ജി-7 ഉച്ചകോടി: ഫ്രാന്‍സിസ് പാപ്പ – മോദി കൂടിക്കാഴ്ച ഇന്ന്
ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ആദ്യ മാര്‍പാപ്പയാകാന്‍ ഫ്രാന്‍സീസ് പാപ്പ. ഇന്ന് പ്രാദേശിക സമയം ഉച്ചകഴഞ്ഞ് 2.15ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. നിര്‍മിത ബുദ്ധിയുടെ ധാര്‍മികതയെക്കുറിച്ചുള്ള സെഷനിലാണ് മാര്‍പാപ്പ പങ്കെടുക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ഒമ്പതു ലോക നേതാക്കളുമായി മാര്‍പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. മൂന്നാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദി ഫ്രാന്‍സിസ് പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചയെ ഭാരതത്തിലെ ക്രൈസ്തവര്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങളുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് ഭാരത ക്രൈസ്തവര്‍. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പ നിരവധി തവണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
2021-ല്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയ മോദി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചിരുന്നു. അന്ന് ഒന്നേകാല്‍ മണിക്കൂറിലേറെ പാപ്പയുമായി ചര്‍ച്ച നടത്തി. അന്ന് ഫ്രാന്‍സിസ് പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവെങ്കിലും പിന്നീട് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് കൃത്യമായ നടപടികളുണ്ടായില്ല.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദ്ദോഗന്‍, കെനിയന്‍ പ്രസിഡന്റ് വില്ല്യം റൂട്ടോ, അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍മദ്ജിദ് ടെബൗണ്‍ എന്നിവരുമായും മാര്‍പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും.