മെയ് 17: വിശുദ്ധ പാസ്‌കല്‍ ബയിലോണ്‍
വിശുദ്ധ കുര്‍ബാനയുടെ സംഘടനകളുടെയും കോണ്‍ഗ്രസ്സുകളുടെയും മധ്യസ്ഥനായ വിശുദ്ധ പാസ്‌കല്‍ ബയിലോണ്‍ സ്‌പെയിനില്‍ അരഗേണില്‍ തോരെ ഹൊര്‍മോസെയിനില്‍ 1540-ലെ പെന്തക്കുസ്താ തിരുനാള്‍ ദിവസം ജനിച്ചു. സ്പാനിഷു ഭാഷയില്‍ പെന്തക്കുസ്താ തിരുനാള്‍ പരിശുദ്ധാത്മാവിന്റെ പാസ്‌ക്ക് എന്നാണ് അറിയപ്പെടുന്നത്. അതിനാല്‍ പാസ്‌ക്കല്‍ എന്ന പേരു ശിശുവിനു നല്കി. ഭക്തരായ മാതാപിതാക്കന്മാര്‍ ശിശുവിനെ ആദ്യം പഠിപ്പിച്ച വാക്കുകള്‍ ഈശോ, മറിയം, യൗസേപ്പ് എന്നായിരുന്നു. കുഞ്ഞിനെ അമ്മ ആദ്യം പള്ളിയിലേക്കു കൊണ്ടുപോയ ദിവസം അവന്‍ മുഴുവന്‍ സമയവും സക്രാരിയിലേയ്ക്കാണു നോക്കിയിരുന്നത്. ഭാവിയില്‍ സക്രാരിയോടുണ്ടാകാന്‍ പോകുന്ന സ്‌നേഹമൊക്കെ ആ പ്രഥമ സന്ദര്‍ശനത്തില്‍ത്തന്നെ പ്രകടമാക്കി.
എട്ടു വയസ്സു മുതല്‍ അവന്‍ തന്റെ പിതാവിന്റെ ആടുകളെ മേയ്ക്കാന്‍ തുടങ്ങി. അവന്റെ വടിയുടെ പിടിയില്‍ ദൈവമാതാവിന്റെ ഒരു സ്വരൂപം കൊത്തിയിരുന്നു. ആടുകളെ മേയ്ക്കുമ്പോള്‍ അവന്റെ ചിന്ത ഇടവക പള്ളിയിലെ സക്രാരിയെക്കുറിച്ചായിരുന്നു. ആടുകള്‍ മേച്ചില്‍ സ്ഥലത്തെത്തിയാലുടനെ വടി ഒരു സ്ഥലത്തു കുത്തിനിറുത്തും; അത് അവന്റെ കൊച്ചു പള്ളിയായി.
ദിവസന്തോറും പാസ്‌ക്കല്‍ വിശുദ്ധ കുര്‍ബാന കണ്ടിരുന്നു. ഒരിക്കല്‍ അവന്‍ ആടുകളെ മേച്ചുകൊണ്ടിരിക്കുമ്പോള്‍ വിശുദ്ധ കുര്‍ബാനയ്ക്കുള്ള മണി അടിക്കുന്നതു കേട്ടു. അപ്പോള്‍ അവന്‍ തീവ്രമായ ഭക്തിയോടെ അപേക്ഷിച്ചു: ‘കര്‍ത്താവേ, ഞാന്‍ അങ്ങയെ കാണട്ടെ.’ ഉടനെ ഒരു പ്രകാശം വീശുന്നതും ഒരു സ്വര്‍ണ്ണക്കാസയുടെ മേല്‍ തിരുവോസ്തി ഉയര്‍ന്നു നില്ക്കുന്നതും പാസ്‌കല്‍ ദര്‍ശിച്ചു. ഈകൃശ്യാനുഭവങ്ങള്‍ പാസ്‌കലിനെ ഫ്രന്‍സിസ്‌കന്‍ സഭയിലേക്കാനയിച്ചു. ഒരു സന്യാസ സഹോദരനെന്ന നിലയില്‍ മാതൃകാപരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ദരിദ്രരോടു ക്രിസ്തുനാഥനോടെന്ന പോലെ അദ്ദേഹം വര്‍ത്തിച്ചു. ആശ്രമശ്രേഷ്ഠന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ‘ഇത്രയും മധുരശീലനും അതേസമയം കഠിനഹൃദയനുമായി വേറൊരാളെ കണ്ടിട്ടില്ല. മറ്റുള്ളവരോട് അദ്ദേഹം മധുരമായി പെരുമാറും; തന്നോടുതന്നെ എത്രയും കഠിനമായി പ്രവര്‍ത്തിക്കും.’
സക്രാരിയുടെ മുമ്പില്‍ പലപ്പോഴും അദ്ദേഹത്തെ സമാധിയിലാണു ദര്‍ശിച്ചിരുന്നത്. ദിവ്യപൂജയ്ക്കു ശുശ്രൂഷിക്കാനുള്ള പാസ്‌കലിന്റെ താല്പര്യം നിമിത്തം ചില ദിവസങ്ങളില്‍ എട്ടും പത്തും ദിവ്യപൂജയ്ക്കു ശുശ്രൂഷിച്ചിരുന്നു. ഫ്രാന്‍സില്‍ ഹഗനോട്ട്‌സ് വിശുദ്ധ കുര്‍ബാനയോടു പ്രദര്‍ശിപ്പിച്ചിരുന്ന അനാചാരം നേരിട്ടു മനസ്സിലാക്കിയ പാസ്‌കല്‍ ഫ്രാന്‍സില്‍നിന്നു മടങ്ങി വന്നപ്പോള്‍ അദ്ദേഹത്തിന്റെ ദിവ്യകാരുണ്യഭക്തി ഒന്നുകൂടി വര്‍ദ്ധിച്ചു. 1592-ലെ പെന്തക്കുസ്താ ദിവസം ആശ്രമത്തിലെ പ്രധാന ദിവ്യപൂജയുടെ സമയത്തു തിരുവോസ്തി ഉയര്‍ത്തിയ വേളയില്‍ ആ ദിവ്യബലിയോടു ചേര്‍ന്ന് പാസ്‌കലിന്റെ ആത്മാവു സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നു.