Daily Saints

ആഗസ്റ്റ് 27: വിശുദ്ധ മോനിക്കാ


മോനിക്കാ ആഫ്രിക്കയില്‍ കാര്‍ത്തേജില്‍ ഒരു ഭക്ത ക്രിസ്തീയ കുടുംബത്തില്‍ 332-ല്‍ ജനിച്ചു. ക്രിസ്തീയ വിദ്യാഭ്യാസം ലഭിക്കുകയും ചെയ്തു; എങ്കിലും വിവാഹം കഴിച്ചത് ടഗാസ്‌റെറ എന്ന പട്ടണത്തിലെ പട്രീഷിയൂസ് എന്ന ഒരു വിജാതീയനെയാണ്. അവര്‍ക്ക് അഗസ്റ്റിന്‍, നവീജിയസ്സ് എന്ന രണ്ട് ആണ്‍മക്കളുണ്ടായി, മോനിക്കാ തന്റെ സന്മാതൃകയും സ്‌നേഹവായ്പ്പും വഴി ഭര്‍ത്താവിനെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചു. ഭര്‍ത്താവ് കോപിഷ്ഠനായിരുന്നെങ്കിലും മോനിക്കാ സഹിക്കയല്ലാതെ അദ്ദേഹത്തോട് കോപിച്ചിട്ടില്ല. തന്റെ ക്ഷമവഴി ക്രിസ്തീയ വിശ്വാസത്തിലേക്ക് ഭര്‍ത്താവിനെ ആനയിക്കാന്‍ മോനിക്കയ്ക്ക് സാധിച്ചു. 370-ല്‍ പ്രടീഷിയസ്സു ജ്ഞാനസ്‌നാനം സ്വീകരിച്ചു; 371-ല്‍ മരിക്കുകയും ചെയ്തു.

അഗസ്‌ററിന്‍ അന്ന് കാര്‍ത്തേജില്‍ പഠിക്കുകയായിരുന്നു. 373-ല്‍ അവിടെവച്ചു അദ്ദേഹം മനീക്കിയന്‍ പാഷണ്ഡത ആശ്ലേഷിച്ചു. അന്നുമുതല്‍ മകന്റെ ജ്ഞാനസ്‌നാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയായിരുന്നു മോനിക്കയുടെ തൊഴിലെന്നു പറയാം. 387-ല്‍ മകന്‍ ജത്ഥഞാനസ്‌നാനപ്പെട്ടതുവരെ അവളുടെ കണ്ണുനീര് തോര്‍ന്നിട്ടില്ല. പല വൈദികരെക്കൊണ്ടും മെത്രാന്മാരെക്കൊണ്ടും ഉപദേശിപ്പിച്ചു. മനീക്കിയന്‍ ഇടത്തൂട്ടില്‍നിന്ന് മാനസാന്തരപ്പെട്ട ഒരു മെത്രാന്‍ അവളോടു പറഞ്ഞു: ‘നീ ചെയ്യുന്നതുപോലെ തുടരുക. ഇത്രയേറെ കണ്ണുനീരിന്റെ മകന്‍ നശിക്കുക അസാദ്ധ്യമാണ്.’

അക്കാലത്ത് അഗസ്‌ററിന്‍ റെട്ടൊറിക്കു പഠിക്കാന്‍ റോമയിലേക്ക് പോകാന്‍ തുടങ്ങി. മാനസാന്തരം നീളുമെന്ന് കണ്ട് മോനിക്കാ തടഞ്ഞു. വിശുദ്ധ സിപ്രിയന്റെ കുഴിമാടത്തുങ്കല്‍ ആ യാത്ര തടയാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അഗസ്‌ററിന്‍ ഒളിച്ചു പോയി. റോമില്‍നിന്ന് റെട്ടൊറിക്കു പഠിക്കാന്‍ അഗസ്‌ററിന്‍ മിലാനിയിലേക്കു പോയി. അവിടെവച്ച് അദ്ദേഹം അംബ്രോസു പുണ്യവാന്റെ പല പ്രസംഗങ്ങള്‍ കേട്ടു. മനീക്കെയിസം അഗസ്‌ററിന്‍ ഉപേക്ഷിച്ചു. പിന്നെയും കുറേ നാള്‍കൂടി മോനിക്കാ കണ്ണുനീരോടെ പ്രാര്‍ത്ഥിക്കേണ്ടിവന്നു. മോനിക്കാ മിലാനില്‍വന്നു വിശുദ്ധ അംബ്രോസിന്റെ ഉപദേശപ്രകാരം ജീവിച്ചു. അവസാനം 387-ലേ ഉയിര്‍പ്പ് ദിവസം അഗസ്‌ററിന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു. കൂടെ അദ്ദേഹത്തിന്റെ കുറെ സ്‌നേഹിതന്മാരും. അവരെയെല്ലാം മക്കളെപ്പോലെ മോനിക്കാ ശുശ്രൂഷിച്ചു. എല്ലാവരും ആഫ്രിക്കയിലേക്കു മടങ്ങി. അവിടെവച്ച് തന്റെ മരണം സമീപിക്കാറായിരിക്കുന്നുവെന്ന് കണ്ട് മക്കളോട് ഇങ്ങനെ പറഞ്ഞു: ‘ഈ ശരീരം നിങ്ങള്‍ എവിടെയെങ്കിലും വച്ചുകൊള്ളുക. ഒരു കാര്യം മാത്രം ചെയ്താല്‍ മതി. നിങ്ങള്‍ എവിടെ ആയിരുന്നാലും ബലിപീഠത്തില്‍ എന്നെ അനുസ്മരിക്കുവിന്‍.” ഈ വാക്കുകള്‍ പറഞ്ഞ ശേഷം ഒമ്പതുദിവസത്തെ അതിദാരുണമായ അസുഖങ്ങള്‍ക്കു ശേഷം 56-ാമത്തെ വയസ്സില്‍ മോനിക്കാ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.


Leave a Reply

Your email address will not be published. Required fields are marked *