Daily Saints

മേയ് 23: വിശുദ്ധ ജൂലിയ


439-ല്‍ ജെന്‍സെറിക്ക് കാര്‍ത്തേജു പിടിച്ചടക്കിയപ്പോള്‍ എവുസേബിയൂസ് എന്ന ഒരു സിറിയന്‍ വ്യാപാരിക്കു അടിമയായി വില്ക്കപ്പെട്ട ഒരു കുലീന കന്യകയാണ് ജൂലിയ. തൊഴിലില്ലാത്ത സമയമെല്ലാം ജൂലിയ പ്രസന്നമായി ക്ഷമാപൂര്‍വം പ്രാര്‍ത്ഥനയിലും ജ്ഞാനവായനയിലും മുഴുകിയിരുന്നു. ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും അവള്‍ ഉപവസിച്ചു പോന്നു. ഇവളുടെ വിശ്വസ്തത കണ്ട യജമാനന്‍ ഈ തപോനിഷ്ഠകള്‍ സ്വല്പം ലഘുപ്പെടുത്താന്‍ ആവശ്യപ്പെട്ടു.

ഒരിക്കല്‍ ഈ വ്യാപാരി ഇവളെ ഗോളിലേക്കുള്ള ഒരു യാത്രയില്‍ കൂടെ കൊണ്ടുപോയി. കോഴ്സിക്കയിലെത്തിയപ്പോള്‍ കപ്പല്‍ നങ്കൂരമിട്ടു വ്യാപാരി ഉത്സവത്തില്‍ പങ്കെടുത്തു. അന്ന് ഒരു കാളയുടെ ബലിയുണ്ടായിരുന്നു. അതില്‍ ഭാഗഭാകാകാതിരിക്കാന്‍ ജൂലിയ ആരാധനയില്‍ പങ്കെടുത്തില്ല. ആ ദ്വീപിലെ ഗവര്‍ണര്‍ ഫെലിക്‌സ് ആരാണ് ദേവന്മാരെ ഇപ്രകാരം നിന്ദിക്കുന്നതെന്നു ചോദിച്ചപ്പോള്‍ അവള്‍ ഒരു ക്രിസ്തീയ വനിതയാണെന്ന് മറുപടി നല്കി. തന്റെ നാലു വനിത അടിമകളെ പകരം തരാം അവളെ തന്നാലെന്ന് ഗവര്‍ണര്‍ പറഞ്ഞു. എവുസേബിയൂസു പ്രതിവചിച്ചു: ‘ആരെ തന്നാലും എന്തു തന്നാലും അവളെ തരികയില്ല.’

പിന്നീട് എവുസേബിയൂസു കുടിച്ച് ബോധമില്ലാത്ത സമയത്ത് ജൂലിയായോട് ഗവര്‍ണര്‍ പറഞ്ഞു: ”നീ ദേവന്മാര്‍ക്ക് ബലിചെയ്താല്‍ നിന്നെ സ്വതന്ത്രയാക്കാം.’ ജൂലിയാ പ്രതിവചിച്ചു: ‘ഇല്ല, യേശുക്രിസ്തുവിനെ ആരാധിക്കുവാന്‍ സ്വാതന്ത്ര്യമുള്ളിടത്തോളംകാലം ഞാന്‍ അടിമയല്ല’ നിന്ദിതനായി കരുതിയ ഗവര്‍ണര്‍ ജൂലിയായെ മര്‍ദ്ദിച്ചു. തലമുടി പറിച്ചു കളഞ്ഞു. മരിക്കുന്നത് വരെ കുരിശില്‍ തറച്ചിട്ടു.


Leave a Reply

Your email address will not be published. Required fields are marked *