മെയ് 24: വിശുദ്ധ ഡൊണേഷ്യനും റൊഗേഷ്യനും
രക്തത്താലെയുള്ള ജ്ഞാനസ്നാനം സ്വീകരിച്ച ഒരു വിശുദ്ധനാണ് റൊഗേഷ്യന്‍. അദ്ദേഹത്തിന്റെ സഹോദരനാണ് ഡൊണേഷ്യന്‍. ബ്രിട്ടണില്‍ നാന്തെസ്സ് എന്ന പ്രദേശത്തു ജീവിച്ചുപോന്ന രണ്ടു കുലീന സഹോദരന്മാരാണിവര്‍. ഡൊണേഷ്യന്‍ ജ്ഞാനസ്നാനം സ്വീകരിച്ച് മാതൃകാപരമായി ജീവിക്കുന്നത് കണ്ടിട്ട് സഹോദരന്‍ റൊഗേഷ്യനും ജ്ഞാനസ്‌നാനം സ്വീകരിക്കാന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. അക്കാലത്ത് സ്ഥലത്തെ മെത്രാന്‍ ഒളിവിലായിരുന്നതുകൊണ്ട് റൊഗേഷ്യന് ജ്ഞാന സ്‌നാനം സ്വീകരിക്കാന്‍ കഴിഞ്ഞില്ല. അന്നാളുകളില്‍ ക്രിസ്ത്യാനിയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുക രക്തസാക്ഷിത്വത്തിലേക്കുള്ള സമര്‍പ്പണംതന്നെയായിരുന്നു.
ഡൊണേഷ്യന്‍ റൊഗേഷ്യനെ ക്രിസ്ത്യാനിയാക്കിയെന്ന കുറ്റത്തിന് ഗവര്‍ണര്‍ രണ്ടുപേരേയും ജയിലിലടച്ചു. അവരെ ചങ്ങലകൊണ്ടു ബന്ധിച്ചു. ദേവന്മാരെ പൂജിക്കുകയാണെങ്കില്‍ സ്വാതന്ത്ര്യവും സ്ഥാന മാനങ്ങളും ലഭിക്കുന്നതാണെന്ന് ഗവര്‍ണര്‍ വാഗ്ദാനം ചെയ്തു. തനിക്ക് ജ്ഞാനസ്‌നാനം സിദ്ധിച്ചില്ലല്ലോ എന്ന് റൊഗേഷ്യന്‍ ഖേദിച്ചു. സഹോദരന്റെ സമാധാന ചുംബനം മതിയാകുമെന്ന് അദ്ദേഹത്തിനു തോന്നി. അവന്റെ വിശ്വാസം ജ്ഞാനസ്നാനത്തിന്റെ ഭാഗം നിര്‍വഹിക്കുമാറാകട്ടെ എന്ന് ഡൊണേഷ്യന്‍ പ്രാര്‍ത്ഥിച്ചു. ആ രാത്രി രണ്ടുപേരും തീക്ഷ്ണമായ പ്രാര്‍ത്ഥനയില്‍ കഴിച്ചുകൂട്ടി. പ്രഭാതത്തില്‍ ന്യായാധിപന്‍ അവരെ വിളിച്ചു. തങ്ങള്‍ ക്രിസ്തുവിനെപ്രതി എന്തും സഹിക്കാന്‍ തയ്യാറാണെന്ന് പ്രസ്താവിച്ച ഉടനെ രണ്ടുപേരെയും പീഡന യന്ത്രത്തില്‍ കിടത്തി ശരീരം വലിച്ചു നീട്ടി. അനന്തരം കരങ്ങള്‍ ഛേദിച്ചു കളഞ്ഞു. അങ്ങനെ അവര്‍ മരിക്കുകയും ചെയ്തു.