ഏപ്രില്‍ 11: ക്രാക്കോയിലെ വിശുദ്ധ സ്റ്റനിസ്‌ളാവുസ് മെത്രാന്‍
പോളണ്ടിന്റെ മധ്യസ്ഥനായ ക്രാക്കോ ബിഷപ് സ്റ്റനിസ്‌ളാവുസിനെപ്പറ്റി പൗരസ്ത്യ യൂറോപ്യന്‍ ചരിത്രത്തില്‍ വായിച്ചിട്ടില്ലാത്തവരാരും ഉണ്ടാകുകയില്ല. വിശുദ്ധ തോമസ് മൂറിനേയും വിശുദ്ധ തോമസ് ബെക്കറ്റിനേയും പോലെ, അനീതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗവണ്‍മെന്റിനെ സ്റ്റനിസ്‌ളാവൂസ് ചെറുത്തുകൊണ്ടിരുന്നു.
1030 ജൂലൈ 26-ന് ക്രാക്കോയ്ക്കു സമീപമുള്ള സഷെ പാനോവില്‍ അദ്ദേഹം ജനിച്ചു. നിസ്‌നോയിലെ കത്തീഡ്രല്‍ സ്‌ക്കൂളുകളിലും പാരീസിലും പഠിച്ച് പുരോഹിതനായി. അദ്ദേഹത്തിന്റെ സന്മാതൃകയും പ്രസംഗങ്ങളുംവഴി അനേകര്‍ മാനസാന്തരപ്പെട്ടു. 1072-ല്‍ അദ്ദേഹം ക്രാക്കോയിലെ മെത്രാനായി.
ബിഷപ്പായതിനുശേഷം ബൊലെസ്‌ളാവൂസ് ദ്വിതീയന്‍ രാജാവിന്റെ അനീതികളേയും നീതിരഹിതമായ യുദ്ധങ്ങളേയും കര്‍ഷകരുടെ തിന്മകളേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. രാജാവ് അനുതാപത്തിന്റെ ലക്ഷണം കാണിച്ചെങ്കിലും മെത്രാനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി. ബിഷപ് സ്റ്റനിസ്‌ളാവൂസ് അദ്ദേഹത്തെ മഹറോന്‍ ചൊല്ലി. കുപിതനായ രാജാവ് പടയാളികളോടു ബിഷപ്പിനെ വധിക്കാന്‍ ആജ്ഞാപിച്ചു. അവര്‍ വിസമ്മതിക്കയാല്‍ രാജാവു തന്നെ ബിഷപ്പ് സ്റ്റനിസ്‌ളാവൂസിനെ വധിച്ചു. രാജാവ് ഹങ്കറിയിലേക്ക് പലായനം ചെയ്തു. അവിടെവച്ച് അനുതപിച്ച് ശേഷംകാലം ഓസിയിക്ക് ബെനഡിക് ടന്‍ ആശ്രമത്തില്‍ താമസിച്ചു.