ഏപ്രില്‍ 4: വിശുദ്ധ ഇസിദോര്‍
സ്പാനിഷ് സംസ്‌കാരത്തിന്റെ പ്രധാന പ്രതിനിധിയും ചരിത്രകാരനും പണ്ഡിതനുമായിരുന്നു വേദപാരംഗതനായ സെവീലിലെ ഇസിദോര്‍. സേവേരിയാന്റേയും തെയോഡോറയുടെയും മകനായി ഇസിദോര്‍ ജനിച്ചു. രണ്ടു സഹോദരന്മാര്‍ ലെയാന്ററും ഫുള്‍ജെന്‍ സിയൂസും പുണ്യവാന്മാരാണ്; സഹോദരി ഫ്‌ളൊരെന്തീനാ പുണ്യവതിയുമാണ്. ഈ സഹോദരി ആവശ്യപ്പെട്ടതനുസരിച്ചാണ് കത്തോലിക്കാ വിശ്വാസം എന്ന ഗ്രന്ഥം ഇസിദോര്‍ എഴുതിയത്. യഹൂദജനങ്ങളുടെ ആക്ഷേപങ്ങള്‍ക്ക് ഉത്തരം പറയാന്‍ ആവശ്യമുള്ളിടത്തോളം വിശുദ്ധഗ്രന്ഥവാക്യങ്ങള്‍ ഈ പുസ്തകത്തില്‍ അദ്ദേഹം നിരത്തിവച്ചിട്ടുണ്ട്.
600-ല്‍ സഹോദരന്‍ ലെയാന്ററിന്റെ പിന്‍ഗാമിയായി സെവീന്‍ മെത്രാപ്പോലീത്താസ്ഥാനം ഇസിദോര്‍ വഹിക്കാന്‍ തുടങ്ങി. നാല്പതു വര്‍ഷത്തോളം അദ്ദേഹം മെത്രാപ്പോലീത്തയായി തുടര്‍ന്നു. മരിക്കാറായപ്പോള്‍ തന്റെ സമ്പാദ്യമെല്ലാം ദരിദ്രര്‍ക്ക് ഭാഗിച്ചുകൊടുത്തു. ചാരം നെറ്റിയില്‍ പൂശി അദ്ദേഹം ദൈവത്തോട് മാപ്പ് അപേക്ഷിച്ചു. അനന്തരം അദ്ദേഹം പറഞ്ഞു: ”നിങ്ങളോട് ആരോടെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക.’ പരസ്‌നേഹത്തിന്റെ ഡോക്ടറാണ് ഇസിദോരെന്ന് പറയാം.
പണ്ഡിതനായ ഇസിദോരിന്റെ പ്രതിഭയില്‍നിന്ന് ഉയിരെടുത്ത പ്രസംഗങ്ങളില്‍ അദ്ദേഹത്തിന്റെ എളിമയും ദൈവസ്‌നേഹവും ലയിച്ചുചേര്‍ന്നുകഴിയുമ്പോള്‍ ശ്രോതാക്കളുടെ ഹൃദയം തരളിതമാകാറുണ്ട്. 636 ഏപ്രില്‍ 4-ന് 76-ാമത്തെ വയസ്സില്‍ ഇസിദോര്‍ മരിച്ചു. പതിനാറു കൊല്ലം തികയുന്നതിനു മുമ്പുതന്നെ വേദപാരംഗതന്‍ എന്ന് സഭ പ്രഖ്യാപിച്ചു.