Daily Saints

ഏപ്രില്‍ 16: വിശുദ്ധ ബെനഡിക്ട് ജോസഫ് ലാബ്രെ


1748 മാര്‍ച്ച് 26-ാം തീയതി ഫ്രാന്‍സില്‍ അമെറ്റെസ് എന്ന പ്രദേശത്ത് ബെനഡിക്ട്ട് ഭൂജാതനായി. ജീന്‍ബാപ്റ്റിസ്റ്റ് ലാബ്രെയുടെയും അന്നയുടെയും 15 മക്കളില്‍ മൂത്തവനാണ് ബെനഡിക്ട്. കുട്ടിയുടെ സ്വഭാവവിശേഷംകണ്ട പിതാവ് അവനെ ഉന്നതവിദ്യാഭ്യാസത്തിനായി സ്വസഹോദരന്‍ ഫാ. ജോസഫ് ലാബ്രെയുടെ അടുത്തേക്ക് അയച്ചു. എങ്കിലും ലത്തീന്‍ പഠനം ശരിയായില്ല. എന്നാല്‍ അക്കാലത്ത് അവിടെ പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോള്‍ ബെനഡിക്ട് ജോസഫ് വിശിഷ്ടമായ സേവനം നടത്തി. ഫാ. ജോസഫ് ലാബ്രെ പ്ലേഗു പിടിപെട്ട് മരിക്കുകയും ചെയ്തു. പിന്നീട് ബെനഡിക്ട് ഫാ. വിന്‍സെന്റ് ലാബ്രെയുടെകൂടെ താമസം തുടങ്ങി. അദ്ദേഹം ജോണ്‍ വിയാനിയെപ്പോലെ ഒരു വിശുദ്ധ വൈദികനായിരുന്നു. ഒരു ദരിദ്രമുറിയില്‍ തുച്ഛമായ ഭക്ഷണം കഴിച്ച് രണ്ടു പേരും താമസിച്ചു.

അക്കാലത്താണ് നോവലില്‍ ട്രാപ്പിസ്റ്റ് സന്യാസസഭയില്‍ ബെനഡിക്ട് ചേര്‍ന്നത്. ബെനഡിക്ടിനെ തലവന്മാര്‍ ഒരു വിശുദ്ധനായിട്ടാണ് കരുതിയിരുന്നതെങ്കിലും ട്രാപ്പിസ്റ്റ് നിയമമനുസരിച്ച് ജീവിക്കുവാന്‍ അയാള്‍ക്കു കഴിവില്ലെന്നുള്ള കാരണത്താല്‍ ബെനഡിക്ട് നോവിഷേറ്റില്‍നിന്നു പോന്നു. പിന്നീട് ബെനഡിക്ട്ട് തീര്‍ത്ഥസ്ഥലങ്ങള്‍ ചുറ്റിക്കറങ്ങി ജീവിക്കുകയാണ് ചെയ്തിരുന്നത്.

ഭക്തര്‍ക്ക് അദ്ദേഹത്തിന്റെ ദൈവഭക്തി ഉത്തേജനം നല്കി; സുഖലോലുപരെ അദ്ദേഹത്തിന്റെ ജീവിതം ലജ്ജിപ്പിച്ചു. 1770 മുതല്‍ എട്ടുവര്‍ഷം ബെനഡിക്ട് റോമായിലും ലൊറേറ്റോയിലും ഭിക്ഷാടനത്തില്‍ കഴിഞ്ഞു. ആരെങ്കിലും കൂടുതല്‍ ധര്‍മ്മം നല്കിയാല്‍ ആവശ്യത്തില്‍ കൂടുതലുള്ളത് അദ്ദേഹം അടുത്തുള്ള ഭിക്ഷുവിന് നല്‍കിപ്പോന്നു. വിശുദ്ധനായ ഒരു തീര്‍ത്ഥകനായിട്ടാണ് എല്ലാവരും അദ്ദേഹത്തെ കരുതിയിരുന്നത്. തന്നിമിത്തം പലരും അദ്ദേഹത്തിന്റെ വാര്‍ഷിക പ്രത്യാഗമനം കാത്തിരിക്കുമായിരുന്നു.

ബെനഡിക്ടിന്റെ ഭിക്ഷാടനത്തില്‍ ആശ്വാസങ്ങളുണ്ടായിരുന്നെങ്കിലും പരീക്ഷണങ്ങളും ഉണ്ടായിരുന്നു. ഫ്രാന്‍സില്‍ മൗളിന്‍ സില്‍വച്ച് ഒരു കവര്‍ച്ചക്കേസില്‍ പ്രതിയായി ഇദ്ദേഹവും അറസ്റ്റുചെയ്യപ്പെട്ടു. കീറിപ്പറിഞ്ഞ ട്രാപ്പിസ്റ്റു വസ്ത്രംകണ്ട് പലരും പുച്ഛിച്ചിരുന്നു. ജപമാല സദാ കഴുത്തിലുണ്ടായിരുന്നു. കാനോന നമസ്‌കാരവും ക്രിസ്താനുകരണവും സദാ കൊണ്ടുനടന്നിരുന്നു.

1778 മുതല്‍ സ്ഥിരമായി റോമയില്‍ കഴിച്ചുകൂട്ടി. കുറേനാള്‍ വിശുദ്ധ മാര്‍ട്ടിന്റെ രാത്രിസങ്കേതത്തില്‍ ബെനഡിക്ട് താമസിച്ചു; മറ്റുസമയത്ത് ഭിക്ഷുക്കളുടെ ഇടയില്‍ത്തന്നെ കഴിഞ്ഞു. 1783-ലെ വലിയ ബുധനാഴ്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ രോഗം മൂര്‍ച്ഛിക്കുകയും കശാപ്പുകാരന്‍ ഫ്രാന്‍ചെസ്‌ക്കോ സക്കറെല്ലിയുടെ ഭവനത്തില്‍ കിടന്ന് മരിക്കുകയും ചെയ്തു.


Leave a Reply

Your email address will not be published. Required fields are marked *