ജൂണ്‍ 15: വിശുദ്ധ ജെര്‍മെയിന്‍ കുസിന്‍ കന്യക
ഫ്രാന്‍സില്‍ ടൂളൂസിനു സമീപം പിബ്രേ എന്ന ഒരു കൊച്ചുഗ്രാമത്തില്‍ ജെര്‍മെയിന്‍ ഭൂജാതനായി. ഒരു കൈക്കു സ്വാധീനമുണ്ടായിരുന്നില്ല. കണ്ഠമാല എന്ന സുഖക്കേട് അവളെ ചെറുപ്പത്തില്‍ത്തന്നെ ബാധിച്ചു. അവളുടെ ശിശുപ്രായത്തില്‍ത്തന്നെ അമ്മ മരിച്ചു. രണ്ടാം കുടിയമ്മ ആഖ്യായികകളില്‍ ചിത്രീകരിച്ച് കാണാറുള്ളതുപോലെ ഒരു ഭയങ്കരിയായിരുന്നു. സുഖക്കേടു പകരാതിരിക്കാന്‍ ജെര്‍മെയിനെ താമസിപ്പിച്ചതു കുതിരാലയം പോലെ ഒരു മുറിയിലായിരുന്നു. ഭക്ഷണവും ശരിക്കു നല്കിയിരുന്നില്ല. വയ്‌ക്കോലിലോ ഇലയിലോ ആണു കിടന്നിരുന്നത്; പകല്‍ ആടുനോക്കിക്കൊണ്ടുമിരുന്നു. ചില ആട്ടിടയന്‍മാര്‍ നക്ഷത്രങ്ങളുടെ ചിത്രം തയ്യാറാക്കിയിട്ടുള്ളതായി കേട്ടിട്ടുണ്ട് ജെര്‍മെയിന്റെ ചിന്തകള്‍ നക്ഷത്രങ്ങളില്‍ ഒതുങ്ങിനിന്നില്ല; ദൈവത്തിലേക്കു സദാ തിരിഞ്ഞുകൊണ്ടിരുന്നു.
ജപമാലയും സാധാരണ പ്രാര്‍ത്ഥനകളുമായിരുന്നു അവളുടെ ഗ്രന്ഥങ്ങള്‍. പള്ളി പ്രസംഗങ്ങളായിരുന്നു അവളുടെ വിജ്ഞാനകോശം. അവള്‍ ദിവസന്തോറും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചിരുന്നു; പ്രധാന തിരുനാളുകളില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്തിരുന്നു. ദൈവമാതാവിനോട് അവള്‍ക്ക് അന്യാദൃശമായ ഭക്തി ഉണ്ടായിരുന്നു. സ്വയാര്‍ജ്ജിതമായ വിജ്ഞാനം കൊണ്ടു ഗ്രാമീണ പെണ്‍കുട്ടികളെ അവള്‍ പഠിപ്പിച്ചുവന്നു. രണ്ടാംകുടിയമ്മയുടെ കൈയില്‍നിന്നു ലഭിച്ചിരുന്ന ദുര്‍ല്ലഭ ഭക്ഷണസാധനങ്ങളിലൊരോഹരി ജെര്‍മെയിന്‍ ദരിദ്രര്‍ക്ക് നല്കിപ്പോന്നു. നിറഞ്ഞുകിടന്നിരുന്ന ഒരു നദി യുടെ ഉപരിതലത്തിലൂടെ അവള്‍ നടന്നുപോയിട്ടുണ്ടെന്നു ജീവചരിത്രകാരന്‍ പറയുന്നു. ചിലര്‍ അങ്ങനെ പറഞ്ഞ് അവളെ കളിയാക്കിയിരുന്നു; ചിലര്‍ അതു സര്‍വ്വഥാ വിശ്വസിച്ചിരുന്നു.
മകളുടെ വിശുദ്ധിയെപ്പറ്റിയും ഭാര്യയുടെ ക്രൂരതയെപ്പറ്റിയും പിതാവിന് അറിയാമായിരുന്നു. മകളെ സ്‌നേഹപൂര്‍വ്വം വളര്‍ത്തണമെന്ന് അദ്ദേഹം ആജ്ഞാപിച്ചിരുന്നു. ജെര്‍മെയില്‍ അവളുടെ മുറിയുടെ ഏകാന്തതയില്‍ കഷ്ടതകളോടു പെരുത്തപ്പെട്ടു അങ്ങനെ ഒരുദിവസം തന്റെ ഇലകൊണ്ടുള്ള ശയ്യയില്‍ 1601 ല്‍ 22-ാമത്തെ വയസ്സില്‍ അവള്‍ മരിച്ചു. അവളുടെ പ്രശസ്തമായ വിശുദ്ധി നാമകരണത്തിനു വഴിതെളിച്ചു. ഒന്‍പതാം പിയൂസ് മാര്‍പ്പാപ്പാ അവളെ വിശുദ്ധയെന്നു നാമകരണം ചെയ്തു.