കുവൈറ്റ് ദുരന്തം: അനുശോചിച്ച് സിബിസിഐ, ഹൃദയ ഭേദകമെന്ന് കെസിബിസി


മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിക്കാനിടയായ കുവൈറ്റ് ലേബര്‍ ക്യാമ്പ് തീപിടുത്ത ദുരന്തത്തില്‍ അനുശോചനവുമായി ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയും കെസിബിസിയും. മലയാളികളടക്കം നിരവധിപേരുടെ മരണം ഞെട്ടലുണ്ടാക്കുന്നതാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. മരണമടഞ്ഞവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സിബിസിഐ ആഹ്വാനം ചെയ്തു.

ദുരന്തം ഹൃദയഭേദകമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു. പ്രവാസികളായ സഹോദരങ്ങള്‍ക്ക് ഈ സംഭവം ഉണ്ടാക്കിയിട്ടുള്ള വേദന വാക്കുകള്‍ക്ക് അതീതമാണ്. മരണമടഞ്ഞ സഹോദരങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ കേരള കത്തോലിക്കാ സഭയും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സൗഖ്യപ്പെടട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നതായും കെസിബിസി വക്താവ് കൂട്ടിച്ചേര്‍ത്തു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.