ലോഗോസ് ക്വിസ് 2024 പരിശീലനം: ആഗസ്റ്റ് 18

ലൂക്ക 16, 2 കൊറിന്തോസ് 7, 8 അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും.

അടുത്ത ആഴ്ചയിലെ (ആഗസ്റ്റ് 25) പഠനവിഷയം
കൊറിന്തോസ് 9, 10, 11 അധ്യായങ്ങള്‍.

ദേശീയ പുരസ്‌ക്കാര തിളക്കത്തില്‍ ജോഷി ബനഡിക്ട്

തെങ്ങിന്റെ കഥ പറഞ്ഞ് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം പുല്ലൂരാംപാറയെന്ന കുടിയേറ്റ ഗ്രാമത്തിലേക്ക് എത്തിച്ച് നാടിന്റെ അഭിമാനതാരമായിരിക്കുകയാണ് ആക്കാട്ടുമുണ്ടയ്ക്കല്‍ ജോഷി ബെനഡിക്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡാണ് ജോഷി ബെനഡിക്ട് സംവിധാനം ചെയ്ത ‘എ കോക്കനട്ട് ട്രീ’ എന്ന ചിത്രത്തിന് ലഭിച്ചത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് ചിത്രം മത്സരിച്ചത്.

ആദ്യ അനിമേഷന്‍ ചിത്രത്തിന് തന്നെ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷം ഉണ്ടെന്നും, പുരസ്‌കാരം മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജമാകും എന്നും ജോഷി പറഞ്ഞു.

ഒരു കുടുംബവും തെങ്ങും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ആരോ ഉപേക്ഷിച്ച തെങ്ങിന്‍ തൈ ഏറ്റെടുക്കുന്ന അമ്മ പറമ്പില്‍ അത് വച്ചുപിടിപ്പിക്കുന്നു. കുടുംബത്തിലെ ഒരംഗമായി ആ തെങ്ങ് മാറുന്നതാണ് കഥ. ചിത്രത്തിന്റെ ആശയവും ആവിഷ്‌കാരവും ഉള്‍പ്പെടെ ഭൂരിഭാഗം സാങ്കേതിക ജോലികളും ജോഷി സ്വന്തമായാണ് ചെയ്തിരിക്കുന്നത്. സംഗീത സംവിധായകന്‍ ബിജിപാലാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

2021ല്‍ പൂര്‍ത്തിയാക്കിയ സിനിമ മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ജോഷിയുടെ ആദ്യത്തെ സ്വതന്ത്ര ആനിമേഷന്‍ സിനിമയാണിത്.

തൃശൂര്‍ ഗവ. ഫൈന്‍ ആര്‍ട്സ് കോളജില്‍ നിന്നും ബിരുദം നേടിയ ജോഷി ബെനഡിക്ട് തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ ജോലി ചെയ്തിരുന്നു. ‘പന്നിമലത്ത്’, ‘കൊപ്ര ചേവ്വ്’ എന്നീ രണ്ട് ഗ്രാഫിക് നോവലുകളും ജോഷി രചിച്ചിട്ടുണ്ട്.

പുല്ലൂരാം പാറ ആക്കാട്ടു മുണ്ടക്കല്‍ ബെനഡിക്ട് -മേരി ദമ്പതികളുടെ മകനാണ് ജോഷി. മഞ്ഞുവയല്‍ വിമല യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആന്‍സി തോമസ് ഭാര്യയാണ്. മകന്‍ ബെനറ്റ്.

താമരശ്ശേരി രൂപതയുടെ വിലങ്ങാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസും മുസ്ലീം ലീഗും

വിലങ്ങാട് ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക്, സര്‍ക്കാര്‍ നേതൃത്വത്തിലുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളോടൊപ്പം താമരശ്ശേരി രൂപത നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസും മുസ്ലീം ലീഗും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിനൊപ്പം ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് സന്ദര്‍ശിച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി. കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവര്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ചത്.

വയനാട്ടിലെപോലെ ആളപായം ഉണ്ടായിട്ടില്ലെങ്കിലും കര്‍ഷകരുടെ ജീവനോപാദികള്‍ പൂര്‍ണ്ണായും നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് ഷാഫി പറമ്പില്‍ എംപി ചൂണ്ടിക്കാട്ടി. വിലങ്ങാട് ഫൊറോന പള്ളി വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, കര്‍ഷക കോണ്‍ഗ്രസ് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ മാജുഷ് മാത്യു, സി. കെ. കാസിം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ആഗസ്‌ററ് 16: ഹങ്കറിയിലെ വിശുദ്ധ സ്ററീഫന്‍

ഹങ്കറിയിലെ നാലാമത്തെ പ്രഭുഗെയ്‌സാ ചില ക്രിസ്തീയ മിഷനറിമാരോടുള്ള സമ്പര്‍ക്കത്താല്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കാനിടയായി. ഭാര്യ സര്‍ലോത്തിനു ക്രിസ്തീയ വിശ്വാസ സത്യങ്ങള്‍ അത്യന്തം ഇഷ്ടപ്പെട്ടു. രാജ്ഞി ഗര്‍ഭിണിയായപ്പോള്‍ പ്രഥമ രക്തസാക്ഷിയായ സ്‌ററീഫന്‍ സ്വപ്‌നത്തില്‍ രാജ്ഞിയെ അറിയിച്ചു കുട്ടി ആണായിരിക്കുമെന്നും അവന്റെ കാലത്തു വിഗ്രഹാരാധന ഇല്ലാതാകുമെന്നും. ശിശു 977-ല്‍ ജനിച്ചു; സ്‌ററീഫന്‍ എന്നു പേരിടുകയും ചെയ്തു. പ്രേഗിലെ മെത്രാനായിരുന്ന വിശുദ്ധ അഡെല്‍ബെര്‍ട്ടാണ് സ്‌ററീഫനെ ജ്ഞാനസ്‌നാനപ്പെടുത്തിയതും കുറേ ശിക്ഷണം നല്‍കിയതും. 997-ല്‍ ഗെയ്സാ മരിക്കുകയും സ്‌ററീഫന്‍ രാജ്യഭരണം ആരംഭിക്കുകയും ചെയ്തു.

ഭരണമേറ്റയുടനെ വിഗ്രഹാരാധന അവസാനിപ്പിക്കണമെന്നു സ്‌ററീഫന്‍ ആഗ്രഹിച്ചു. മിഷനറിമാരുടെകൂടെ രാജാവും പോയി; ചിലര്‍ രാജാവിനെതിരെ ആയുധമെടുത്തെങ്കിലും സമരത്തില്‍ രാജാവ് ജയിച്ചു. 11 രൂപതകള്‍ ഹങ്കറിയില്‍ സമാരംഭിച്ചു; അവ അംഗീകരിച്ചു റോമാസിംഹാസനത്തില്‍നിന്നു വന്ന ബൂളകള്‍ മുട്ടുകുത്തി പേപ്പല്‍ സന്ദേശവാഹകരെ സമാദരിച്ചാണ് വാങ്ങിച്ചത്.

ജര്‍മ്മനിയിലെ ഹെന്റി രാജാവിന്റെ സോദരി ജിനെലയെയാണു രാജാവ് വിവാഹം കഴിച്ചത്. രാജ്ഞി ഭര്‍ത്താവിന്റെ തത്വങ്ങളെ അത്യധികം ബഹുമാനിച്ചുപോന്നു. വ്യഭിചാരം, ദൈവദൂഷണം, കൊലപാതകം, മോഷണം മുതലായ പരസ്യ കുറ്റങ്ങള്‍ നിയമം കൊണ്ടു നിരോധിച്ചു. ക്രിസ്ത്യാനികള്‍ വിഗ്രഹാരാധകരെ വിവാഹം ചെയ്തുകൂടെന്നു നിയമമുണ്ടാക്കി. ഒരിക്കല്‍ വേഷപ്രഛന്നനായി രാജാവു ധര്‍മ്മം കൊടുത്തുകൊണ്ടിരുന്നപ്പോള്‍ ഭിക്ഷുക്കള്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്തു. ഈ നിന്ദനവും അദ്ദേഹം സ്വീകരിച്ചു; എന്നാല്‍ വേഷപ്രഛന്നനായി ധര്‍മ്മം കൊടുക്കാന്‍ പിന്നീട് പോയിട്ടില്ല. ഞായറാഴ്ച കുര്‍ബാന കാണാത്തതിനും മാംസവര്‍ജ്ജന നിയമം ലംഘിക്കുന്നതിനും അദ്ദേഹം ശിക്ഷ നല്‍കിയിരുന്നു.

ആരോടും യുദ്ധംചെയ്യാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ശത്രുക്കള്‍ ആക്രമിക്കുമ്പോള്‍ പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലും അഭയം തേടുകയാണ് ചെയ്തിരുന്നത്. ജര്‍മ്മനി യിലെ കോണ്‍റാഡു രാജാവ് വലിയ ഒരു സൈന്യത്തോടെ യുദ്ധത്തിനു വന്നെങ്കിലും സ്‌ററീഫന്‍ രാജാവിനോടു യുദ്ധം ചെയ്യാതെ മടങ്ങുകയാണ് ചെയ്തത്. താമസിയാതെ കൂദാശകള്‍ ഭക്തിപൂര്‍വ്വം സ്വീകരിച്ചു 1038ലെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിവസം രാജാവ് ദിവംഗതനായി.

ആഗസ്‌ററ് 15: കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍

1950 നവമ്പര്‍ 1- ന് പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പാ മൂനിഫിച്ചെന്തീസ്സീമൂസ് ദേവൂസ് എന്ന തിരുവെഴുത്തുവഴി ഇങ്ങനെ അധ്യവസാനം ചെയ്തു:’ കന്യകാമറിയത്തിനു പ്രത്യേക വരങ്ങള്‍ നല്കി അനുഗ്രഹിച്ച സര്‍വ്വശക്തനായ ദൈവത്തിന്റെ സ്തുതിക്കും മരണത്തിന്റെയും പാപത്തിന്റെയും ജേതാവും നിത്യരാജാവുമായ അങ്ങേ പുത്രന്റെ ബഹുമാനത്തിനും മഹത്വമേറിയ അവിടുത്തെ അമ്മയുടെ മഹത്വത്തിനും അഖിലസഭയുടെ ആനന്ദത്തിനും സന്തോഷത്തിനുമായി നമ്മുടെ കര്‍ത്താവീശോമിശിഹായുടേയും ഭാഗ്യപ്പെട്ട ശ്ലീഹന്മാരായ പത്രോസിന്റെയും പൗലോസിന്റെയും നമ്മുടേയും അധികാരത്തോടെ നാം പ്രസ്താവിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു എപ്പോഴും കന്യകയും അമലോത്ഭവയുമായ ദൈവമാതാവു ഭൗതിക ജീവിതാനന്തരം ശരീരത്തിന്റെയും ആത്മാവിന്റെയും മഹത്വത്തിലേക്ക് എടുക്കപ്പെട്ടുവെന്നത് ആവിഷ്‌കൃതമായ ഒരു സത്യമാകുന്നുവെന്ന്.”
ഈ നിര്‍വ്വചനത്തില്‍ മറിയം മരിച്ചുവെന്നു പറയുന്നില്ല. എന്നാല്‍ സാധാരണയായി കരുതുന്നതു വിശുദ്ധ ജോണ്‍ ഡമസീന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുപോലെ മറിയം സമാധാനത്തില്‍ മരിച്ചുവെന്നും മൂന്നാം ദിവസം ശരീരവും ആത്മാവും സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്നും, മരണസമയത്തു തോമാശ്ലീഹാ ഒഴികെയുള്ള എല്ലാ അപ്പസ്‌തോലന്മാരും ദൈവമാതാവിന്റെ മുറിയിലുണ്ടായിരുന്നുവെന്നും തോമാശ്ലീഹാ എത്തിയശേഷം കുഴിമാടം തെരക്കിയപ്പോള്‍ അത് ഒഴിഞ്ഞു കിടന്നിരുന്നുവെന്നും പറയപ്പെടുന്നു. പൗരസ്ത്യ സഭയിലും പാശ്ചാത്യസഭയിലും അഞ്ചാം ശതാബ്ദമോ ആറാം ശതാബ്ദമോ മുതല്‍ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ ആഘോഷമായി കൊണ്ടാടിയിരുന്നു. 13-ാം ശതാബ്ദത്തില്‍ ജപമാല ചൊല്ലിത്തുടങ്ങിയപ്പോള്‍ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തെപ്പറ്റിയും ധ്യാനിച്ചു തുടങ്ങി . 451-ല്‍ കല്‍ക്കദോനിയാ സൂനഹദോസില്‍ ജെറൂസലേമിലെ വിശുദ്ധ ജൂവെനല്‍ സ്വര്‍ഗ്ഗാരോപണത്തെപ്പറ്റി പ്രതിപാദിക്കുകയുണ്ടായി. പല രാജ്യങ്ങളിലും പണ്ടുമുതല്‍ക്കുതന്നെ ഈ തിരുനാള്‍ കടമുള്ള ദിവസമായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്യദിനവും സ്വര്‍ഗ്ഗാരോപണത്തിരുനാളും യോജിച്ചുവന്നതുകൊണ്ട് ഈ തിരുനാള്‍ ആഘോഷിക്കാനും ഭാരതമാതാവിനുവേണ്ടി മാതാവിനോടു പ്രാര്‍ത്ഥിക്കാനും സൗകര്യം സിദ്ധിച്ചിരിക്കുന്നു.

ദേവഗിരി കോളജില്‍ അഖിലേന്ത്യാ ചെസ് ടൂര്‍ണമെന്റ്

കോഴിക്കോട് ദേവഗിരി സെന്റ ് ജോസഫ്‌സ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘട
നയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 22 ന് അഖിലേന്ത്യാ ചെസ് ടൂര്‍ണമെന്റ്
നടക്കും. ഫിഡേ റേറ്റഡ് ടൂര്‍ണമെന്റില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി
അറുനൂറോളം പേര്‍ പങ്കെടുക്കും.

ടൂര്‍ണമെന്റിന്റെ വിളംബരമായി ഓഗസ്റ്റ് 12 ന് ഇന്റര്‍നാഷണല്‍ ചെസ് മാസ്റ്റര്‍ കെ.
രത്‌നാകരന്‍ 68 പേരോട് ഒരേ സമയം കളിക്കുന്ന ചെസ് എക്‌സിബിഷന്‍ മല്‍സരം കോളജില്‍ നടക്കും. കോളജ് 68-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഓര്‍മയ്ക്കാണ് 68 പേര്‍ കളിക്കാന്‍ അണിനിരക്കുന്നത്. ഈ മല്‍സരം ഗോവ ഗവര്‍ണര്‍
അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും.

ടൂര്‍ണമെന്റ് ലോഗോയുടെയും ബ്രോഷറിന്റെയും പ്രകാശനം സി. എം. ഐ പ്രെ
ാവിന്‍ഷ്യലും ടൂര്‍ണമെന്റ് കമ്മിറ്റി രക്ഷാധികാരിയുമായ ഫാ. ഡോ. ബിജു ജോണ്‍
വെള്ളക്കട നിര്‍വഹിച്ചു.

പ്രിന്‍സിപ്പല്‍ ഡോ. ബോബി ജോസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. എന്‍.ടി. ആന്റോ,
പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ ് അഡ്വ. മാത്യു കട്ടിക്കാന, സെക്രട്ടറി പ്രഫ.
ഇ. കെ. നന്ദഗോപാല്‍, കോ ഓര്‍ഡിനേറ്റര്‍ പ്രഫ. ചാര്‍ളി കട്ടക്കയം, ടൂര്‍ണമെന്റ്
ഡയറക്ടര്‍ രജീവ് മാനുവല്‍, സഞ്ജയ് അലക്‌സ്, കെ.എഫ്. ജോര്‍ജ്, ഒ.പി. ശ്രീ ഹര്‍ഷകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9847357247 നമ്പറില്‍ ബന്ധപ്പെടുക.

ആഗസ്റ്റ് 14: വിശുദ്ധ എവുസേബിയൂസ് രക്തസാക്ഷി

പലസ്തീനയില്‍ വച്ചു രക്തസാക്ഷിത്വമകുടം ചൂടിയ ഒരു റോമന്‍ പുരോഹിതനാണ് എവുസേബിയൂസ്. മാക്‌സിമിയന്‍ ചക്രവര്‍ത്തി പലസ്തീന സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ എവുസേബിയൂസ് എന്നൊരാള്‍ അത്യന്തം തീക്ഷ്ണതയോടെ ക്രിസ്തുവിനെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഒരാവലാതി സ്ഥലത്തേ ഗവര്‍ണ്ണര്‍ മാക്‌സെന്‍സിയൂസിനു ലഭിച്ചു. ഉടനടി അദ്ദേഹത്തെ അറസ്‌ററു ചെയ്തു മാക്സിമിയന്‍ ചക്രവര്‍ത്തിയുടെ അടുക്കല്‍ കൊണ്ടുവന്നു. ഒരു മഹാ ക്രൂരജന്തുവായിരുന്നു ചക്രവര്‍ത്തിയെങ്കിലും ഈ അപരിചിതന്റെ സ്വര്‍ഗ്ഗീയഭാവം അദ്ദേഹത്തെ സ്വല്പം ഒന്നു പരിഭ്രമിപ്പിച്ചു. എവുസേബിയൂസിനെ മോചിക്കുവാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും മനുഷ്യരെന്തു പറയുമെന്ന ഭയം അദ്ദേഹത്തെ ആ കരുണകരമായ നിലപാട് സ്വീകരിക്കാന്‍ അനുവദിച്ചില്ല.

ഉടനടി ഗവര്‍ണര്‍ മാക്‌സെന്‍സിയൂസ് എവുസേബിയൂസിനോടു ദേവന്മാരെ പൂജിക്കുവാന്‍ ആജ്ഞാപിച്ചു. അതിന് അദ്ദേഹം സന്നദ്ധനല്ലെന്നു കണ്ടപ്പോള്‍ ശിരസ്സുഛേദിച്ചു കളയാന്‍ ഉത്തരവിട്ടു. വിധി പ്രഖ്യാപനം കേട്ടയുടനെ എവുസേബിയൂസ് ഉറക്കെ വിളിച്ചു പറഞ്ഞു: ‘ഓ കര്‍ത്താവായ യേശുക്രിസ്തു, അങ്ങയുടെ കാരുണ്യത്തിനു ഞാന്‍ നന്ദി പറയുന്നു; അങ്ങയുടെ ശക്തിയെ ഞാന്‍ സ്തുതിക്കുന്നു. എന്റെ വിശ്വസ്തത പരിശോധിക്കാന്‍ അങ്ങ് എന്നെ വിളിച്ചപ്പോള്‍ അങ്ങയുടെ സ്വന്തം പോലെ എന്നെ അങ്ങു പരിഗണിച്ചിരിക്കുന്നു. അപ്പോള്‍ അദ്ദേഹം ഇങ്ങനെ ഒരു സ്വരം ശ്രവിച്ചു: ‘നീ സഹിക്കുവാന്‍ യോഗ്യനാണെന്നു കണ്ടില്ലായിരുന്നെങ്കില്‍, ക്രിസ്തുവിന്റെ ഭവനത്തില്‍ നീതിമാന്മാര്‍ക്കുള്ള സ്ഥാനങ്ങളിലേക്കു നീ പ്രവേശിക്കപ്പെടുകയില്ലായിരുന്നു.’കൊലക്കളത്തില്‍ വന്നപ്പോള്‍ അദ്ദേഹം മുട്ടുകുത്തി. ഉടനെ അദ്ദേഹത്തിന്റെ തല വെട്ടി താഴെയിട്ടു.

ആഗസ്റ്റ് 13: വിശുദ്ധ ജോണ്‍ ബെര്‍ക്കുമന്‍സ്

1599 മാര്‍ച്ച് 13-ാം തീയതി ലുവെയിന് അടുത്തുള്ള ഡീസ്‌ററ് എന്ന ഒരു ചെറിയ പട്ടണത്തില്‍ അള്‍ത്താര ശുശ്രൂഷികളുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ ബെര്‍ക്കുമന്‍സു ജനിച്ചു. ജെയിംസ് എന്ന ഒരു സഹോദരന്‍ ജോണിനെപ്പോലെ ഈശോ സഭയിലും മറെറാരു സഹോദരന്‍ അഡ്രിയന്‍ അഗുസ്‌ററീനിയന്‍ സഭയിലും ചേര്‍ന്നു. വിശുദ്ധ കുര്‍ബാനയോടും ദൈവമാതാവിനോടും ജോണിന് നല്ല ഭക്തി ഉണ്ടായിരുന്നുവെന്നല്ലാതെ അസാധാരണത്വമൊന്നും ചെറുപ്പത്തിലുണ്ടായിരുന്നില്ല. ജോണ്‍ പഠനത്തിനു സമര്‍ത്ഥനല്ലായിരുന്നുവെന്നു ചിലര്‍ പറയുന്നുണ്ടെങ്കിലും 13-ാമത്തെ വയസ്സില്‍ അവന്‍ നല്ല ലത്തീന്‍ കവിത എഴുതിയതായി കാണുന്നുണ്ട്. രോഗിണിയായ അമ്മയെ ശുശ്രൂഷിക്കുവാന്‍ ഒഴിവു സമയം മുഴുവന്‍ ജോണ്‍ മാറ്റിവച്ചിരുന്നു.

1615-ല്‍ മെര്‍ക്കലിനില്‍ ഈശോ സഭക്കാര്‍ ഒരു കോളേജ് ആരംഭിച്ചു. അതില്‍ പ്രഥമ വിദ്യാര്‍ത്ഥിയായി ചേര്‍ന്നതു ബെര്‍ക്കുമന്‍സാണ്; അതോടെ ബെര്‍ക്കുമന്‍സ് ഈശോ സഭയില്‍ ചേരാന്‍ നിശ്ചയിച്ചു. മകന്‍ ഒരിടവക വൈദികനായി കാണാന്‍ കൊതിച്ചിരുന്ന പിതാവ് കുറെ തടസ്സമുണ്ടാക്കിയെങ്കിലും 1616 സെപ്‌ററംബര്‍ 24-ാം തീയതി ജോണ്‍ ഈശോസഭ നൊവീഷ്യറ്റില്‍ ചേര്‍ന്നു. 1616 ഡിസംബര്‍ 1 ന് അമ്മ മരിച്ചു; 1618 ഏപ്രില്‍ 1 ന് പിതാവ് ഒരു വൈദികനായി. എന്നാല്‍ 8 മാസമേ ജീവിച്ചുള്ളൂ. ജോണ്‍ തത്വശാസ്ത്രം പഠിച്ചതു റോമയിലാണ്; അവിടെ ഒരു ദിവസം രണ്ടും മൂന്നും കുര്‍ബാനയ്ക്കു കൂടുമായിരുന്നു; എല്ലാവര്‍ക്കും വളരെ പ്രിയങ്കരനുമായിരുന്നു.

1621 ആഗസ്റ്റ് 5-ാം ന് ഒരു താത്വിക വാദപ്രതിവാദത്തിനുശേഷം ജോണിനു പനിപിടിച്ചു. 12-ാനു വിശുദ്ധ അലൂഷ്യസ്സിന്റെ ജീവചരിത്രം കുറേ ഭാഗം വായിച്ചുകേട്ടു. ജപമാലയും കുരിശുരൂപവും നിയമപുസ്തകവും കൈയില്‍ പിടിച്ചു കൊണ്ടു ജോണ്‍ പറഞ്ഞു: ‘ഇവയാണ് എന്റെ മൂന്നു നിധികള്‍; ഇവ കൈയില്‍ പിടിച്ചു മരിക്കാന്‍ ആഗ്രഹിക്കുന്നു. ‘പിറേറദിവസം വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറി. മരിക്കുന്നതിനുമുമ്പു വല്ല ഉപദേശവും സഹപാഠികള്‍ക്കു നല്കാനുണ്ടോ എന്നു റെക്ടറച്ചന്‍ ചോദിച്ചു. അദ്ദേഹം പ്രതിവചിച്ചു:’ ‘ഞാന്‍ ഈ ഭവനത്തില്‍ വന്നതിനുശേഷം മനസ്സറിവോടെയാതൊരു നിയമവും ലംഘിച്ചിട്ടില്ല.’

ആഗസ്റ്റ് 12: വിശുദ്ധ പൊര്‍ക്കാരിയൂസും സഹവിശുദ്ധരും

പ്രാചീന ബെനഡിക്ടന്‍ സന്യാസാശ്രമങ്ങളില്‍ പ്രസിദ്ധമായ ഒന്നായിരുന്നു ലെറിന്‍സു ദ്വീപിലെ ആശ്രമം. അനേകം വിശുദ്ധരെ ദാനം ചെയ്തിട്ടുള്ള ഈ ആശ്രമം ഫ്രാന്‍സിലെ പാവെന്‍സു ഡിസ്ട്രിക്ടിനു സമീപമാണു സ്ഥിതിചെയ്യുന്നത്. പൊര്‍ക്കാരിയൂസ് അതിന്റെ അധിപനായിരുന്നപ്പോള്‍ പ്രസ്തുത ആ ശ്രമത്തില്‍ അഞ്ഞൂറ് അംഗങ്ങളുണ്ടായിരുന്നു.

ക്രിസ്തുമതത്തിന്റെ ബദ്ധശത്രുക്കളായ കുറെയേറെ മുഹമ്മദീയര്‍ സ്‌പെയിനിലും കിഴക്കന്‍ യൂറോപ്പിലും ഉണ്ടായിരുന്നു. അവര്‍ സാരസെന്‍സ് എന്ന പേരിലാണ് അറിയപ്പെട്ടി രുന്നത്. ലെറിന്‍സിലെ ആബട്ടായിരുന്ന പൊര്‍ക്കാരിയൂസ് എങ്ങനെയോ മനസ്സിലാക്കി സാരസെന്‍സിന്റെ ഒരാക്രമണം ഉണ്ടാകുമെന്ന്. ഉടനെ അദ്ദേഹം ചെറുപ്പക്കാരായ സന്യാസികളേയെല്ലാം സുരക്ഷിത സങ്കേതങ്ങളിലേക്ക് അയച്ചു. പ്രതീക്ഷിച്ചതുപോലെ സാരസെന്‍സ് ആശ്രമം ആക്രമിക്കുകയും പൊര്‍ക്കാരിയൂസ് ഉള്‍പ്പെടെ അവിടെ ഉണ്ടായിരുന്ന സകലരേയും നിര്‍ദ്ദയം വധിക്കുകയും ചെയ്തു. എത്രപേരാണു വധിക്കപ്പെട്ട തെന്നു റോമന്‍ മര്‍ട്ടിറോളജി പറയുന്നില്ല. ഈദൃശ ചരിത്രസംഭവങ്ങളാണു മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്കുകാരണമായത്; അതിനാല്‍ത്തന്നെയാണു എക്കുമെനിസം അഥവാ മതങ്ങളുടെയും വിവിധ സഭകളുടെയും ഐക്യം എത്രയും ദുര്‍വഹമായി കാണപ്പെടുന്നത്.

ലോഗോസ് ക്വിസ് 2024 പരിശീലനം: ആഗസ്റ്റ് 11

ലൂക്ക 13, 14, 15 അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും.

അടുത്ത ആഴ്ചയിലെ (ആഗസ്റ്റ് 18) പഠനവിഷയം
ലൂക്ക 16, 2 കൊറിന്തോസ് 7, 8 അധ്യായങ്ങള്‍.

Exit mobile version