ആഗസ്‌ററ് 1: വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരി മെത്രാന്‍
‘ഈ ചീട്ടുകളാണ് നിന്റെ പഠനവിഷയം. പണ്ഡിതരായ ഈ ഗ്രന്ഥകര്‍ത്താക്കളോടുള്ള സല്ലാപത്തിനിടയ്ക്ക് സമയം പോകുന്നത് നീ അറിയുന്നില്ല. പ്രഭുവംശജനായ ലിഗോരി തന്റെ മകന്‍ അല്‍ഫോണ്‍സിനോടു പറഞ്ഞ വാക്കുകളാണിവ. ഈ ദൃശമായ ശാസനയ്ക്ക് വിധേയനായ അല്‍ഫോണ്‍സ് 16-ാമത്തെ വയസ്സില്‍ നിയമത്തില്‍ ബിരുദമെടുത്ത് കേസുകള്‍ വാദിക്കാന്‍ തുടങ്ങി .
പത്തുകൊല്ലത്തോളം കോടതിയില്‍ പോയി അല്‍ഫോണ്‍സ് പല കേസുകളും വാദിച്ചു. ഒരു കേസും തോറ്റില്ല. അങ്ങനെയിരിക്കേ ഒരു വലിയ സംഖ്യയുടെ കൈമാററത്തെപ്പറ്റിയുള്ള ഒരു കേസില്‍ പ്രധാനമായ ഒരു രേഖകാണാതെ അല്‍ഫോണ്‍സ് കേസു വാദിക്കാനിടയായി. എതിര്‍ഭാഗം ആ രേഖകാണിച്ച് കേസു വാദിച്ചു ജയിച്ചു. അല്‍ഫോണ്‍സ് ഗദ്ഗദത്തോടെ പറഞ്ഞു: ”ലോകത്തിന്റെ മായാ സ്വഭാവം ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു. ഇനി ഞാന്‍ കോടതിയിലേക്കില്ല. അങ്ങനെ സ്വഭവനത്തില്‍ അല്‍ഫോണ്‍സ് താമസിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോകം അതിന്റെതായ ആനന്ദം അദ്ദേഹത്തിന്റെ നേര്‍ക്ക് വച്ചു നീട്ടിയെങ്കിലും, ‘ലോകത്തെ ഉപേക്ഷിച്ചു നിന്നെത്തന്നെ പൂര്‍ണ്ണമായി എനിക്ക് തരിക, എന്ന ആന്തരിക സ്വരത്തെ ശ്രവിച്ച് പിതാവിന്റെ ഇംഗിതത്തിനെതിരായി 30-ാമത്തെ വയസ്സില്‍ വൈദികനായി.
മകന്റെ ആദ്ധ്യാത്മികത്വം അങ്ങേയറ്റം വെറുത്തിരുന്ന പിതാവ് ഒരു ദിവസം അദ്ദേഹത്തിന്റെ ഒരു പ്രസംഗം ശ്രവിക്കാനിടയായി. പ്രസംഗത്തിനുശേഷം മകനെ തെരഞ്ഞുപിടിച്ച് അദ്ദേഹത്തോട് പറഞ്ഞു:’ ‘മകനേ, ഞാന്‍ നിന്നോടു നന്ദിപറയുന്നു. ദൈവത്തെ അറിയുവാന്‍ നിന്റെ പ്രസംഗം എന്നെ സഹായിച്ചു. ഇത്ര പരിശുദ്ധവും ദൈവത്തിന് സംപ്രീതവുമായ ഒരന്തസ്സു നീ സ്വീകരിച്ചതില്‍ ഞാന്‍ അനുഗൃഹീതനും നിന്നോട് കൃതജ്ഞനുമാണ്.”
1731-ല്‍ അല്‍ഫോണ്‍സ് രക്ഷകന്റെ സഭ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കര്‍ക്കശമായ ജീവിതരീതിയെ വെറുത്ത് സഭാംഗങ്ങള്‍ അദ്ദേഹത്തെ സഭയില്‍നിന്നു പുറത്താക്കി. എങ്കിലും 1762-ല്‍ അദ്ദേഹം സാന്ത് അഗാത്തു ദെല്‍ഗോത്തിയിലെ മെത്രാനായി 13 കൊല്ലം തീക്ഷ്ണതയോടെ ആത്മാക്കളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിച്ചു. പരഹൃദയ ജ്ഞാനം ഉണ്ടായിരുന്ന ഈ മെത്രാന്‍ ദുര്‍മ്മാര്‍ഗ്ഗികളെ മുറയ്ക്ക് ശാസിക്കുകയും തിരുത്തുകയും ചെയ്തിരുന്നു.
ഭാരിച്ച ജോലികളുടെ ഇടയ്ക്ക് വലുതും ചെറുതുമായ 111 പുസ്തകങ്ങളെഴുതി സഭയെ അനുഗ്രഹിച്ചു. അദ്ദേഹത്തിന്റെ സന്മാര്‍ഗ്ഗശാസ്ത്രം പ്രസിദ്ധമായ ഒരു കൃതിയാണ്. ‘മരിയന്‍ മഹത്വങ്ങള്‍” എന്ന ഗ്രന്ഥംപോലെ വേറൊരു ഗ്രന്ഥം ദൈവമാതാവിനെപ്പറ്റി ആരും എഴുതിയിട്ടില്ല. ‘വി കുര്‍ബാനയുടെ സന്ദര്‍ശനങ്ങള്‍’ എന്ന ഗ്രന്ഥത്തിന് അദ്ദേഹ ത്തിന്റെ ജീവിതത്തില്‍ത്തന്നെ 41 പതിപ്പുകളുണ്ടായി. ഒരു നിമിഷം പോലും വൃഥാ ചിലവഴിക്കയില്ലെന്ന് അദ്ദേഹം ഒരു വ്രതമെടുത്തിരുന്നു. തലവേദനയുള്ളപ്പോള്‍ തണുത്ത ഒരു മാര്‍ ബിള്‍ കഷണം നെറ്റിയില്‍താങ്ങിപ്പിടിച്ച് വായനയും എഴുത്തും തുടര്‍ന്നിരുന്നു. പ്രശസ്തിയോടൊപ്പം വളരെയേറെ കഷ്ടത കളും അനുഭവിച്ച് 91-ാമത്തെ വയസ്സില്‍ നിര്യാതനായി .