമിതമായ മമതകൊണ്ടും പരമാര്‍ത്ഥതയുടെ കുറവുകൊണ്ടുമാണ്. തികഞ്ഞ ആത്മാര്‍ത്ഥതയും സത്യസന്ധതയും ക്രിസ്തുമതത്തിന്റെ പ്രധാന ഘടകമാണെന്ന് ഡയണീഷ്യസ്സിന്റെ ഗ്രന്ഥങ്ങള്‍ നമ്മളെ ഓര്‍മിപ്പിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *