Daily Saints

ഏപ്രില്‍ 28: വിശുദ്ധ പീറ്റര്‍ ചാനെല്‍ രക്തസാക്ഷി


ഓഷയാനിയായിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ പീറ്റര്‍ ചാനെല്‍ ഫ്രാന്‍സില്‍ 1803-ല്‍ ഭൂജാതനായി . കുട്ടിയായ പീറ്ററിന്റെ സല്‍സ്വഭാവം കണ്ടിട്ട് പൗരോഹിത്യത്തിലേക്ക് തിരിച്ചുവിട്ടത് തീക്ഷ്ണമതിയായ ഫാദര്‍ ട്രോമ്പിയേ ആണ്. 1827-ല്‍ ചാനെല്‍ വൈദികനായി. 1820-ല്‍ ചൈനയില്‍ രക്തസാക്ഷിത്വം നേടിയ ഫാദര്‍ ഫ്രാന്‍സിസു റേജിഡ്ക്ളെറ്റിന്റെ മാതൃക പലര്‍ക്കും തീക്ഷ്ണതയ്ക്കു പ്രചോദനമായി. ഫാദര്‍ ചാനെല്‍ 1831 -ല്‍ വി. ജോണ്‍ വിയാനിയുടെ സഹപാഠിയായിരുന്ന ഫാദര്‍ ജീന്‍ക്‌ളോഡ് കോളിന്‍ ആരംഭിച്ച മേരീസമൂഹത്തില്‍ അംഗമായി ചേര്‍ന്നു വ്രതങ്ങളെടുത്തു. 1836 ഡിസംബറില്‍ ഫാദര്‍ ചാനല്‍ ഒരു ബിഷപ്പും മൂന്ന് അല്‍മായ സഹോദരരോടും കൂടെ ഓഷയാനിയായിലേയ്ക്കു മിഷന്‍വേലയ്ക്കായി പുറപ്പെട്ടു. ക്യാപ്റ്റന്‍കൂക്ക് ഫ്രെന്‍ലി അയലന്റ്‌സ് എന്നു പേരിട്ടിരുന്ന ദ്വീപുകളിലാണ് ഫാദര്‍ ചാനെല്‍ ജോലി ആരംഭിച്ചത്.

1837-ല്‍ മിഷനറിമാര്‍ അവിടെ എത്തിയപ്പോള്‍ തദ്ദേശവാസികള്‍ അത്ര ശാന്തരായിരുന്നില്ല. മനുഷ്യഭുക്കുകള്‍ അവരുടെ ഇടയിലുണ്ടായിരുന്നു. ഭാഷ പഠിക്കാന്‍ അവര്‍ കഷ്ടപ്പെട്ടു. ആരംഭത്തില്‍ മാനസാന്തരം സാവധാനമായിരുന്നു. എങ്കിലും ഫാദര്‍ പീറ്റര്‍ ചാനെലിന് നല്ല സ്വീകരണമാണ് ലഭിച്ചത്. കാരുണ്യവാന്‍ എന്നാണ് ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. രാജകുമാരന്‍ പോലും ഫാദര്‍ ചാനെലിനോട് താല്‍പര്യം കാണിച്ചുപോന്നു. ക്രിസ്തുമതത്തിന്റെ പ്രചാരം കണ്ടിട്ട് ക്രുദ്ധനായ മന്ത്രി മുസുമുസു ക്രിസ്തുമതത്തെ നശിപ്പിക്കാന്‍ 1841 ഏപ്രില്‍ 28-ാം തീയതി ഒരു വിപ്‌ളവമുണ്ടാക്കി. വീടുകളില്‍ ചെന്ന് ഉറങ്ങിക്കിടന്നവരെ കുത്തിയും വെട്ടിയും ദേഹോപദ്രവം ചെയ്തു. ഫാദര്‍ ചാനെല്‍ താമസിക്കുന്ന കുടിലില്‍ പോയി ബയോണെറ്റുകൊണ്ട് അദ്ദേഹത്തെ കുത്തി. മന്ത്രി മുസുമുസു വന്ന് തല വെട്ടിനീക്കി. അങ്ങനെ ഫാദര്‍ പീറ്റര്‍ ചാനെല്‍ രക്തസാക്ഷിത്വമകൂടം ചൂടി അദ്ദേഹത്തിന്റെ ശരീരം 1842 -ല്‍ ഫ്രാന്‍സിലേക്ക് കൊണ്ടുവന്നു. 1954 ജൂണ്‍ 12-ാം തീയതി 12-ാം പീയൂസു മാര്‍പ്പാപ്പാ ഫാദര്‍ പീറ്റര്‍ ചാനെലിനെ വിശുദ്ധനെന്ന് നാമകരണം ചെയ്തു.


Leave a Reply

Your email address will not be published. Required fields are marked *